ജംഇയ്യത്ത് ഉലമായെ ഹിന്ദ് കേരള ഘടകത്തിന്റെ ഏകദിന തർബിയത്ത് സംഗമം പ്രൗഢമായി നടന്നു

എടത്തല: ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ ബഹുമുഖ പ്രവർത്തനങ്ങളെയും ലക്ഷ്യങ്ങളെയും പൊതുസമൂഹത്തിന് വിപുലമായി പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച ഏകദിന തർബിയത്ത് (പരിശീലന) പ്രോഗ്രാം പ്രൗഢോജ്ജ്വലമായി സമാപിച്ചു. പരിശുദ്ധ ഖുർആനിൽ നിന്നുള്ള മധുരതരമായ വചനങ്ങൾ പാരായണം ചെയ്തുകൊണ്ട് ഖാരിഅ് ഇർഫാൻ മൗലവി സംഗമത്തിന് തുടക്കം കുറിച്ചു. തുടർന്ന് ഹാഫിസ് ഹാറൂൻ സാഹിബ് ആലപിച്ച പ്രവാചക പ്രകീർത്തന കാവ്യം (നാഅ്ത്) സദസ്സിന് ആത്മീയ ചൈതന്യം പകർന്നു.

ജംഇയ്യത്ത് ഉലമായെ ഹിന്ദ് കേരള ജനറൽ സെക്രട്ടറി ഹാഫിസ് നൗഫൽ കൗസരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ, കേരള സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഇബ്രാഹീം സാഹിബ് സ്വാഗതം ആശംസിച്ചു. ജംഇയ്യത്ത് ഉലമായെ ഹിന്ദ് കർണാടക സെക്രട്ടറി മുഫ്‌തി ശംസുദ്ദീൻ ബജ‌ലി സാഹിബ് സംഗമം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും, ഉദ്ഘാടന പ്രസംഗം മുഫ്‌തി റജീബ് ഖാസിമി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു.

നിലവിലെ സാമൂഹിക സാഹചര്യത്തിൽ ജംഇയ്യത്തിന്റെ അനിവാര്യതയെക്കുറിച്ച് കേരള വൈസ് പ്രസിഡൻ്റ് അഡ്വ. റഫീഖ് സാഹിബും, സംഘടനയുടെ ഉദാത്തമായ കാഴ്‌ചപ്പാടുകളെക്കുറിച്ച് മുഫ്‌തി ശബാബ് കൗസരിയും സദസ്സിന് മുന്നിൽ വിശദീകരിച്ചു. തുടർന്ന് വിവിധ കർമ്മപദ്ധതികളെക്കുറിച്ചുള്ള പ്രസന്റേഷനുകൾ നടന്നു.

പ്രധാന കർമ്മപദ്ധതികളും വിഷയാവതരണങ്ങളും:

  • മോഡൽ വില്ലേജ്: ജില്ലകളെ മാതൃക ജില്ലകൾ ആക്കുന്നതിനുള്ള പ്രഥമ ചുവടുവെപ്പായ മഹല്ല് സർവ്വേയുടെ മെത്തഡോളജി മൗലവി ആബിദ് പോരുവഴി അവതരിപ്പിച്ചു.
  • മോഡൽ മസ്‌ജിദ് & ദീനി തഅ്ലീമി ബോർഡ്: സമൂഹത്തിന്റെ സമഗ്രമായ പ്രശ്‌നപരിഹാര വേദിയായി പള്ളികളെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘മോഡൽ മസ്‌ജിദ്’ ആശയവും ദീനി തഅ്ലീമി ബോർഡിന്റെ പ്രസന്റേഷനും ബാംഗ്ലൂരിൽ നിന്നുള്ള മൗലാനാ ഉമർ സാഹിബ് വിശദീകരിച്ചു.
  • മീഡിയാ പ്രസന്റേഷൻ: ജംഇയ്യത്ത് നാളിതുവരെ നിർവ്വഹിച്ച മാതൃകാപരമായ വിവിധ പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്‌കാരം ഹാഫിസ് ഹമ്മാദ് കൗസരി സദസ്സിന് മുന്നിൽ വിവരിച്ചു.
  • നിയമപരം (JEM): മുസ്ലിം ഉമ്മത്ത് നേരിടുന്ന സമകാലിക പ്രതിസന്ധികളെ തികച്ചും നിയമപരമായി തന്നെ നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അഡ്വക്കറ്റ് റഫീഖ് സാഹിബ് ഊന്നിപ്പറയുകയും, മൗലവി ആബിദ് പോരുവഴി JEM പ്രസന്റേഷൻ നടത്തുകയും ചെയ്തു.
  • സദുഭാവന മഞ്ച്: ഇതര മതസഹോദരങ്ങളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് സമൂഹത്തിൽ മതസൗഹാർദ്ദവും പരസ്‌പര വിശ്വാസവും ഊട്ടിയുറപ്പിക്കുന്നതിനുള്ള പദ്ധതി മൗലവി അസ്‌ജദ് ഹസനി പരിചയപ്പെടുത്തി.
  • ഇസ്ലാഹെ മുആഷറ: സമൂഹത്തിന്റെ സാംസ്‌കാരികവും ധാർമ്മികവുമായ ഉന്നമനം ലക്ഷ്യമാക്കുന്ന പദ്ധതി ഹാഫിസ് നൗഫൽ കൗസരി അവതരിപ്പിച്ചു.
  • റഫീഖ് (യുവജന ശാക്തീകരണം): യുവാക്കളുടെ കഴിവുകളെ സാമൂഹിക ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് മൗലവി അസ്ലം കൗസരി സംസാരിച്ചു.
  • ജംയ്യത്ത് ട്യൂഷൻ സെന്റർ: വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതി മൗലാനാ ഉമർ സാഹിബ് ബാംഗ്ലൂർ അവതരിപ്പിച്ചു.

വരാനിരിക്കുന്ന പ്രവർത്തനങ്ങളും ഗ്രൂപ്പ് തിരിക്കലും:

സംഗമത്തിൽ പങ്കെടുത്ത പ്രതിനിധികൾ ജില്ലാ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിഞ്ഞ്, വരാനിരിക്കുന്ന പ്രവർത്തനങ്ങളുടെ കൃത്യമായ ആസൂത്രണവും ചുമതലാ വിഭജനവും നടത്തി. വിവിധ പ്രൊജക്ടുകൾക്കായി സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നിന്നുള്ള ടാർഗെറ്റുകൾ കൃത്യമായി നിശ്ചയിച്ചു.

സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ഈ തർബിയത്ത് പ്രോഗ്രാം, പൊതുജന പങ്കാളിത്തത്തോടെ വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും വിപുലമായി നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. പരിപാടിയുടെ സമയവും സ്ഥലവും ജില്ലാ കമ്മിറ്റികൾ ചേർന്ന് ഉടൻ തന്നെ അറിയിക്കും.

സംസ്ഥാന പ്രസിഡൻ്റ് മൗലാനാ മുഹമ്മദ് ഇബ്രാഹീം സദസ്സിന് നന്ദി രേഖപ്പെടുത്തിയ യോഗം, കർണാടക സെക്രട്ടറി മൗലാനാ മുഫ്ത‌ി ശംസുദ്ദീൻ ബജ്‌ലി സാഹിബിന്റെ ദുആ യോടെ സമാപിച്ചു.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *