ഈദ് സന്ദേശം : ആത്മവിശുദ്ധിയുടെ നിലാവെളിച്ചം
ഹാഫിസ് നൗഫൽ കൗസരി
ഇസ്‌ലാഹേ മുആഷറ
ജംഇയ്യത് ഉലമായെ ഹിന്ദ് – കേരള
റമദാനിന്റെ പുണ്യദിനങ്ങളിൽ ജീവിതം സമർപ്പിച്ച് വ്രതശുദ്ധിയുടെ ധന്യമുഹൂർത്തങ്ങൾ പിന്നിട്ട് വിശ്വാസിലോകം ഈദുൽ ഫിത്തറിന്റെ ശവ്വാൽ ചന്ദ്രികയെ വരവേൽക്കുകയാണ്. ഈദ് കേവലം ആഹ്ലാദപ്രകടനങ്ങളുടെ ദിവസമല്ല; മറിച്ച് മനസ്സിന്റെ മരുഭൂമികളിൽ സ്നേഹത്തിന്റെ നീർച്ചാലുകൾ ഒഴുക്കി, അഹന്തയുടെ കരിങ്കല്ലുകളെ അലിയിച്ചു കളയുന്ന ആത്മീയ വിപ്ലവമാണ്. മുപ്പത് നാളത്തെ തപസ്യയിലൂടെ നേടിയെടുത്ത ഈ വിശുദ്ധി, കരിപുരണ്ട ലോകത്തിന് നേരെ പിടിച്ച തെളിഞ്ഞ കണ്ണാടിയായി മാറുന്നു.മനുഷ്യത്വം വറ്റിവരേണ്ട ഊഷരമായ മനസ്സുകളിൽ പ്രതീക്ഷയുടെ തെളിനീര് തെളിയിക്കുന്നതാണ് ഒരു വിശ്വാസി നേടിയെടുക്കുന്ന വ്രത വിശുദ്ധി.ആത്മസംസ്കരണത്തിന്റെ ഏറ്റവും ഉദാത്തമായ പ്രക്രിയയിലൂടെ കടന്നു വരികയാണ് റമളാനിലൂടെ ഓരോ വിശ്വാസികളും ചെയ്യുന്നത്.അതുതന്നെയാണ് നോമ്പുകാലത്തിന്റെ ലക്ഷ്യവും. “സത്യവിശ്വാസികളേ, നിങ്ങളുടെ മുൻഗാമികൾക്ക് നിർബന്ധമാക്കിയത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുന്നവരാകാൻ വേണ്ടി” (സൂറത്തുൽ ബഖറ: 183) എന്ന ഖുർആനിക സൂക്തം കേവലം ആഹാരവർജ്ജനത്തെയല്ല, മറിച്ച് ആത്മസംസ്കരണത്തിന്റെ ഉന്നതശ്രേണിയെയാണ് അടയാളപ്പെടുത്തുന്നത്.സഹ സൃഷ്ടികളുടെ വേദനകളും ഇല്ലായ്മകളും ജീവിതാനുഭവങ്ങളും തന്നിലേക്ക് ചേർത്ത് അനുഭവത്തിലൂടെ ആ വേദനയെ മനസ്സിലാക്കി സഹോദരസ്നേഹത്തിൻറെ ഉന്നത ഭാവമായ മാനവികതയുടെ ഊഷ്മളതയെ അനുഭവിച്ചറിയുകയാണ് വൃത നാളുകളിലൂടെ ഓരോ വിശ്വാസിയും.
ചരിത്രത്തിന്റെ ഏടുകളിലേക്ക് കണ്ണോടിച്ചാൽ, ഹിജ്റ രണ്ടാം വർഷത്തിന്റെ ആദ്യ പാദത്തിലാണ് ആദ്യത്തെ പെരുന്നാൾ പിറവി കൊള്ളുന്നത്. മദീനയുടെ മണ്ണിൽ പ്രവാചകൻ മുഹമ്മദ് നബി (സ) എത്തുമ്പോൾ അവിടെ നിലനിന്നിരുന്ന നൈറുസ് മഹർജാൻ എന്ന പ്രാദേശിക വിനോദോത്സവങ്ങൾക്ക് പകരമായി, ആത്മീയതയും സാമൂഹിക നീതിയും ഇഴചേർത്തുവെച്ച രണ്ട് പെരുന്നാൾ സുദിനങ്ങൾ അല്ലാഹു നിശ്ചയിച്ചു നൽകി. പൗരാണിക മദീനയിലെ തെരുവുകളിൽ അന്ന് മുഴങ്ങിക്കേട്ട ആ തക്ബീർ ധ്വനികൾ ഒരേസമയം അല്ലാഹുവിൻറെ മഹത്വവും മനുഷ്യന്റെ വിനയവുമാണ് പ്രഖ്യാപിച്ചത്.അതിൻറെ പ്രകമ്പനം ലോകം മുഴുവനും അലയടിക്കുകയും ചെയ്തു. പ്രവാചക കാലത്തെ പെരുന്നാൾ സ്നേഹത്തിന്റെ വലിയൊരു പാഠശാലയായിരുന്നു. ഒരിക്കൽ പെരുന്നാൾ നിസ്കാരം കഴിഞ്ഞ് മടങ്ങുമ്പോൾ വഴിയിൽ കരഞ്ഞിരുന്ന ഒരു അനാഥ ബാലനെ കണ്ട പ്രവാചകൻ അവനെ ചേർത്തുപിടിക്കുകയും “ഇന്ന് മുതൽ ഞാൻ നിന്റെ പിതാവും ആയിഷ നിന്റെ മാതാവുമാണ്” എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയും ചെയ്ത ചരിത്രം ഇന്നും വിശ്വാസികളുടെ ഉൾത്തടങ്ങളെ ഈറനണിയിക്കുന്ന ഓർമ്മയാണ്. സ്വന്തം വീട്ടിലെ സന്തോഷം മറ്റുള്ളവരിലേക്ക് പടരുമ്പോഴാണ് ആഘോഷം പൂർണ്ണമാകുന്നത് എന്ന് ആ മുഹൂർത്തം ലോകത്തെ പഠിപ്പിച്ചു.അല്ലെങ്കിലും നമ്മുടെ കൂടെയുള്ളവർ വിഷമിച്ചിട്ട് നമുക്ക് എന്ത് സന്തോഷമാണ്! അത്തരം സന്തോഷങ്ങൾക്ക് എന്ത് പ്രസക്തിയാണ്!
കേരളീയ പശ്ചാത്തലത്തിൽ പെരുന്നാൾ എന്നത് ഒരു മതവിഭാഗത്തിന്റെ മാത്രം ആഘോഷമല്ല; അത് മലയാളിയുടെ സാംസ്കാരിക തനിമയുടെ ഭാഗമാണ്. മാപ്പിളപ്പാട്ടുകളിലെ ഇശലുകൾ പോലെ സുന്ദരമാണ് നമ്മുടെ പെരുന്നാൾ കാലം. പള്ളിമുറ്റത്തെ തക്ബീറുകൾ അമ്പലപ്പറമ്പിലെ ഉത്സവാരവങ്ങളോട് കലഹിക്കാതെ, അനുപൂരകങ്ങളായി നിലകൊള്ളുന്ന കേരളത്തിന്റെ മണ്ണ് മാനവസൗഹാർദ്ദത്തിന്റെ വലിയൊരു ഈദ്‌ഗാഹാണ്. വൈലോപ്പിള്ളിയുടെയും വള്ളത്തോളിന്റെയും ഇടശ്ശേരിയുടെയും എല്ലാം കവിതകളിലെ മാനവികത പോലെയും പരസ്പര സൗഹൃദം പോലെയും ഊഷ്മളമായ ഒരു സ്നേഹബന്ധം നമ്മുടെ ആഘോഷങ്ങൾക്കുണ്ട്.ഈ മണ്ണിൽ ജീവിക്കുന്ന മനുഷ്യർക്കുണ്ട്.അത് നിർമ്മിച്ചുണ്ടാക്കിയെടുക്കുന്നതല്ല. അതീ മണ്ണിൽ ജനിച്ച് വീണവരുടെ നൈസർഗികതയാണ്. “മനുഷ്യൻ മനുഷ്യനെ സ്നേഹിക്കണം” എന്ന ലളിത സുന്ദരമായ ദർശനം പെരുന്നാൾ സന്ദേശത്തിൻ്റെ നറുമണമായി ഓരോ മലയാളി വീട്ടിലും എത്താറുണ്ട്. ജാതിമത ഭേദമന്യേ കൈമാറുന്ന ഈ സ്നേഹമധുരം നമുക്കിടയിൽ വിഭജനത്തിന്റെ മതിലുകൾ പണിയുന്നവർക്കുള്ള സമാധാനത്തിന്റെ മറുപടിയാണ്.
എന്നാൽ, ഇന്നത്തെ ആഗോള സാഹചര്യം ഈ ആഘോഷത്തിനിടയിലും നമ്മുടെ ഹൃദയങ്ങളിൽ കനലുകൾ കോരിയിടുന്നു. ഇറാനും അമേരിക്കയും ഇസ്രയേലും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങളുടെയും യുദ്ധഭീഷണിയുടെയും കരിനിഴലിൽ പശ്ചിമേഷ്യയും ലോകമാകെയും വീർപ്പുമുട്ടുമ്പോൾ, സമാധാനത്തിന്റെ ഈ പ്രാർത്ഥനകൾക്ക് വളരെ ഗൗരവകരമായ പ്രസക്തിയേറുന്നു. നമ്മുടെ ഉപജീവനത്തിന്റെ തണലിടമായ ജിസിസി രാജ്യങ്ങളിലെ വിശ്വാസികൾ നേരിടുന്ന ആശങ്കകളും പ്രതിസന്ധികളും ഓരോ മലയാളി കുടുംബത്തിന്റെയും പ്രാർത്ഥനകളിൽ നിറയേണ്ടതുണ്ട്. ആയുധങ്ങൾക്കല്ല, മറിച്ച് പ്രാർത്ഥനയുടെയും ആത്മീയമായ ഐക്യത്തിനാണ് ലോകത്തെ രക്ഷിക്കാൻ കഴിയുക. പശ്ചിമേഷ്യയിലെ സംഘർഷഭൂമികളിൽ വിറങ്ങലിച്ചു നിൽക്കുന്ന മനുഷ്യരുടെ വേദനകളിൽ പങ്കുചേർന്നുകൊണ്ടാവണം നമ്മുടെ ഈ ഈദ്.
ഡിജിറ്റൽ യുഗത്തിൽ പെരുന്നാൾ ആഘോഷങ്ങൾക്കും മാറ്റങ്ങൾ വന്നിട്ടുണ്ട്. ദൂരദേശങ്ങളിലുള്ള പ്രിയപ്പെട്ടവരെ വീഡിയോ കോളുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ചേർത്തുപിടിക്കുമ്പോഴും, നേരിട്ടുള്ള ഹസ്തദാനത്തിന്റെയും കെട്ടിപ്പിടുത്തത്തിന്റെയും ഊഷ്മളത നഷ്ടപ്പെടാതെ നാം സൂക്ഷിക്കണം. റമദാനിൽ ശീലിച്ച കൃത്യനിഷ്ഠയും ഭക്ഷണത്തിലെ മിതത്വവും വാക്കുകളിലെ ശുദ്ധിയും പെരുന്നാളിന് ശേഷവും ജീവിതത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്. “റമദാനിന്റെ നാഥൻ തന്നെയാണ് മറ്റു മാസങ്ങളുടെയും നാഥൻ” എന്ന ബോധ്യം വിശ്വാസിയെ വർഷം മുഴുവൻ സച്ചരിതനായി ജീവിക്കാൻ പ്രേരിപ്പിക്കുന്നു. ഗസ്സയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും യുദ്ധക്കെടുതി അനുഭവിക്കുന്ന മനുഷ്യരുടെ വേദനകളെ കൂടി സ്മരിച്ചുകൊണ്ടാവണം നമ്മുടെ ആഘോഷങ്ങൾ. ആഘോഷം എന്നാൽ അർമ്മാദമല്ല, മറിച്ച് വേദനിക്കുന്നവന്റെ കണ്ണുനീരൊപ്പുക എന്ന മാനവിക ധർമ്മം കൂടിയാണെന്ന് തിരിച്ചറിയുമ്പോഴാണ് ആത്മവിശുദ്ധിയുടെ ഈ പെരുന്നാൾ അർത്ഥപൂർണ്ണമാകുന്നത്. ഈദുൽ ഫിത്തറിന്റെ ആധുനിക പ്രസക്തി കേവലം ആചാരപരമായ ചടങ്ങുകളിലല്ല, മറിച്ച് അത് മുന്നോട്ടുവെക്കുന്ന സാമ്പത്തിക നീതിയിലും കൂടിയാണ് ‘ പെരുന്നാൾ നിസ്കാരത്തിന് മുൻപായി നിർബന്ധമായും നൽകേണ്ട ‘സകാത്തുൽ ഫിത്തർ’ ഒരു സാമൂഹിക സുരക്ഷാ പദ്ധതിയാണ്. ലോകത്തിന്റെ ഏത് കോണിലായാലും ഒരു വിശ്വാസി പോലും അന്ന് പട്ടിണി കിടക്കരുത് എന്ന ഇസ്‌ലാമിക നിയമം ആഗോളതലത്തിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള വലിയൊരു പ്രായോഗിക മാതൃകയാണ്. സമ്പന്നനും ദരിദ്രനും തമ്മിലുള്ള അകലം കുറയ്ക്കുന്ന ഈ ഉദാരത, നവയുഗത്തിലെ സാമ്പത്തിക അസമത്വങ്ങൾക്കെതിരെയുള്ള കൃത്യമായ സന്ദേശം കൂടിയാണ്. വംശീയതയും വർഗീയതയും ലോകത്തെ വിഭജിക്കുമ്പോൾ, ഒരേ വരിയിൽ നിന്ന് ഒരേ ലക്ഷ്യത്തിലേക്ക് പ്രാർത്ഥിക്കുന്ന വിശ്വാസികൾ വിദ്വേഷത്തിനെതിരെയുള്ള സ്നേഹത്തിന്റെ മതിലായി മാറുന്നു.പുത്തൻ വസ്ത്രത്തേക്കാൾ ഉപരിയായി, റമദാൻ പഠിപ്പിച്ച മിതത്വവും ആത്മനിയന്ത്രണവും വരും നാളുകളിലും ജീവിതശൈലിയായി മാറ്റാൻ നമുക്ക് സാധിക്കണം. വിദ്വേഷത്തിന്റെ വേനൽ കത്തുമ്പോൾ സ്നേഹത്തിന്റെ കുളിർമഴയാകാനും, ഇരുട്ട് നിറഞ്ഞ മനസ്സുകളിൽ പ്രത്യാശയുടെ തിരിനാളമാകാനും ഈ പെരുന്നാൾ നമുക്ക് പ്രചോദനമാകട്ടെ. മണ്ണിലെ സങ്കുചിത ചിന്തകൾ വെടിഞ്ഞ്, വിണ്ണിലെ ചന്ദ്രിക പോലെ തെളിഞ്ഞ മനസ്സുമായി ലോകത്തിന് മുഴുവൻ ‘ഈദ് മുബാറക്’ നേരാം.
