വിരൽത്തുമ്പിലെ മഷി; പരലോകത്തെ സാക്ഷ്യം! 🗳️

ജനാധിപത്യത്തിന്റെ മഷി അടയാളം ചൂണ്ടുവിരലിൽ പതിയുന്നതിന് മുമ്പ് നമുക്കൊന്നാലോചിക്കാം.

​ഇസ്‌ലാമിൽ അമാനത്ത് എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ഒരു ജനാധിപത്യ പ്രക്രിയയിൽ വോട്ട് എന്നത് കേവലം ഒരു അവകാശമല്ല, മറിച്ച് അല്ലാഹുവിന്റെ മുൻപിൽ നാം നൽകുന്ന സാക്ഷ്യപ്പെടുത്തലും നമുക്ക് നൽകപ്പെട്ട ഉത്തരവാദിത്തവുമാണ്.
​ അല്ലാഹു പറയുന്നു.
​അർഹരായവർക്ക് അമാനത്തുകൾ കൈമാറണമെന്ന് ഖുർആൻ കൃത്യമായി നിർദ്ദേശിക്കുന്നു:
​إِنَّ اللَّهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا
“തീർച്ചയായും അമാനത്തുകൾ (വിശ്വസിച്ചേൽപിക്കപ്പെട്ടവ) അവയുടെ ഉടമസ്ഥർക്ക് (അഥവാ അർഹരായവർക്ക്) നിങ്ങൾ നൽകണമെന്ന് അല്ലാഹു നിങ്ങളോട് കൽപിക്കുന്നു.” (സൂറത്തുന്നിസാഅ്: 58)
​നാം വോട്ട് ചെയ്യുമ്പോൾ സത്യസന്ധമായ സാക്ഷ്യമാണ് നൽകേണ്ടത്. അയോഗ്യർക്ക് വോട്ട് ചെയ്യുന്നത് അല്ലാഹു വിലക്കിയ വ്യാജസാക്ഷ്യത്തിന് തുല്യമാണ്:
​وَأَقِيمُوا الشَّهَادَةَ لِلَّهِ
“…നിങ്ങൾ അല്ലാഹുവിന് വേണ്ടി സാക്ഷ്യം ശരിയായി നിർവ്വഹിക്കുക.” (സൂറത്തു ത്വലാഖ്: 2)

​അമാനത്ത് സംരക്ഷിക്കൽ വിശ്വാസത്തിന്റെ ഭാഗമാണ്:
​لَا إِيمَانَ لِمَنْ لَا أَمَانَةَ لَهُ، وَلَا دِينَ لِمَنْ لَا عَهْدَ لَهُ
“അമാനത്ത് (വിശ്വസ്തത) ഇല്ലാത്തവന് ഈമാനില്ല (വിശ്വാസമില്ല). കരാർ പാലിക്കാത്തവന് ദീനുമില്ല.” (അഹ്‌മദ്)
വോട്ട് എന്നത് നാടിന്റെ ഭരണാധികാരത്തെ സംബന്ധിച്ച വലിയൊരു അമാനത്തായതുകൊണ്ട് തന്നെ അത് പാഴാക്കുന്നത് വിശ്വാസത്തിന് പോരായ്മയാണ്.

​كُلُّكُمْ رَاعٍ، وَكُلُّكُمْ مَسْؤُولٌ عَنْ رَعِيَّتِهِ
“നിങ്ങളെല്ലാവരും ഭരണാധികാരികളാണ് (ഉത്തരവാദിത്തപ്പെട്ടവർ). ഓരോരുത്തരും തനിക്ക് കീഴിലുള്ളവരെ കുറിച്ച് ചോദ്യം ചെയ്യപ്പെടും.” (ബുഖാരി, മുസ്‌ലിം)
ഒരു വോട്ടർ എന്ന നിലയിൽ നമ്മുടെ വോട്ടിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർ ചെയ്യുന്ന പ്രവർത്തികളിൽ നമുക്കും പങ്കുണ്ട്. അതിനാൽ നമ്മുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് നാം ചോദ്യം ചെയ്യപ്പെടും.
​അർഹതയില്ലാത്തവർക്ക് അധികാരം നൽകുന്നത്:
​إِذَا ضُيِّعَتِ الأَمَانَةُ فَانْتَظِرِ السَّاعَةَ. قَالَ: كَيْفَ إِضَاعَتُهَا؟ قَالَ: إِذَا وُسِّدَ الأَمْرُ إِلَى غَيْرِ أَهْلِهِ فَانْتَظِرِ السَّاعَةَ
“അമാനത്ത് നഷ്ടപ്പെടുത്തിയാൽ നീ അന്ത്യനാളിനെ പ്രതീക്ഷിച്ചുകൊള്ളുക. അത് എങ്ങനെയാണ് നഷ്ടപ്പെടുത്തുക എന്ന് ചോദിക്കപ്പെട്ടപ്പോൾ പ്രവാചകൻ പറഞ്ഞു: കാര്യങ്ങൾ അർഹതയില്ലാത്തവർക്ക് നൽകപ്പെട്ടാൽ നീ അന്ത്യനാളിനെ പ്രതീക്ഷിച്ചുകൊള്ളുക.” (ബുഖാരി)
ഒരു സ്ഥാനത്തേക്ക് ഏറ്റവും യോഗ്യനായ ആളെ മാറ്റിനിർത്തി അയോഗ്യനായ ആൾക്ക് വോട്ട് നൽകുന്നത് അമാനത്ത് നശിപ്പിക്കലാണ്.

​വോട്ട് എന്നത് കേവലം ഒരു രാഷ്ട്രീയ പ്രവർത്തനമല്ല, മറിച്ച് പരലോകത്ത് കണക്കു പറയേണ്ടി വരുന്ന വലിയൊരു വിശ്വസ്തതയാണ്. അഴിമതിക്കും അനീതിക്കും കൂട്ടുനിൽക്കുന്നവർക്ക് വോട്ട് നൽകുന്നത് അമാനത്ത് വഞ്ചിക്കലാണ്. നമ്മുടെ വോട്ട് നാടിന്റെ നന്മയ്ക്കും നീതിക്കും വേണ്ടിയുള്ള സാക്ഷ്യപ്പെടുത്തലായി മാറട്ടെ.

✍️മുഫ്‌തി ശബാബ് കൗസരി

കൂടുതൽ വിവരങ്ങൾക്കും ജംഇയ്യത്തിന്റെ സേവന പ്രവർത്തനങ്ങൾക്കുമായി സന്ദർശിക്കുക:

🌐 Website: www.jamiatkerala.org
📍 Jamiat Ulama-i-Hind Kerala
Service to Humanity, Obedience to Almighty

Similar Posts

Leave a Reply

Your email address will not be published. Required fields are marked *