വിടവാങ്ങുന്ന റമദാനും അമൂല്യമായ അവസാന പത്തും

റമദാനിലെ പകലുകളും രാവുകളും അതിവേഗം വിടപറയുകയാണ്. കരുണയുടെ ആദ്യ പത്തും പാപമോചനത്തിന്റെ മധ്യ പത്തും നമ്മെ കടന്നുപോയിരിക്കുന്നു. ഇനി അവശേഷിക്കുന്നത് റമദാനിന്റെ മൂന്നിലൊന്നു ഭാഗം മാത്രം—അവസാന പത്തു ദിനങ്ങൾ. റമദാൻ മാസം മാസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമാണെന്ന് പണ്ഡിതർ ഏകകണ്ഠമായി അഭിപ്രായപ്പെടുമ്പോൾ, റമദാനിലെ ഏറ്റവും ഉത്തമമായ സമയം ഈ അവസാന പത്തു ദിനങ്ങളാണെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. നന്മകളുടെ സാരവും പുണ്യങ്ങളുടെ പൊരുളുമാണീ ദിനങ്ങൾ. ഇതിലെ ഏറ്റവും മഹത്തരമായ ‘ലൈലത്തുൽ ഖദ്ർ’ ആകട്ടെ, ലോകത്തെ തന്നെ ഏറ്റവും ശ്രേഷ്ഠമായ രാവാണ്. റമദാൻ വിടവാങ്ങാൻ ഒരുങ്ങുമ്പോൾ ഒരു ഭാഗ്യവാനായ വിശ്വാസി തിരിച്ചറിയേണ്ടത് “ശുഭകരമായ പരിസമാപ്തി (ഹുസ്നുൽ ഖാതിമ) മുൻപത്തെ വീഴ്ചകളെ മായ്ച്ചുകളയും” എന്ന സത്യമാണ്. നമ്മുടെ കർമ്മങ്ങളുടെ പുണ്യം ഒരുപക്ഷേ ഈ അവസാന നിമിഷങ്ങളിലാവാം ഒളിഞ്ഞുകിടക്കുന്നത്. കാരണം, കർമ്മങ്ങൾ അതിന്റെ അവസാനത്തെ അടിസ്ഥാനപ്പെടുത്തിയാണല്ലോ വിലയിരുത്തപ്പെടുന്നത്.

അവസരങ്ങൾ മുതലെടുക്കുന്നവർ

ജീവിതത്തിൽ നമുക്ക് ചില സുവർണ്ണാവസരങ്ങൾ ലഭിക്കും. അത് മുതലെടുക്കുന്നവരാണ് യഥാർത്ഥ ഭാഗ്യവാന്മാർ. പ്രവാചകൻ (സ) പറയുന്നു:

“നിങ്ങളുടെ നാഥനിൽ നിന്നുള്ള പ്രത്യേക അനുഗ്രഹ വർഷങ്ങൾ (നഫഹാത്) നിങ്ങളുടെ കാലഘട്ടത്തിലെ ചില ദിവസങ്ങളിലുണ്ട്. അതിനാൽ നിങ്ങൾ ആ സന്ദർഭങ്ങളെ ലക്ഷ്യം വെക്കുക (അതിനായി തയ്യാറെടുക്കുക). ആ അനുഗ്രഹങ്ങളിൽ ഒന്ന് നിങ്ങളെ സ്പർശിച്ചാൽ പിന്നീട് ഒരിക്കലും നിങ്ങൾ പരാജയപ്പെടുകയില്ല.” (ത്വബറാനി).

ഇമാം ഖതാദ (റ) പറയുന്നു:

“തീർച്ചയായും അല്ലാഹു തന്റെ സൃഷ്ടികളിൽ നിന്ന് ചിലതിനെ തിരഞ്ഞെടുത്തിരിക്കുന്നു. മലക്കുകളിൽ നിന്നും മനുഷ്യരിൽ നിന്നും അവൻ ദൂതന്മാരെ തിരഞ്ഞെടുത്തു. സംസാരങ്ങളിൽ നിന്ന് അവന്റെ സ്മരണയെ (ദിക്ർ) തിരഞ്ഞെടുത്തു. ഭൂമിയിൽ നിന്ന് മസ്ജിദുകളെയും, മാസങ്ങളിൽ നിന്ന് റമദാനിനെയും, ദിവസങ്ങളിൽ നിന്ന് വെള്ളിയാഴ്ചയെയും അവൻ ശ്രേഷ്ഠമാക്കി.” (തഫ്സീർ ഇബ്നു കസീർ).

ഇത്തരത്തിൽ പ്രത്യേകതയുള്ള സമയങ്ങളിൽ ഏറ്റവും സുപ്രധാനമായതാണ് റമളാനിലെ അവസാനത്തെ ദിനങ്ങൾ. ഒരു മനുഷ്യന് ലഭിക്കുന്ന ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ അവസരങ്ങളും അതുതന്നെയാണ്. റമദാനിലെ ഈ സുവർണ്ണാവസരങ്ങളെ എങ്ങനെ വിനിയോഗിക്കണമെന്ന് മുൻഗാമികളായ പണ്ഡിതന്മാർ നമ്മെ പഠിപ്പിക്കുന്നുണ്ട്.

അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് ഇബ്നുൽ ഖയ്യിം അൽ ജൗസി (റ) നൽകുന്ന താക്കീത് ശ്രദ്ധേയമാണ്:

“സമയം പാഴാക്കുന്നത് മരണത്തേക്കാൾ കഠിനമാണ്. കാരണം സമയം പാഴാക്കുന്നത് നിന്നെ അല്ലാഹുവിൽ നിന്നും പരലോകത്ത് നിന്നും അകറ്റുന്നു. എന്നാൽ മരണം നിന്നെ ദുനിയാവിൽ നിന്നും അതിലെ ആളുകളിൽ നിന്നും മാത്രമാണ് അകറ്റുന്നത്.” ഇമാം ഇബ്നു റജബ് അൽ ഹൻബലി (റ) അവസാന പത്തിനെ കുറിച്ച് തന്റെ ‘ലത്വാഇഫുൽ മആരിഫ്’ എന്ന ഗ്രന്ഥത്തിൽ പറയുന്നു: “ഹേ, തന്റെ ആയുസ്സ് കാര്യമായ ഒന്നുമില്ലാതെ പാഴാക്കിയവനേ, ലൈലത്തുൽ ഖദ്റിലൂടെ നിനക്ക് നഷ്ടപ്പെട്ടത് നീ തിരിച്ചുപിടിക്കുക. തീർച്ചയായും അത് ഒരു ദീർഘമായ ആയുസ്സിന് തുല്യമാണ്.”

അവസാന പത്തിന്റെ പ്രത്യേകതകളും നബി (സ) യുടെ ചര്യയും

അല്ലാഹു ഈ പത്തു ദിനങ്ങൾക്ക് മറ്റൊന്നിനുമില്ലാത്ത സവിശേഷതകളും പ്രതിഫലങ്ങളും നൽകിയിട്ടുണ്ട്. പ്രവാചകൻ (സ) തന്റെ ജീവിതത്തിൽ മറ്റു സമയങ്ങളിൽ ചെയ്യാത്ത പല കാര്യങ്ങളും ഈ പത്തു ദിനങ്ങളിൽ പ്രത്യേകം അനുഷ്ഠിക്കാറുണ്ടായിരുന്നു. അവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്:

1. ആരാധനകളിലെ പരിശ്രമം അവസാന പത്തു ദിനങ്ങളിൽ പ്രവാചകൻ (സ) മറ്റു ദിവസങ്ങളേക്കാൾ കൂടുതൽ ഇബാദത്തുകളിൽ മുഴുകുമായിരുന്നു. ആയിഷ (റ) നിവേദനം ചെയ്യുന്നു: “റസൂലുല്ലാഹി (സ) അവസാന പത്തു ദിനങ്ങളിൽ പരിശ്രമിക്കുന്നത് പോലെ മറ്റൊരിക്കലും പരിശ്രമിക്കാറുണ്ടായിരുന്നില്ല.” (മുസ്ലിം). അവസാന ദിനങ്ങളിൽ ഇബാദത്തുകളിൽ സ്വയം മുഴുകുന്നതിനൊപ്പം തന്നെ കുടുംബത്തെയും കൂടെയുള്ളവരെയും പ്രവാചകൻ (സ) വിളിച്ചുണർത്തുമായിരുന്നു. അവരെയും ഇബാദത്തുകളിൽ പങ്കെടുപ്പിക്കുമായിരുന്നു.

ഈ രാവുകളിൽ ഉറക്കമൊഴിച്ച് ആരാധനകളിൽ പ്രവാചകൻ (സ) മുഴുകുമായിരുന്നു. ആയിഷ (റ) പറയുന്നു: “അവസാന പത്തു ദിനമായാൽ പ്രവാചകൻ (സ) രാത്രിയെ സജീവമാക്കും, വീട്ടുകാരെ വിളിച്ചുണർത്തും, ആരാധനയ്ക്കായി അരമുറുക്കി തയ്യാറെടുക്കും.” (മുസ്ലിം). പ്രാർത്ഥിക്കാനും അല്ലാഹുവെ സ്മരിക്കാനും തന്റെ കുടുംബത്തെ ഉണർത്തുന്നതിൽ പ്രവാചകൻ അങ്ങേയറ്റം ശ്രദ്ധാലുവായിരുന്നു. ഇബ്നു റജബ് പറയുന്നു: “പ്രാർത്ഥിക്കാൻ ശേഷിയുള്ള തന്റെ കുടുംബത്തിലെ ഒരാളെയും ഉണർത്താതെ പ്രവാചകൻ വിടാറുണ്ടായിരുന്നില്ല.” ‘അരമുറുക്കി ഉടുക്കുക’ എന്നത് ആരാധനകളിലെ നിശ്ചയദാർഢ്യത്തെയും ഭൗതിക സുഖങ്ങളിൽ നിന്നുള്ള വിട്ടുനിൽക്കലിനെയുമാണ് സൂചിപ്പിക്കുന്നത്.

2. ഇഅ്തികാഫ് ആയിഷ (റ) നിവേദനം ചെയ്യുന്നു: “നബി (സ) മരിക്കുന്നത് വരെ റമദാനിലെ അവസാന പത്തു ദിനങ്ങളിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബി തങ്ങൾക്ക് ശേഷം തങ്ങളുടെ പത്നിമാരും അത് തുടർന്നു.” പ്രവാചകൻ (സ) തന്റെ അന്ത്യം വരെ ഇത് പതിവാക്കിയിരുന്നു. ഭൗതിക ചിന്തകളിൽ നിന്ന് മനസ്സിനെ മോചിപ്പിച്ചും അല്ലാഹുവിലേക്ക് മാത്രം തിരിയുന്ന ഉന്നതമായ ആരാധനയാണിത്. പള്ളിയിൽ പ്രാർത്ഥനാപൂർവ്വം കഴിഞ്ഞുകൂടുക എന്നതാണ് ഇതിന്റെ സാരം. ഭൗതിക സുഖങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരാൾ തന്റെ ഏകാന്തതയ്ക്കും പ്രാർത്ഥനയ്ക്കും ഭംഗം വരുത്തുന്ന സന്ദർശകരെ ഒഴിവാക്കി അല്ലാഹുവുമായുള്ള സാമീപ്യം വർദ്ധിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.

3. സമയം പാഴാക്കാതിരിക്കൽ പ്രവാചകൻ (സ) വിസാൽ (തുടർച്ചയായി നോമ്പ് നോൽക്കുന്നത്) വിലക്കി. അപ്പോൾ ഒരാൾ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, അങ്ങ് വിസാൽ അനുഷ്ഠിക്കാറുണ്ടല്ലോ?” പ്രവാചകൻ മറുപടി നൽകി: “നിങ്ങളിൽ ആരുണ്ട് എന്നെപ്പോലെ! എന്റെ രക്ഷിതാവ് എനിക്ക് ആഹാരവും പാനീയവും നൽകി എന്നെ താമസിപ്പിക്കുന്നു.” (ബുഖാരി, മുസ്ലിം). ഇവിടെ ഉദ്ദേശിക്കുന്നത് ഭൗതികമായ ആഹാരമല്ല, മറിച്ച് ആത്മീയമായ ഊർജ്ജവും അല്ലാഹുവിൽ നിന്നുള്ള വെളിപാടുകളുമാണ്. ഇത് നബി തങ്ങൾക്ക് മാത്രം പ്രത്യേകമായതാണ്. തന്റെ സമയം ഒട്ടും പാഴാക്കാതെ, ഉറക്കിലും ഭക്ഷണത്തിലും പോലും അല്ലാഹുവിന്റെ ചിന്തയിൽ മുഴുകാനാണ് പ്രവാചകൻ (സ) ശ്രമിച്ചത്.

4. ലൈലത്തുൽ ഖദ്റിനെ തേടൽ നബി (സ) ഇത്രയേറെ ആരാധനകളിൽ മുഴുകിയത് ‘ലൈലത്തുൽ ഖദ്ർ’ എന്ന പുണ്യരാവിനെ കാത്തിരുന്നുകൊണ്ടാണ്. ആയിരം മാസത്തേക്കാൾ പുണ്യമുള്ള രാവാണതെന്ന് അല്ലാഹു ഖുർആനിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രാവിലാണ് വരാനിരിക്കുന്ന ഒരു വർഷത്തെ കാര്യങ്ങൾ നിശ്ചയിക്കപ്പെടുന്നത്. ആയുസ്സും ആരോഗ്യവും ജീവിതവും മരണവുമെല്ലാം ഇതിൽ വേർതിരിച്ചു വിവരിക്കപ്പെടുന്നു.

ആകാശവാതിലുകൾ തുറക്കപ്പെടുന്ന, പ്രാർത്ഥനകൾക്ക് മറുപടി ലഭിക്കുന്ന, ശാന്തിയും സമാധാനവും ഭൂമിയിലേക്ക് ഇറങ്ങിവരുന്ന രാവാണിത്. പ്രഭാതോദയം വരെ അത് സമാധാനമാകുന്നു. ഈ പുണ്യരാവിനെ അവസാന പത്തിലെ ഒറ്റയൊറ്റ രാവുകളിൽ പ്രതീക്ഷിക്കാനാണ് പ്രവാചകൻ കല്പിച്ചത്.

  • ആയിഷ (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: “നിങ്ങൾ റമദാനിലെ അവസാന പത്തിലെ ഒറ്റയൊറ്റ രാവുകളിൽ ലൈലത്തുൽ ഖദ്റിനെ തിരയുക.” (ബുഖാരി).
  • ഇബ്നു ഉമർ (റ) നിവേദനം ചെയ്യുന്നു: നബി (സ) പറഞ്ഞു: “നിങ്ങൾ ലൈലത്തുൽ ഖദ്റിനെ റമദാനിന്റെ അവസാന പത്തിൽ തിരയുക. അല്ലെങ്കിൽ അവസാന ഏഴു രാത്രികളിൽ അതിനെ തിരയുക.” (മുസ്ലിം: 1165).

ഇമാം ഇബ്നുൽ ഖയ്യിം അൽ ജൗസി (റ) പറഞ്ഞു: “ലൈലത്തുൽ ഖദ്ർ വർഷത്തിൽ ഒരു രാത്രി മാത്രമായിരുന്നുവെങ്കിൽ പോലും അത് ലഭിക്കാനായി ഞാൻ വർഷം മുഴുവൻ രാത്രി ഉറക്കമൊഴിച്ച് പ്രാർത്ഥിക്കുമായിരുന്നു. അപ്പോൾ വെറും പത്തു രാത്രികളുടെ കാര്യം പറയേണ്ടതുണ്ടോ?” (ബദാഇഉൽ ഫവാഇദ്).

ഇബ്നു റജബ് അൽ ഹമ്പലി (റ) നൽകുന്ന ഹൃദയസ്പർശിയായ ഉപദേശം: “തന്റെ ആയുസ്സ് കാര്യമായ നേട്ടങ്ങളൊന്നുമില്ലാതെ പാഴാക്കിക്കളഞ്ഞവനേ, ലൈലത്തുൽ ഖദ്റിലൂടെ നീ നിനക്ക് നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കുക. തീർച്ചയായും അത് ദീർഘമായ ആയുസ്സ് ലഭിക്കുന്നതിന് തുല്യമാണ്.” അല്ലാഹുവിന്റെ പാപമോചനവും പ്രതിഫലവും ലഭിക്കാനായി ഈ പവിത്രമായ ദിനങ്ങളെ നാം വിനിയോഗിക്കുക. ഒരുപക്ഷേ അല്ലാഹുവിന്റെ ഒരു നോട്ടം മതിയാകും നമ്മുടെ ജീവിതം എന്നെന്നേക്കുമായി ധന്യമാകാൻ.

ലൈലത്തുൽ ഖദ്റിലെ പ്രാർത്ഥന: ലൈലത്തുൽ ഖദ്റിൽ ചൊല്ലാനായി പ്രവാചകൻ (സ) പഠിപ്പിച്ചത്: “അല്ലാഹുവേ, നീ ഏറെ മാപ്പുനൽകുന്നവനാണ്, മാപ്പ് നൽകുന്നത് നീ ഇഷ്ടപ്പെടുന്നു, അതിനാൽ എനിക്ക് നീ മാപ്പുനൽകേണമേ” (അല്ലാഹുമ്മ ഇന്നക അഫുവ്വുൻ തുഹിബ്ബുൽ അഫ്‌വ ഫഅ്ഫു അന്നീ) എന്നാണ്. ആയിഷ (റ) യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് പ്രവാചകൻ (സ) ഈ ദുആ പഠിപ്പിച്ചു കൊടുത്തത്.

സലഫുകളുടെ മാതൃകയും വിരഹ ദുഃഖവും

അല്ലാഹുവെ കണ്ടുമുട്ടുന്ന അതിമഹത്തായ രാവുകളായതിനാൽ സലഫുസ്സാലിഹീങ്ങൾ (മുൻഗാമികൾ) ഈ രാത്രികളിൽ ശാരീരികമായ ശുദ്ധിയിലും ഭംഗിയിലും അതീവ ശ്രദ്ധാലുക്കളായിരുന്നു.

  • ഇബ്നു ജരീർ (റ) രേഖപ്പെടുത്തുന്നു: “തമീം അദ്ദാരി (റ) ആയിരം ദിനാർ വിലപിടിപ്പുള്ള ഒരു വസ്ത്രം വാങ്ങിയിരുന്നു, ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന രാത്രികളിൽ അദ്ദേഹം അത് ധരിക്കുമായിരുന്നു.”
  • സാബിത്തുൽ ബുനാനി (റ) യെക്കുറിച്ച് ചരിത്രത്തിൽ കാണാം: “ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന രാത്രികളിൽ സാബിത്തുൽ ബുനാനിയും ഹുമൈദുത്തവീലും തങ്ങളുടെ ഏറ്റവും നല്ല വസ്ത്രങ്ങൾ ധരിക്കുകയും സുഗന്ധം പൂശുകയും പള്ളിയിൽ സുഗന്ധം പുകയ്ക്കുകയും ചെയ്യുമായിരുന്നു.” (ലത്വാഇഫുൽ മആരിഫ്).

അവസാന പത്ത് പ്രവേശിച്ചാൽ വിശ്രമം പൂർണ്ണമായും ഉപേക്ഷിക്കുന്നതായിരുന്നു മഹത്തുക്കളുടെ രീതി. സുഫ്‌യാനു സൗരി (റ) പറഞ്ഞു: “അവസാന പത്ത് പ്രവേശിച്ചാൽ രാത്രി ഉറക്കമൊഴിച്ച് ആരാധനകളിൽ കഠിനാധ്വാനം ചെയ്യുന്നതും, കുടുംബത്തെയും കുട്ടികളെയും പ്രാർത്ഥനയ്ക്കായി ഉണർത്തുന്നതുമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യം.”

റമദാനിന്റെ അവസാന ദിനങ്ങളിൽ ഖുർആൻ പാരായണത്തിൽ അവർ കാണിച്ച ആവേശം സമാനതകളില്ലാത്തതാണ്. ഖതാദ (റ) വിന്റെ ചരിത്രം ഇമാം ദഹബി രേഖപ്പെടുത്തുന്നു: “ഖതാദ (റ) സാധാരണ നിലയിൽ ഏഴ് ദിവസത്തിൽ ഒരിക്കൽ ഖുർആൻ ഓതിത്തീർക്കുമായിരുന്നു. റമദാൻ ആയാൽ അത് മൂന്ന് ദിവസത്തിലൊരിക്കലാക്കും. എന്നാൽ അവസാന പത്ത് പ്രവേശിച്ചാൽ ഓരോ രാത്രിയിലും അദ്ദേഹം ഖുർആൻ ഖതം (പൂർത്തിയാക്കുക) ചെയ്യുമായിരുന്നു.” (സിയറു അഅ്ലാമിന്നുബലാഅ്).

റമദാൻ വിടപറയുമ്പോഴുള്ള വിശ്വാസിയുടെ സങ്കടവും പ്രാർത്ഥനയും ഇബ്നു റജബ് (റ) തന്റെ ഗ്രന്ഥത്തിൽ മനോഹരമായ ഒരു കവിതയിലൂടെ ആവിഷ്കരിക്കുന്നുണ്ട്:

“എന്നെ കരയുന്നതിന് കുറ്റപ്പെടുത്തുന്നവരേ, എന്റെ സങ്കടം നിങ്ങൾ വർദ്ധിപ്പിക്കുകയേ ഉള്ളൂ; എന്റെ കണ്ണുനീരിൽ കൺപോളകൾ അലിയുന്നത് വരെ ഞാൻ കരയട്ടെ. റമദാൻ വിടപറയുകയാണ്, ഈ ദുഃഖത്തെ സഹിക്കാൻ എനിക്ക് എങ്ങനെ കഴിയും? നിഷ്കളങ്കരായ വിശ്വാസികളുടെ ഹൃദയം ഈ വിരഹത്തിൽ തേങ്ങുകയാണ്.”

റമദാനിന്റെ അവസാനത്തിൽ ഇമാം ഷാഫി (റ) വിരഹത്തിന്റെ വേദനയിൽ പറഞ്ഞ സുപ്രസിദ്ധമായ ഒരു കവിതയുമുണ്ട്:

“നോമ്പിന്റെ മാസത്തിന് സമാധാനത്തിന്റെ അഭിവാദ്യങ്ങൾ! അത് അല്ലാഹുവിങ്കൽ നിന്നുള്ള നിർഭയത്വമാണ്. എനിക്ക് ഇനിയും റമദാനിലേക്ക് മടങ്ങാൻ കഴിയുമോ എന്നും, അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനും വിശുദ്ധി നേടാനും എനിക്ക് സാധിക്കുമോ എന്നും എനിക്കറിയില്ലല്ലോ.”

അതിനാൽ റമദാനിന്റെ തുടക്കത്തിൽ സംഭവിച്ച വീഴ്ചകൾ ഈ അവസാന ദിനങ്ങളിൽ പരിഹരിക്കുക. നന്മകളിലൂടെ ഇത് പൂർത്തിയാക്കുക. അല്ലാഹുവിങ്കൽ പരാജിതരാകാതെ, ഈ പുണ്യമാസത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നേടിയെടുക്കാൻ നാം പരിശ്രമിക്കുക. അവസരങ്ങൾ നഷ്ടമാകുന്നത് വലിയ ഭാഗ്യക്കേടായി നാം മനസ്സിലാക്കണം. ഈ ഹദീസുകളും പണ്ഡിതവചനങ്ങളും നമ്മെ ഓർമിപ്പിക്കുന്നത് അവസാനത്തെ പത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ്. വേണ്ട നിലയിൽ മുതലെടുക്കുന്നവരാണ് ഭാഗ്യവാന്മാർ.

റബ്ബ് തൗഫീഖ് നൽകട്ടെ – ആമീൻ യാ റബ്ബൽ ആലമീൻ.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *