റമദാനും ദുആയും

വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും ശക്തമായ ആയുധവും അല്ലാഹുവുമായുള്ള ആത്മീയ ബന്ധത്തിന്റെ പാലവുമാണ് പ്രാർത്ഥന (ദുആ). നമ്മുടെ ജീവിതത്തിലെ വിവിധങ്ങളായ ആവശ്യങ്ങൾ അല്ലാഹുവിൽ നിന്ന് നേടിയെടുക്കാനുള്ള ഏറ്റവും വലിയ മാധ്യമമാണ് ദുആ. ഖുർആനിലും ഹദീസിലും വന്നിരിക്കുന്ന മര്യാദകൾ പാലിച്ചുകൊണ്ട് നാം അല്ലാഹുവിന്റെ മുമ്പിൽ കൈ നീട്ടിയാൽ തീർച്ചയായും അല്ലാഹു നമ്മെ സ്വീകരിക്കും. വിശുദ്ധ റമദാൻ അത് പരിശീലിക്കാനും നടപ്പാക്കാനും ഉള്ള ഏറ്റവും നല്ല സമയമാണ്. കാരണം ഈ മാസത്തിൽ പ്രാർത്ഥനകൾ സ്വീകരിക്കുന്ന ധാരാളം സന്ദർഭങ്ങളെ അള്ളാഹു ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് വിശുദ്ധ റമളാനിനെ പരിചയപ്പെടുത്തുന്ന ആയത്തിന് തൊട്ടുപിറകെ അല്ലാഹു സുബ്ഹാനഹു വതആല അവനോട് ദുആ ചെയ്യുന്നതിനെപ്പറ്റി പ്രത്യേകം പറയുന്നത്. വിശുദ്ധ ഖുർആൻ പറയുന്നു:
وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ (സൂറത്തുൽ ബഖറ: 186) “എന്നെപ്പറ്റി എന്റെ ദാസന്മാർ നിന്നോട് ചോദിച്ചാൽ ഞാൻ (അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ച് പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നതാണ്. അതുകൊണ്ട് അവർ എന്നോട് ഉത്തരം തേടുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ നേർവഴി പ്രാപിക്കാൻ വേണ്ടിയാണിത്.”
ഈ ആയത്ത് സൂറത്തുൽ ബഖറയിലെ റമളാനുമായി ബന്ധപ്പെട്ട ആയത്തിന് തൊട്ടുശേഷമാണ് വരുന്നത്. റമദാനും ദുആയും തമ്മിൽ എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഈ ആയത്തുകൾ നമ്മെ ഓർമിപ്പിക്കുന്നു.
ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി ‘ഫത്ഹുൽ ബാരി’യിൽ ദുആയെ നിർവ്വചിക്കുന്നത് ഇപ്രകാരമാണ്:
“അല്ലാഹുവിലേക്ക് അങ്ങേയറ്റത്തെ വിനയം കാണിക്കലും, അവനിലേക്ക് നാം ആവശ്യക്കാരാണ് എന്ന് പ്രകടിപ്പിക്കലും, അവങ്കലേക്ക് സമാധാനമടയലുമാണ് യഥാർത്ഥത്തിൽ ദുആ എന്നത്.” (ഫത്ഹുൽ ബാരി – കിതാബുദ്ദഅവാത്ത്)
അല്ലാഹുവെ സംബന്ധിച്ചിടത്തോളം നാം അവന്റെ സൃഷ്ടികളിൽ വളരെ നിസ്സാരരായ ആളുകളാണ്. അല്ലാഹു നമ്മെ കേൾക്കാൻ തയ്യാറാകുന്നു എന്നത് തന്നെ അല്ലാഹു നമുക്ക് ചെയ്യുന്ന വലിയ കരുണയാണ്. നാം അല്ലാഹുവെ ഓർക്കുമ്പോൾ അല്ലാഹു നമ്മെ ഓർക്കുമെന്ന് ഖുർആൻ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഖുർആൻ പറയുന്നു:
“അതുകൊണ്ട് നിങ്ങൾ എന്നെ ഓർക്കുക, ഞാൻ നിങ്ങളെയും ഓർക്കാം…” (സൂറത്തുൽ ബഖറ: 152)
അല്ലാഹുവിന് നമ്മളോടുള്ള സ്നേഹവും ഇഷ്ടവുമാണ് ഈ ആയത്ത് നമ്മെ പഠിപ്പിക്കുന്നത്. അതിനാൽ റസൂലുള്ളാഹി (സ) നമ്മളോട്, അല്ലാഹുവെ കുറിച്ച് നമുക്ക് എപ്പോഴും നല്ല ധാരണയാണ് വേണ്ടതെന്നും ആ പ്രതീക്ഷയിലാണ് അവന്റെ മുമ്പിൽ കൈനീട്ടേണ്ടതെന്നും നമ്മെ ഓർമിപ്പിക്കുന്നു. ഹദീസുൽ ഖുദ്‌സിയിൽ ഇപ്രകാരം കാണാം:
“അല്ലാഹു അരുൾ ചെയ്യുന്നു: എന്റെ ദാസൻ എന്നെക്കുറിച്ച് എന്ത് വിചാരിക്കുന്നുവോ അതിനനുസരിച്ചാണ് ഞാൻ അവനോട് വർത്തിക്കുക. അവൻ എന്നെ ഓർത്തുകൊണ്ടിരിക്കുമ്പോൾ ഞാൻ അവന്റെ കൂടെയുണ്ട്. അവൻ എന്നെ സ്വന്തം മനസ്സിൽ ഓർത്താൽ ഞാൻ അവനെ എന്റെ മനസ്സിലും ഓർക്കും. അവൻ ഒരു സംഘത്തിനിടയിൽ വെച്ചാണ് എന്നെ ഓർക്കുന്നതെങ്കിൽ, അവരേക്കാൾ ഉത്തമരായ ഒരു സംഘത്തിനിടയിൽ (മലക്കുകൾക്കിടയിൽ) വെച്ച് ഞാൻ അവനെ ഓർക്കും. അവൻ എന്നിലേക്ക് ഒരു ചാണളവ് അടുത്താൽ ഞാൻ അവനിലേക്ക് ഒരു മുഴം അടുക്കും. അവൻ എന്നിലേക്ക് ഒരു മുഴം അടുത്താൽ ഞാൻ അവനിലേക്ക് രണ്ട് കൈപ്പടം (ഒരു ബാഅ്) അടുക്കും. അവൻ എന്റെ അടുത്തേക്ക് നടന്നു വന്നാൽ ഞാൻ അവന്റെ അടുത്തേക്ക് ഓടി വരും.” (ബുഖാരി)
അല്ലാഹു എനിക്ക് ഉത്തരം നൽകും, അവൻ എന്നോട് കരുണ കാണിക്കും എന്ന നല്ല വിചാരം വിശ്വാസിക്ക് എപ്പോഴും ഉണ്ടായിരിക്കണം. നാം അല്ലാഹുവെ ഓർക്കുമ്പോൾ പ്രപഞ്ചനാഥൻ നമ്മെ സ്മരിക്കുന്നു എന്നത് വിശ്വാസിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദരവാണ്. നാം അല്ലാഹുവിലേക്ക് അല്പം നീങ്ങിയാൽ അവൻ നമ്മിലേക്ക് അതിവേഗം കാരുണ്യവുമായി ഓടിയെത്തും എന്ന വലിയ വാഗ്ദാനമാണിത്. മറ്റൊരു ഹദീസുൽ ഖുദ്‌സിയിൽ അല്ലാഹു അരുൾ ചെയ്യുന്നു:
“ഓ ആദം സന്തതിയേ, നീ എന്നോട് പ്രാർത്ഥിക്കുകയും എന്നിൽ പ്രതീക്ഷ അർപ്പിക്കുകയും ചെയ്യുന്നിടത്തോളം കാലം, നിന്റെ ഭാഗത്തുനിന്ന് എന്തുണ്ടായെങ്കിലും ഞാനത് നിനക്ക് പൊറുത്തുതരുന്നതാണ്; എനിക്കതൊരു പ്രശ്നമേയല്ല. ഓ ആദം സന്തതിയേ, നിന്റെ പാപങ്ങൾ ആകാശത്തിന്റെ അറ്റത്തോളം എത്തിയാലും, പിന്നീട് നീ എന്നോട് പാപമോചനം തേടിയാൽ ഞാനത് നിനക്ക് പൊറുത്തുതരും. ഓ ആദം സന്തതിയേ, ഭൂമി നിറയെ പാപങ്ങളുമായി നീ എന്റെ അടുക്കൽ വരികയും, എന്നാൽ എന്നിൽ യാതൊന്നിനെയും പങ്കുചേർക്കാത്ത അവസ്ഥയിലാണ് നീ എന്നെ കണ്ടുമുട്ടുന്നതെങ്കിൽ, അത്രതന്നെ പാപമോചനവുമായി ഞാൻ നിന്റെ അടുത്തേക്ക് വരുന്നതാണ്.” (സുനനുത്തിർമിദി: 3540)
പ്രാർത്ഥനയുടെയും തൗബയുടെയും (പാപമോചനം) വിശാലതയാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. പാപങ്ങൾ എത്ര വലുതാണെങ്കിലും അല്ലാഹുവിന്റെ കാരുണ്യത്തിന് മുന്നിൽ അവ നിസ്സാരമാണെന്നും, അല്ലാഹുവിൽ പങ്കുചേർക്കാതെ അവനോട് മാത്രം പ്രാർത്ഥിക്കുന്നവന് വലിയ പ്രതിഫലമുണ്ടെന്നും ഈ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു.
മനുഷ്യൻ സാധാരണ നിലയിൽ മറ്റുള്ളവരുടെ ആവശ്യങ്ങൾ കേൾക്കുവാൻ മടിയുള്ളവനും ആവർത്തിച്ചാവർത്തിച്ച് ചോദിക്കുന്നവരോട് വെറുപ്പ് തോന്നുന്നവനുമാണ്. എന്നാൽ അല്ലാഹു നേരെ തിരിച്ചാണ്. അവന് നമ്മൾ ചോദിക്കുന്നത് ഏറെ ഇഷ്ടമാണ്. ചോദിക്കും തോറും അല്ലാഹുവിന്റെ ഇഷ്ടം കൂടുകയാണ് ഉണ്ടാവുക എന്ന് ഖുർആനും ഹദീസും പഠിപ്പിക്കുന്നു. ചോദിക്കാത്തവരോട് അല്ലാഹുവിന് ദേഷ്യം ഉണ്ടാകുമെന്നും ഖുർആൻ പറയുന്നു:
“നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ, ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കുന്നതിനെ (പ്രാർത്ഥിക്കുന്നതിനെ) തൊട്ട് അഹങ്കാരം നടിക്കുന്നവർ നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്.” (സൂറത്തുൽ ഗാഫിർ: 60)
നബി (സ) പറഞ്ഞു:
“ചോദിക്കാത്തവരോട് അല്ലാഹുവിന് കോപമുണ്ടാകും.” (സുനനുത്തിർമിദി: 3373)
ദുആ ചെയ്യാത്തവരോട് അല്ലാഹുവിന് ഉണ്ടാകുന്ന ദേഷ്യത്തെയും കോപത്തെയുമാണ് ഈ ആയത്തുകളും ഹദീസുകളും നമ്മെ പഠിപ്പിക്കുന്നത്. അല്ലാഹുവിന്റെ കാരുണ്യം എത്ര വലുതാണെന്ന് ആലോചിക്കുക. നബി (സ) പറഞ്ഞു:
“അല്ലാഹുവിന്റെ അടുക്കൽ പ്രാർത്ഥനയേക്കാൾ ആദരണീയമായ (ബഹുമാനപ്പെട്ട) മറ്റൊന്നുമില്ല.” (തിർമിദി, ഇബ്നു മാജ)
ദുആ ചെയ്യുന്ന വേളയിൽ മനുഷ്യൻ തന്റെ സർവ്വ അഹങ്കാരങ്ങളും വെടിഞ്ഞ്, താൻ ഒന്നുമല്ലെന്നും അല്ലാഹുവാണ് എല്ലാം എന്നുമുള്ള പൂർണ്ണമായ കീഴടങ്ങലിലാണ് (തദല്ലുൽ) ഇരിക്കുന്നത്. ഈ വിനയത്തെ അല്ലാഹു അങ്ങേയറ്റം ഇഷ്ടപ്പെടുന്നു. അതിനാലാണ് അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും ആദരണീയമായ ഇബാദത്തുകളുടെ കൂട്ടത്തിൽ ദുആ ഉൾപ്പെടുന്നത്. മനുഷ്യന്റെ ഖദറിൽ അല്ലാഹു നിശ്ചയിച്ചിരിക്കുന്ന കാര്യങ്ങളെ മാറ്റുവാനുള്ള ശക്തി പോലും ദുആക്കുണ്ട് എന്ന പ്രവാചക വചനം ദുആഇന് അല്ലാഹുവിന്റെ അടുക്കൽ എത്ര പ്രാധാന്യമുണ്ട് എന്ന് നമ്മെ ഓർമിപ്പിക്കുന്നുണ്ട്. നബി (സ) പറഞ്ഞു:
“പ്രാർത്ഥനയല്ലാതെ മറ്റൊന്നും വിധിയെ തടുക്കുകയില്ല.” (തിർമിദി)
ദുആയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. നമ്മൾ ചോദിക്കുന്നതെന്തും അല്ലാഹുവിനോട് മാത്രമായിരിക്കണം: വിശുദ്ധ ഖുർആനിൽ പ്രവാചകന്മാരുടെ ധാരാളം ദുആകളെ അല്ലാഹു കൊണ്ടുവരുന്നുണ്ട്. പ്രവാചകന്മാർ നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ മാതൃകകളാണ്. ആ മാതൃകയാണ് നാം പിന്തുടരേണ്ടത്. ആ ദുആകളിൽ ഒന്നും അല്ലാഹുവല്ലാത്തവരോടുള്ള ഒരു തേട്ടവുമില്ല. അല്ലാഹു നമ്മെ സഹായിക്കുന്നതുപോലെ സഹായിക്കാൻ ലോകത്ത് ആർക്കും കഴിയുകയുമില്ല. അല്ലാഹു സഹായിക്കുന്നതുപോലെ മറ്റാരെങ്കിലും സഹായിക്കുമെന്ന് നാം വിശ്വസിച്ചു പോകുന്നത് നമ്മുടെ ഈമാനിനെ തന്നെ തകർത്തു കളയുന്ന ഒന്നാണ്. ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും അല്ലാഹുവെ മാത്രം ആശ്രയിച്ച പ്രവാചകന്മാരുടെ മാതൃകകൾ താഴെ പറയുന്നവയാണ്:
- അയ്യൂബ് നബി (അ): “എന്റെ രക്ഷിതാവേ, എനിക്കിതാ രോഗം ബാധിച്ചിരിക്കുന്നു. നീയാണല്ലോ കാരുണികരിൽ വെച്ച് ഏറ്റവും വലിയ കാരുണികൻ.” (സൂറത്തുൽ അമ്പിയാഅ്: 83) മനുഷ്യന്റെ ദുആയിൽ പ്രധാനപ്പെട്ടത് അവന്റെ അസുഖങ്ങൾ ശിഫയാകുവാൻ വേണ്ടിയുള്ളതാണ്. ആ ദുആയിൽ അല്ലാഹുവിനെ മാത്രം മുൻനിർത്തണമെന്ന് അയ്യൂബ് നബിയുടെ സംഭവം നമ്മെ ഓർമിപ്പിക്കുന്നു.
- മക്കളില്ലാത്തപ്പോൾ സകരിയ്യ നബി (അ)യുടെ ദുആ: “എന്റെ രക്ഷിതാവേ, എന്നെ നീ ഒറ്റയ്ക്കായി വിടരുതേ.. നീയാണല്ലോ ഏറ്റവും ഉത്തമനായ അവകാശി.”
- ഇബ്രാഹീം നബി (അ)യുടെ ദുആ: “എന്റെ രക്ഷിതാവേ, എനിക്ക് നീ സദ്‌വൃത്തരായ മക്കളെ നൽകേണമേ.” സന്താന സൗഭാഗ്യത്തിനായി നാം കൈനീട്ടേണ്ടത് റബ്ബിലേക്കാണ് എന്ന് അല്ലാഹു നമ്മെ ഓർമിപ്പിക്കുന്നു.
- അപകടത്തിൽ പെട്ടപ്പോൾ യൂനുസ് നബി (അ): “നീയല്ലാതെ യാതൊരു ഇലാഹും ഇല്ല, നീ എത്ര പരിശുദ്ധൻ! തീർച്ചയായും ഞാൻ അക്രമികളുടെ കൂട്ടത്തിൽ പെട്ടുപോയിരിക്കുന്നു.” (സൂറത്തുൽ അമ്പിയാഅ്: 87)
- അധികാരത്തിന് സുലൈമാൻ നബി (അ)യുടെ ദുആ: “എന്റെ രക്ഷിതാവേ, എനിക്ക് നീ പൊറുത്തുതരികയും, എനിക്ക് ശേഷം ഒരാൾക്കും ലഭിക്കാത്ത വിധത്തിലുള്ള ഒരു അധികാരം എനിക്ക് നൽകുകയും ചെയ്യേണമേ.” (സൂറത്തു സ്വാദ്: 35)
ഈ ദുആകൾ എല്ലാം നമ്മെ ഓർമിപ്പിക്കുന്നത് ജീവിതത്തിൽ നമ്മുടെ ആവശ്യങ്ങൾ ഏത് രീതിയിലുള്ളവയാണെങ്കിലും അതെല്ലാം നാം അല്ലാഹുവിന്റെ മുമ്പിൽ മാത്രം പറയണമെന്നുള്ളതാണ്. അല്ലാഹു നമുക്ക് തരും. അതുറപ്പാണ്. അല്ലാഹു ചോദിക്കുന്നു: “തന്റെ ദാസന് അല്ലാഹു മതിയായവനല്ലേ?” (സൂറത്തുസ്സുമർ: 36)
2. ദുആയിൽ പറയേണ്ട കാര്യങ്ങൾ (മര്യാദകൾ)
- ഹംദ്, സനാഅ്, സ്വലാത്ത്: ദുആ തുടങ്ങുമ്പോൾ അല്ലാഹുവെ സ്തുതിക്കുകയും (ഹംദ്), പുകഴ്ത്തുകയും (സനാഅ്), നബി (സ)യുടെ മേൽ സ്വലാത്ത് ചൊല്ലുകയും വേണം. ഫളാലത്ത് ബിൻ ഉബൈദ് (റ) നിവേദനം ചെയ്യുന്നു: ഒരാൾ തന്റെ നമസ്കാരത്തിൽ അല്ലാഹുവെ മഹത്വപ്പെടുത്തുകയോ നബി (സ)യുടെ മേൽ സ്വലാത്ത് ചൊല്ലുകയോ ചെയ്യാതെ പ്രാർത്ഥിക്കുന്നത് അല്ലാഹുവിന്റെ റസൂൽ (സ) കേട്ടു. അപ്പോൾ നബി (സ) പറഞ്ഞു: “ഇയാൾ ധൃതി കാണിച്ചു.” പിന്നീട് ആ വ്യക്തിയെ വിളിച്ച് അദ്ദേഹത്തോടോ മറ്റുള്ളവരോടോ ആയി നബി (സ) പറഞ്ഞു: “നിങ്ങളിൽ ആരെങ്കിലും പ്രാർത്ഥിക്കുകയാണെങ്കിൽ തന്റെ രക്ഷിതാവിനെ മഹത്വപ്പെടുത്തിക്കൊണ്ടും സ്തുതിച്ചുകൊണ്ടും അവൻ തുടങ്ങട്ടെ. പിന്നീട് നബിയുടെ മേൽ സ്വലാത്ത് ചൊല്ലട്ടെ. അതിന് ശേഷം താൻ ആഗ്രഹിക്കുന്നത് അവൻ ചോദിക്കട്ടെ.” (സുനനുത്തിർമിദി). “നബി (സ)യുടെ മേൽ സ്വലാത്ത് ചൊല്ലുന്നത് വരെ എല്ലാ പ്രാർത്ഥനകളും തടയപ്പെട്ടവയാണ് (ആരംഭത്തിലും അവസാനത്തിലും സ്വലാത്ത് വേണം).”
- അസ്മാഉൽ ഹുസ്ന (അല്ലാഹുവിന്റെ നാമങ്ങൾ) കൊണ്ട് ദുആ ചെയ്യുക: “അല്ലാഹുവിന് ഏറ്റവും നല്ല നാമങ്ങളുണ്ട്. അതിനാൽ ആ നാമങ്ങളിലൂടെ നിങ്ങൾ അവനോട് പ്രാർത്ഥിക്കുക.” ഇത് വിശുദ്ധ ഖുർആനിന്റെ കല്പനയാണ്.
- നമ്മുടെ നല്ല കർമ്മങ്ങൾ എടുത്തുപറഞ്ഞു കൊണ്ട് ദുആ ചെയ്യുക: നാം ചെയ്ത നല്ല കാര്യങ്ങൾ മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുക. ബുഖാരി ഉദ്ധരിക്കുന്ന പ്രസിദ്ധമായ ഗുഹയിലകപ്പെട്ട മൂന്ന് പേരുടെ കഥ ഇതിന് ഉദാഹരണമാണ്. മാതാപിതാക്കളെ ശുശ്രൂഷിച്ചവൻ, പാപത്തിൽ നിന്ന് വിട്ടുനിന്നവൻ, തൊഴിലാളിയുടെ കൂലി സൂക്ഷിച്ച് തിരിച്ചുനൽകിയവൻ എന്നീ മൂന്ന് പേർ തങ്ങളുടെ ആത്മാർത്ഥമായ സൽകർമ്മങ്ങളെ മുൻനിർത്തി പ്രാർത്ഥിച്ചപ്പോഴാണ് ഗുഹാമുഖത്തെ പാറ മാറിയത്. നമ്മുടെ ജീവിതത്തിൽ ആരും കാണാതെ, അല്ലാഹുവെ മാത്രം ഭയപ്പെട്ട് നാം ചെയ്ത സൽകർമ്മങ്ങൾ ഉണ്ടെങ്കിൽ, പ്രതിസന്ധി ഘട്ടങ്ങളിൽ അവ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കണം. ഇത് പ്രാർത്ഥന സ്വീകരിക്കപ്പെടാൻ വലിയ കാരണമാണ്.
3. നമ്മുടെ രൂപഭാവങ്ങൾ (ശാരീരിക മര്യാദകൾ)
- ഖിബ്‌ലക്ക് മുന്നിട്ടിരുന്ന്: ബദറിൽ നബി (സ) ഖിബ്‌ലക്ക് മുന്നിട്ടിരുന്ന് പ്രാർത്ഥിച്ചതായി ഉമർ (റ) പറയുന്നുണ്ട്.
- കൈ ഉയർത്തി ദുആ ചെയ്യുക: കൈകൾ ഉയർത്തി പ്രാർത്ഥിക്കുന്നത് ദുആയുടെ മര്യാദകളിൽ പെട്ടതാണ്. “തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് ലജ്ജയുള്ളവനും ഔദാര്യവാനുമാണ്. തന്റെ ദാസൻ അവങ്കലേക്ക് കൈകൾ ഉയർത്തിയാൽ അത് വെറുതെ (ശൂന്യമായി) മടക്കാൻ അവൻ ലജ്ജിക്കുന്നു.” (അബൂദാവൂദ്: 1488). മറ്റൊരു ഹദീസിൽ നബി (സ) പറയുന്നു: “നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുമ്പോൾ നിങ്ങളുടെ കൈപ്പത്തികളുടെ ഉൾഭാഗം കൊണ്ട് അവനോട് ചോദിക്കുക. കൈകളുടെ പുറംഭാഗം കൊണ്ട് ചോദിക്കരുത്.” കൈകൾ ഉയർത്തി ദുആ ചെയ്യുന്നത് വിനയത്തിന്റെ ഒരു ഭാവമാണ്.
- വിനയാന്വിതനായി ദുആ ചെയ്യുക: “നിങ്ങളുടെ രക്ഷിതാവിനോട് വിനയത്തോടും രഹസ്യമായും നിങ്ങൾ പ്രാർത്ഥിക്കുക. പരിധി ലംഘിക്കുന്നവരെ തീർച്ചയായും അവൻ ഇഷ്ടപ്പെടുകയില്ല.” (സൂറത്തുൽ അഅ്റാഫ്: 55).
- അല്ലാഹു തരും എന്ന ഉറപ്പോടെ ദുആ ചെയ്യുക: “ഉത്തരം ലഭിക്കുമെന്ന ഉറപ്പാടു കൂടി നിങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുക.” (തിർമിദി: 3479).
- ധൃതി കാണിക്കാതിരിക്കുക: “നിങ്ങളിലൊരാൾ ധൃതി കാണിക്കാത്ത പക്ഷം അവന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നതാണ്. (ധൃതി കാണിക്കുക എന്നാൽ) ഞാൻ പ്രാർത്ഥിച്ചു, പക്ഷെ എനിക്ക് ഉത്തരം ലഭിച്ചില്ല എന്ന് പറയുന്നതാണ്.” (ബുഖാരി, മുസ്ലിം).
- അല്ലാഹുവിന്റെ ഇഷ്ടത്തിന് വിടാതിരിക്കുക: പ്രാർത്ഥിക്കുമ്പോൾ “നീ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ എനിക്ക് നൽകിയാൽ മതി” എന്ന് പറയരുത്. “അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ എനിക്ക് പൊറുത്തുതരേണമേ എന്ന് നിങ്ങളിലൊരാളും പറയരുത്. മറിച്ച് ഉറച്ച മനസ്സോടെ ചോദിക്കുക, കാരണം അല്ലാഹുവെ നിർബന്ധിക്കാൻ ആർക്കും കഴിയില്ല.” (ബുഖാരി: 6339).
4. ഹലാലായ ഭക്ഷണം പ്രാർത്ഥന സ്വീകരിക്കപ്പെടാൻ നാം കഴിക്കുന്ന ഭക്ഷണം ഹലാലാകേണ്ടത് അനിവാര്യമാണ്. അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന ഹദീസിൽ നബി (സ) ദീർഘയാത്ര ചെയ്യുന്ന, മുടിയാകെ ജടപിടിച്ച ഒരാളെക്കുറിച്ച് പറയുന്നു. അവൻ കൈകൾ ആകാശത്തേക്ക് നീട്ടി ‘എന്റെ രക്ഷിതാവേ, എന്റെ രക്ഷിതാവേ’ എന്ന് വിളിച്ചു പ്രാർത്ഥിക്കുന്നു. എന്നാൽ അവന്റെ ഭക്ഷണം ഹറാമാണ് (നിഷിദ്ധം), അവന്റെ പാനീയം ഹറാമാണ്, അവന്റെ വസ്ത്രം ഹറാമാണ്, അവൻ വളർന്നത് ഹറാമിലുമാണ്. “ഇങ്ങനെയുള്ളവന് എങ്ങനെയാണ് ഉത്തരം ലഭിക്കുക?” (സ്വഹീഹ് മുസ്ലിം: 1015). അതുകൊണ്ടാണ് നബി (സ) സഅ്ദ് ബ്നു അബീ വഖാസ് (റ) വിനോട് പറഞ്ഞത്: “നിന്റെ ഭക്ഷണം ഹലാലാക്കുക (ശുദ്ധിയാക്കുക), എന്നാൽ നിന്റെ പ്രാർത്ഥന സ്വീകരിക്കപ്പെടും.” (ത്വബ്റാനി).
ദുആക്ക് ഉത്തരം ലഭിക്കുന്ന പ്രത്യേക സമയങ്ങൾ
- രാത്രിയുടെ അവസാന യാമം (തഹജ്ജുദ് സമയം): “രാത്രിയുടെ അവസാന മൂന്നിലൊന്ന് ബാക്കിയുള്ളപ്പോൾ നമ്മുടെ രക്ഷിതാവ് എല്ലാ രാത്രിയിലും ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരികയും ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്യുന്നു: ആരെന്നോട് പ്രാർത്ഥിക്കുന്നുവോ അവന് ഞാൻ ഉത്തരം നൽകും. ആരെന്നോട് ചോദിക്കുന്നുവോ അവന് ഞാൻ നൽകും. ആരെന്നോട് പാപമോചനം തേടുന്നുവോ അവന് ഞാൻ പൊറുത്തുകൊടുക്കും.” (ബുഖാരി, മുസ്ലിം).
- ബാങ്കിനും (അദാൻ) ഇഖാമത്തിനും ഇടയിലുള്ള സമയം: “ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള പ്രാർത്ഥന തള്ളപ്പെടുകയില്ല.” (തിർമിദി).
- സുജൂദിലായിരിക്കുമ്പോൾ: “ഒരു അടിമ തന്റെ രക്ഷിതാവിനോട് ഏറ്റവും അടുക്കുന്നത് അവൻ സുജൂദിലായിരിക്കുമ്പോഴാണ്. അതിനാൽ നിങ്ങൾ (സുജൂദിൽ) പ്രാർത്ഥന വർദ്ധിപ്പിക്കുക.” (മുസ്ലിം).
- മഴ പെയ്യുന്ന സമയം: “രണ്ട് പ്രാർത്ഥനകൾ തള്ളപ്പെടുകയില്ല: ബാങ്ക് വിളിക്കുന്ന സമയത്തെ പ്രാർത്ഥനയും, മഴ പെയ്യുന്ന സമയത്തുള്ള പ്രാർത്ഥനയും.” (അബൂദാവൂദ്).
- യാത്രക്കാരന്റെ പ്രാർത്ഥന: “മൂന്ന് പ്രാർത്ഥനകൾ ഉത്തരം ലഭിക്കുന്നവയാണ്, അതിൽ ഒട്ടും സംശയമില്ല: മർദ്ദിതന്റെ പ്രാർത്ഥന, യാത്രക്കാരന്റെ പ്രാർത്ഥന, മക്കൾക്കെതിരെയുള്ള (അല്ലെങ്കിൽ അനുകൂലമായുള്ള) മാതാപിതാക്കളുടെ പ്രാർത്ഥന.” (അബൂദാവൂദ്).
- വെള്ളിയാഴ്ചയിലെ ഒരു പ്രത്യേക സമയം: “വെള്ളിയാഴ്ചയിൽ ഒരു സമയമുണ്ട്; ഒരു മുസ്ലിം തന്റെ അല്ലാഹുവിനോട് എന്തെങ്കിലും ചോദിച്ചുകൊണ്ട് ആ സമയത്ത് പ്രാർത്ഥനയിലായി വരികയാണെങ്കിൽ അല്ലാഹു അത് നൽകാതിരിക്കില്ല.” (ബുഖാരി, മുസ്ലിം).
പ്രാർത്ഥന സ്വീകരിക്കപ്പെടുന്ന മൂന്ന് രീതികൾ
നബി (സ) പറഞ്ഞു: “പാപകരമായ കാര്യത്തിനോ, കുടുംബബന്ധം മുറിക്കുന്നതിനോ വേണ്ടിയല്ല ഒരു മുസ്ലിം പ്രാർത്ഥിക്കുന്നതെങ്കിൽ അല്ലാഹു മൂന്ന് കാര്യങ്ങളിൽ ഒന്ന് അവന് നൽകാതിരിക്കില്ല: (1) ചോദിച്ചത് ഉടൻ നൽകുന്നു, (2) പരലോകത്തേക്ക് മാറ്റിവെക്കുന്നു, (3) സമാനമായ ഒരു വിപത്തിനെ തടയുന്നു.” (മുസ്നദ് അഹ്‌മദ്, തിർമിദി).
ചില പണ്ഡിതന്മാർ ഇതിനെ നാലോ അഞ്ചോ രീതികളിലായി തരംതിരിക്കാറുണ്ട്:
- ചോദിച്ചത് ഉടൻ നൽകുന്നു: ദുനിയാവിൽ വെച്ചുതന്നെ അല്ലാഹു നൽകുന്നു.
- ചോദിച്ചത് വൈകി നൽകുന്നു: ആ കാര്യം ഉടനെ നൽകുന്നത് നമുക്ക് ഗുണകരമല്ലെങ്കിൽ അൽപം താമസിച്ച് ഏറ്റവും അനുയോജ്യമായ സമയത്ത് നൽകുന്നു.
- ഒരു വിപത്തിനെ തടയുന്നു: നാം പ്രാർത്ഥിച്ച കാര്യം നമുക്ക് ലഭിക്കുന്നില്ലെങ്കിലും, ആ പ്രാർത്ഥനയുടെ ബലത്തിൽ വരാനിരുന്ന വലിയൊരു അപകടത്തെ അല്ലാഹു നമ്മിൽ നിന്ന് നീക്കുന്നു.
- പരലോകത്തേക്ക് നീക്കിവെക്കുന്നു: ദുനിയാവിൽ വെച്ച് ഒന്നും നൽകാതെ, അതിന്റെ പൂർണ്ണമായ പ്രതിഫലം പരലോകത്ത് ഏറ്റവും വലിയ പ്രതിഫലമായി അല്ലാഹു നൽകുന്നു. (പരലോകത്ത് ഈ പ്രതിഫലം കാണുമ്പോൾ, “എന്റെ ഒരു പ്രാർത്ഥനയും ദുനിയാവിൽ വെച്ച് ഫലിച്ചില്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു” എന്ന് അടിമ കൊതിച്ചുപോകുമെന്ന് ഹദീസിലുണ്ട്).
സൂഫിവര്യനായ ഇബ്നു അത്വാഇല്ലാഹ് അൽ ഇസ്കന്ദരി (റ) പറഞ്ഞു: “നീ പ്രാർത്ഥനയിൽ ഉറച്ചുനിന്നിട്ടും കാലാവധി നീണ്ടുപോകുന്നത് നിന്നെ നിരാശനാക്കാതിരിക്കട്ടെ. അല്ലാഹു നിനക്ക് ഉത്തരം വാഗ്ദാനം ചെയ്തിട്ടുണ്ട്; പക്ഷെ അത് നിനക്ക് അവൻ തിരഞ്ഞെടുക്കുന്ന കാര്യത്തിലായിരിക്കും, നീ നിനക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന കാര്യത്തിലല്ല. അവൻ ഉദ്ദേശിക്കുന്ന സമയത്തായിരിക്കും, നീ ആഗ്രഹിക്കുന്ന സമയത്തല്ല.”
പ്രതീക്ഷയോടെ അല്ലാഹുവിന് മുമ്പിൽ കൈനീട്ടുന്നത് അല്ലാഹുവിന് ഇഷ്ടമാണ്. പ്രത്യേകിച്ചും റമളാൻ പോലുള്ള ഈ സുന്ദര സന്ദർഭങ്ങളിൽ. അല്ലാഹു മടിയില്ലാതെ ദുആ ചെയ്യുവാനും അവനിലേക്ക് മടങ്ങുവാനും നമുക്ക് തൗഫീഖ് നൽകുമാറാകട്ടെ – നമ്മുടെ ദുആകൾ റബ്ബ് സ്വീകരിക്കുകയും ചെയ്യട്ടെ – ആമീൻ.
