ഇടയത്താഴവും ആ സമയത്തിൻ്റെ പ്രത്യേകതകളും

ബഹുമാനപ്പെട്ട വിശ്വാസികളേ, റമദാനിലെ നോമ്പിനെ ഇതര സമുദായങ്ങളുടെ നോമ്പുകളിൽ നിന്നും വേർതിരിക്കുന്ന സവിശേഷമായ ഒരു കർമ്മമാണ് അത്താഴം അഥവാ ‘സഹർ’. കേവലം ഒരു ഭക്ഷണമല്ല അത്, മറിച്ച് ഒരു പ്രവാചകചര്യയുടെ പുനരുജ്ജീവനവും മലക്കുകളുടെ പ്രാർത്ഥനയ്ക്ക് നമ്മെ അർഹരാക്കുന്ന പുണ്യമുഹൂർത്തവുമാണ്. അല്ലാഹുവിന്റെ അനുഗ്രഹം വർഷിക്കുന്ന ആ സമയത്തെ നാം അങ്ങേയറ്റം ആദരവോടെ കാണേണ്ടതുണ്ട്.”

സഹർ’ എന്ന വാക്കിൻ്റെ അർത്ഥം

​ഭാഷാപരമായ ചരിത്രം പരിശോധിച്ചാൽ, ‘സഹർ’ (Sahar) എന്ന വാക്കിന് ‘അദൃശ്യമായത്’ അല്ലെങ്കിൽ ‘മറഞ്ഞത്’ എന്നൊക്കെ അർത്ഥമുണ്ട്. രാത്രിയുടെ അവസാന യാമത്തിൽ, ലോകം ഉറങ്ങിക്കിടക്കുമ്പോൾ നടക്കുന്നത് എന്നതിനാലാണ് ഇതിന് ഈ പേര് വന്നത്. ഇത് കേവലം വയറു നിറയ്ക്കലല്ല, മറിച്ച് പ്രപഞ്ചനാഥനുമായുള്ള ആത്മീയ ബന്ധത്തിൻ്റെ സമയം കൂടിയാണെന്ന് ഇത് സൂചിപ്പിക്കുന്നു.

​ഖുർആൻ സൂക്തങ്ങൾ 

 ​وَكُلُوا وَاشْرَبُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ (സൂറത്തുൽ ബഖറ: 187) 

 ​”പ്രഭാതത്തിന്റെ വെളുത്ത നൂൽ കറുത്ത നൂലിൽ നിന്ന് വേർതിരിഞ്ഞു കാണുന്നത് വരെ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക.”

 ​വിശദീകരണം: വിശ്വാസികൾക്ക് അല്ലാഹു നൽകിയ ഇളവും കാരുണ്യവുമാണിത്. രാത്രിയുടെ അന്ത്യയാമങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള അനുമതി അല്ലാഹുവിൽ നിന്നുള്ള സമ്മാനമായി പണ്ഡിതന്മാർ വിശദീകരിക്കുന്നു.ഇസ്‌ലാമിൻ്റെ പ്രാരംഭ കാലത്ത് നോമ്പിൻ്റെ നിയമങ്ങൾ ഇന്നത്തേതുപോലെ ആയിരുന്നില്ല. ഇശാ നമസ്കാരത്തിന് ശേഷം ഉറങ്ങിക്കഴിഞ്ഞാൽ പിന്നെ അടുത്ത ദിവസം സൂര്യൻ അസ്തമിക്കുന്നത് വരെ ഭക്ഷണപാനീയങ്ങൾ നിഷിദ്ധമായിരുന്നു. എന്നാൽ ഇത് വിശ്വാസികൾക്ക് വലിയ പ്രയാസമുണ്ടാക്കി.

 ഖൈസ് ബിൻ സ്വിർമ (റ) എന്ന സ്വഹാബി പകൽ മുഴുവൻ കഠിനാധ്വാനം ചെയ്ത് വൈകുന്നേരം വീട്ടിലെത്തിയപ്പോൾ ഭക്ഷണം തയ്യാറായിരുന്നില്ല. അത് തയ്യാറാക്കുന്നതിനിടെ അദ്ദേഹം ഉറങ്ങിപ്പോയി. നിയമപ്രകാരം പിന്നീട് അദ്ദേഹത്തിന് ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല. അടുത്ത ദിവസം നോമ്പിൽ അദ്ദേഹം ബോധരഹിതനായി വീണു.

ഇതിനെത്തുടർന്നാണ് അള്ളാഹു ഖുർആനിലെ സൂറത്തുൽ ബഖറയിലെ 187-ാം വചനം അവതരിപ്പിച്ചത്. പ്രഭാതം വരെ ഭക്ഷണവും പാനീയവും അനുവദനീയമാക്കി (സഹർ) നോമ്പ് ലഘൂകരിക്കപ്പെട്ടു. ഇത് വിശ്വാസികൾക്ക് ലഭിച്ച വലിയൊരു ഇളവായാണ് ചരിത്രം രേഖപ്പെടുത്തുന്നത്.

 ​الصَّابِرِينَ وَالصَّادِقِينَ وَالْقَانِتِينَ وَالْمُنفِقِينَ وَالْمُسْتَغْفِرِينَ بِالْأَسْحَارِ (സൂറത്തു ആലു ഇംറാൻ: 17) 

 ​”ക്ഷമിക്കുന്നവരും, സത്യം പാലിക്കുന്നവരും, ഭക്തിയുള്ളവരും, ചിലവഴിക്കുന്നവരും, അത്താഴ വേളകളിൽ പാപമോചനം തേടുന്നവരുമാകുന്നു അവർ.”

 ​തഫ്സീർ : മുത്തഖീങ്ങളുടെ (ഭയഭക്തിയുള്ളവർ) ഗുണങ്ങളിൽ ഒന്നായി ‘സഹർ’ സമയത്തെ പാപമോചനത്തെ (ഇസ്തിഗ്ഫാർ) അല്ലാഹു എടുത്തു പറഞ്ഞിരിക്കുന്നു. അത്താഴത്തിനായി ഉണരുന്നത് ഈ പുണ്യത്തിന് വഴിയൊരുക്കുന്നു.

 ​وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ (സൂറത്തു ദാരിയാത്ത്: 18) 

 ​”രാത്രിയുടെ അന്ത്യയാമങ്ങളിൽ അവർ പാപമോചനം തേടുന്നവരായിരുന്നു.”

 ​തഫ്സീർ ഇബ്നു കസീർ: രാത്രി നമസ്കാരത്തിന് ശേഷം അത്താഴം കഴിക്കുന്ന വേളയിൽ അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിക്കുന്നവരുടെ പദവി അത്യുന്നതമാണെന്ന് ഈ വചനം പഠിപ്പിക്കുന്നു.

​ഹദീസുകൾ 

 ​تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَةً (സ്വഹീഹുൽ ബുഖാരി) 

 ​”നിങ്ങൾ അത്താഴം കഴിക്കുക, തീർച്ചയായും അത്താഴത്തിൽ ‘ബർക്കത്ത്’ (അനുഗ്രഹം) ഉണ്ട്.”

 ഈ ബർക്കത്ത് ശാരീരികമായ കരുത്ത് മാത്രമല്ല, മറിച്ച് അല്ലാഹുവിന്റെ കൽപ്പന പാലിക്കുന്നതിലൂടെ ലഭിക്കുന്ന ആത്മീയമായ വർദ്ധനവ് കൂടിയാണെന്ന് ഫത്ഹുൽ ബാരിയിൽ ഇമാം ഇബ്നു ഹജർ അസ്ഖലാനി വ്യക്തമാക്കുന്നു.

 ​فَصْلُ مَا بَيْنَ صِيَامِنَا وَصِيَامِ أَهْلِ الْكِتَابِ أَكْلَةُ السَّحَرِ (സ്വഹീഹ് മുസ്ലിം) 

 ​”നമ്മുടെ നോമ്പും വേദക്കാരുടെ (യഹൂദ-ക്രൈസ്തവർ) നോമ്പും തമ്മിലുള്ള വ്യത്യാസം അത്താഴം കഴിക്കലാണ്.”

മുസ്ലിം ഉമ്മത്തിന്റെ സവിശേഷതയാണ് സഹർ എന്ന് പ്രവാചകൻ (സ) അടിവരയിട്ടു പറയുന്നു.

 ​إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى الْمُتَسَحِّرِينَ (ഇബ്നു ഹിബ്ബാൻ, ത്വബ്റാനി) 

 ​”തീർച്ചയായും അത്താഴം കഴിക്കുന്നവർക്ക് വേണ്ടി അല്ലാഹു കരുണ വർഷിക്കുകയും മലക്കുകൾ അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.”

 ​السَّحُورُ أَكْلَةٌ بَرَكَةٌ، فَلَا تَدَعُوهُ، وَلَوْ أَنْ يَجْرَعَ أَحَدُكُمْ جُرْعَةً مِنْ مَاءٍ (അഹ്മദ്) 

 ​”അത്താഴം ബർക്കത്തുള്ള ഭക്ഷണമാണ്, അതിനാൽ ഒരു ഇറക്ക് വെള്ളം കുടിച്ചാണെങ്കിലും നിങ്ങളത് ഉപേക്ഷിക്കരുത്.”

 ​സെയ്ദ് ബിൻ സാബിത് (റ) വിന്റെ ഹദീസ് (അത്താഴവും നിസ്കാരവും തമ്മിലുള്ള സമയം): അനസ് (റ) സെയ്ദ് ബിൻ സാബിത്തിൽ (റ) നിന്ന് നിവേദനം ചെയ്യുന്നു: «تَسَحَّرْنَا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، ثُمَّ قَامَ إِلَى الصَّلاَةِ، قُلْتُ: كَمْ كَانَ بَيْنَ الأَذَانِ وَالسَّحُورِ؟ قَالَ: قَدْرُ خَمْسِينَ آيَةً»
(ഞങ്ങൾ നബി (സ) യോടൊപ്പം അത്താഴം കഴിച്ചു, പിന്നീട് അദ്ദേഹം നിസ്കാരത്തിന് എഴുന്നേറ്റു. ഞാൻ ചോദിച്ചു: ബാങ്കിനും അത്താഴത്തിനുമിടയിൽ എത്ര സമയമുണ്ടായിരുന്നു? അദ്ദേഹം പറഞ്ഞു: അൻപത് ആയത്തുകൾ ഓതാൻ എടുക്കുന്ന സമയം.) (അവലംബം: സ്വഹീഹുൽ ബുഖാരി: 1921, സ്വഹീഹ് മുസ്ലിം: 1097)

 സഹർ കഴിഞ്ഞാൽ ഉടനെ നബി തങ്ങൾ ഉറങ്ങാറില്ലായിരുന്നുവെന്നും ഇബാദത്തിലേക്ക് തിരിയുമായിരുന്നു എന്നും ഈ ഹദീസ് പഠിപ്പിക്കുന്നുണ്ട്.ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങുന്നത് ഒരുപാട് ശാരീരികമായ അപകടങ്ങൾക്ക് കാരണമാണ്.

നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ അത് ആമാശയത്തിലെ ആസിഡുമായി കലരുന്നു. ഭക്ഷണം കഴിച്ച ഉടനെ കിടക്കുമ്പോൾ, ആമാശയത്തിലെ ഈ ആസിഡ് തിരികെ അന്നനാളത്തിലേക്ക് (Esophagus) ഒഴുകാൻ സാധ്യതയുണ്ട്. ഇതിനെയാണ് Acid Reflux എന്ന് വിളിക്കുന്നത്. ഇത് പലതരത്തിലുള്ള ശാരീരിക അസ്വസ്ഥത  ഉണ്ടാക്കുന്നു. 

 ​അംറ് ബിൻ മൈമൂൻ (റ) വിന്റെ സാക്ഷ്യം (സഹാബികളുടെ ശീലം): «كَانَ أَصْحَابُ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ أَسْرَعَ النَّاسِ إِفْطَارًا وَأَبْطَأَهُمْ سُحُورًا» (മുഹമ്മദ് നബി (സ) യുടെ അനുചരന്മാർ നോമ്പ് തുറക്കാൻ ഏറ്റവും ധൃതി കാണിക്കുന്നവരും അത്താഴം ഏറ്റവും വൈകിപ്പിക്കുന്നവരുമായിരുന്നു.) ( മുസ്വന്നഫ് അബ്ദിർ റസാഖ്: 7591, അൽ-സുനനുൽ കുബ്റാ – ഇമാം ബൈഹഖി) 

 ​ഇമാം നവവി (റ) വിന്റെ നിരീക്ഷണം (അത്താഴത്തിന്റെ ലക്ഷ്യം): «أَنَّ السَّحُورَ يُقَوِّي عَلَى الصِّيَامِ، وَيُنَشِّطُ لَهُ، وَتَحْصُلُ بِسَبَبِهِ الرَّغْبَةُ فِي الِازْدِيَادِ مِنَ الصِّيَامِ لِخِفَّةِ الْمَشَقَّةِ فِيهِ» അത്താഴം കഴിക്കുന്നത് നോമ്പിന് കരുത്ത് നൽകുകയും ഉന്മേഷം നൽകുകയും ചെയ്യുന്നു. നോമ്പിന്റെ പ്രയാസങ്ങൾ കുറയുന്നതിലൂടെ കൂടുതൽ നോമ്പുകൾ എടുക്കാനുള്ള ആഗ്രഹം അത് വഴി ഉണ്ടാവുകയും ചെയ്യുന്നു. ( ശറഹു സ്വഹീഹ് മുസ്ലിം – ഇമാം നവവി) 

 ​ഇമാം ഇബ്നു ഹജർ അസ്ഖലാനി (റ) ബർക്കത്തിനെക്കുറിച്ച്: «الْبَرَكَةُ فِي السُّحُورِ تَحْصُلُ مِنْ جِهَاتٍ مُتَعَدِّدَةٍ: الِاتِّبَاعُ لِلسُّنَّةِ، وَمُخَالَفَةُ أَهْلِ الْكِتَابِ، وَالتَّقَوِّي بِهِ عَلَى الْعِبَادَةِ» (അത്താഴത്തിലെ ബർക്കത്ത് പല വഴികളിലൂടെ ലഭിക്കുന്നു: സുന്നത്തിനെ പിന്തുടരുക, വേദക്കാരോട് വ്യത്യാസപ്പെടുക, ആരാധനയ്ക്ക് കരുത്ത് നേടുക എന്നിവ അതിൽ പെട്ടതാണ്. ( ഫത്ഹുൽ ബാരി ശറഹു സ്വഹീഹുൽ ബുഖാരി) 

ചുരുക്കത്തിൽ സഹർ ബർക്കത്തുള്ള ഒരു പ്രവാചകചര്യയും ഭക്ഷണവും ആണ്.അത് ഒഴിവാക്കുന്നത് തീർച്ചയായും നമ്മുടെ നോമ്പിന് നല്ലതല്ല.സഹർ സമയവും പ്രത്യേകത നിറഞ്ഞതാണ്.റമദാനിലെ ഇബാദത്തുകൾ നാം ക്രമീകരിക്കുമ്പോൾ സഹർ സമയത്തെ തഹജ്ജുദ് നിസ്കാരം ശീലമാകുവാൻ നാം പ്രത്യേകം ശ്രദ്ധിക്കണം.അല്ലാഹു അതിന് തൗഫീഖ് നൽകട്ടെ.ആമീൻ യാ റബ്ബൽ ആലമീൻ

Similar Posts

  • നോമ്പും നാവിനെ സൂക്ഷിക്കലും

    ഇസ്ലാമിൻറെ കാഴ്ചപ്പാടിൽ നോമ്പ് എന്നത് ശാരീരികമായി മാത്രം അനുഭവിക്കേണ്ട ഒന്നല്ല.രാവിലെ മുതൽ വൈകുന്നേരം വരെ പാനീയങ്ങളും ഭോഗപരതയും എല്ലാം ഒഴിവാക്കി നോമ്പ് അനുഷ്ഠിക്കുന്ന ഒരു വ്യക്തി അവന്റെ നിർബന്ധ കടമ പൂർത്തിയാക്കുമെങ്കിലും അവൻ്റെ നാവിനെ ഹറാമുകളിൽ  നിന്നും അവൻ സംരക്ഷിക്കുന്നില്ലെങ്കിൽ നോമ്പിൻറെ പൂർണ്ണതയിലേക്ക് അവന് എത്താൻ കഴിയുകയില്ല. ആമാശയം ഭക്ഷണത്തിൽ നിന്ന് നോമ്പ് നോൽക്കുമ്പോൾ, നാവ് അനാവശ്യവും നിഷിദ്ധവുമായ സംസാരങ്ങളിൽ നിന്നും നോമ്പ് നോൽക്കേണ്ടതുണ്ട്. വിശ്വാസിയുടെ നോമ്പ് ഒരു പൂർണ്ണമായ ആരാധനയാകുന്നത് അവന്റെ നാവ് നിയന്ത്രിക്കപ്പെടുമ്പോൾ മാത്രമാണ്….

  • റമദാൻ: ക്ഷമയുടെ വസന്തകാലം

    സൽസ്വഭാവങ്ങളുടെയെല്ലാം ആധാരശിലയാണ് ക്ഷമ അഥവാ ‘സ്വബർ’. ദുസ്വഭാവങ്ങളിൽ നിന്നുള്ള മോചനവും മനോനിയന്ത്രണവുമാണത്. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും കാംക്ഷിച്ചുകൊണ്ട്, അനിഷ്ടകരമായ കാര്യങ്ങളിൽ നിന്ന് മനസ്സിനെയും നഫ്സിനെയും തളച്ചിടുകയും തന്നിഷ്ടങ്ങളിൽ നിന്ന് അതിനെ തടയുകയും ചെയ്യുന്നതിനെയാണ് ക്ഷമ എന്ന് വിളിക്കുന്നത്. ഇത് പ്രധാനമായും മൂന്ന് കാര്യങ്ങളെ ഉൾക്കൊള്ളുന്നു: അല്ലാഹുവെ അനുസരിക്കുന്നതിലെ ക്ഷമ, പാപങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കുന്നതിലെ ക്ഷമ, അല്ലാഹു നിശ്ചയിച്ച വേദനാജനകമായ തീരുമാനങ്ങളിൽ പതറാത്ത ക്ഷമ. ഈ മൂന്ന് കാര്യങ്ങളിലൂടെയല്ലാതെ ഒരു വ്യക്തിയുടെ ദീനീബോധം പൂർണ്ണമാകില്ല: റമദാൻ: ക്ഷമയുടെ വിദ്യാലയം…

  • സക്കാത്ത് നൽകാതിരിക്കുന്നതിൻ്റെ അപകടങ്ങൾ

    1. മാനവികതയ്ക്ക് വിരുദ്ധം സമ്പത്ത് നൽകുന്നത് മനുഷ്യരെ പരീക്ഷിക്കാനാണെന്ന് ഖുർആൻ ഉണർത്തുന്നു. സക്കാത്ത് നൽകാതിരിക്കുന്നത് ലോകത്ത് സാമ്പത്തിക അസ്ഥിരതയും അസമത്വവും സൃഷ്ടിക്കും.+2 2. മുനാഫിക്കുകളുടെ (കപടവിശ്വാസി) അടയാളം സക്കാത്ത് നൽകാൻ മടി കാണിക്കുന്നത് കപടവിശ്വാസികളുടെ ലക്ഷണമായി ഖുർആൻ വിശേഷിപ്പിക്കുന്നു.+1 3. ലുബ്ദ്ധിൻ്റെ (പിശുക്ക്) വിപത്തുകൾ പിശുക്ക് കാണിക്കുന്ന സമ്പത്ത് അന്ത്യനാളിൽ കഴുത്തിൽ മാലയായി അണിയിക്കപ്പെടും.+1 4. കഠിനശിക്ഷകൾ സക്കാത്ത് നൽകാത്തവർക്ക് പരലോകത്ത് കഠിനമായ ശിക്ഷകളുണ്ടെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. 5. അബൂബക്കർ സിദ്ദീഖ് (റ) വിൻ്റെ നിലപാട് നബി…

  • ഇഫ്‌ത്വാറിൻ്റെ മഹത്വം

    റമദാനിൽ നമുക്ക് നേടിയെടുക്കാൻ കഴിയുന്ന പുണ്യങ്ങളിൽ ഏറെ സുപ്രധാനമായതാണ് ഇഫ്ത‌ാർ. ധാരാളം നന്മകൾ അല്ലാഹു സുബ്ഹാനവതആലാ ഈ ഉൾപ്പെടുത്തിയിട്ടുണ്ട്. പരസ്‌പരമുള്ള സാഹോദര്യം പുതുക്കലും ഇബാദത്തിൽ സഹാനുഭൂതി പ്രകടമാക്കലും മറ്റുള്ളവർക്ക് ഭക്ഷണം നൽകലും കുടുംബബന്ധങ്ങളെ മെച്ചപ്പെടുത്തലും എല്ലാം ഈ അമലിൻ്റെ അനുബന്ധങ്ങളായ അല്ലാഹു നിശ്ചയിച്ചിരിക്കുന്നതാണ്. അതിനാൽ തന്നെ നോമ്പുതുറപ്പിക്കലിന് വലിയ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്യുന്നു. നോമ്പുകാരൻ്റെ അതേ പ്രതിഫലം: عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:…

  • പാപമോചനത്തിൻ്റെ വഴികൾ

    റമദാൻ പാപമോചനത്തിൻ്റെ മാസമാണ്. ഭയഭക്തിയുള്ള വിശ്വാസികളുടെ പാപങ്ങൾ അല്ലാഹുതആല റമദാനിലൂടെ പൊറുത്തു കൊടുക്കുന്നു. അതിലൂടെ അവരുടെ ശരീരങ്ങളെ നരകത്തിൽ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു.. ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനിൽ വ്രതമനുഷ്‌ഠിക്കുകയും രാത്രി നമസ്‌കരിക്കുകയും ചെയ്‌താൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും എന്നത് വളരെ പ്രസിദ്ധമായ പ്രവാചക വചനമാണല്ലോ. റമദാനിലെ പാപമോചനത്തിൻ്റെ കാരണങ്ങളിൽ നിന്ന് വിമുഖത കാണിക്കുകയും, റമദാൻ ലഭിച്ചിട്ടും പാപമോചനം നേടാതെ പോകുന്നവന് പിന്നെ എപ്പോഴാണ് അല്ലാഹുവിൻ്റെ മാപ്പും മഗ്‌ഫിറത്തും ലഭിക്കുക?! بَعْدَ عن الله…

  • റമദാനും ദുആയും

    വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും ശക്തമായ ആയുധവും അല്ലാഹുവുമായുള്ള ആത്മീയ ബന്ധത്തിന്റെ പാലവുമാണ് പ്രാർത്ഥന (ദുആ). നമ്മുടെ ജീവിതത്തിലെ വിവിധങ്ങളായ ആവശ്യങ്ങൾ അല്ലാഹുവിൽ നിന്ന് നേടിയെടുക്കാനുള്ള ഏറ്റവും വലിയ മാധ്യമമാണ് ദുആ. ഖുർആനിലും ഹദീസിലും വന്നിരിക്കുന്ന മര്യാദകൾ പാലിച്ചുകൊണ്ട് നാം അല്ലാഹുവിന്റെ മുമ്പിൽ കൈ നീട്ടിയാൽ തീർച്ചയായും അല്ലാഹു നമ്മെ സ്വീകരിക്കും. വിശുദ്ധ റമദാൻ അത് പരിശീലിക്കാനും നടപ്പാക്കാനും ഉള്ള ഏറ്റവും നല്ല സമയമാണ്. കാരണം ഈ മാസത്തിൽ പ്രാർത്ഥനകൾ സ്വീകരിക്കുന്ന ധാരാളം സന്ദർഭങ്ങളെ അള്ളാഹു ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ്…

Leave a Reply

Your email address will not be published. Required fields are marked *