തഹജ്ജുദ് : വിശ്വാസിയുടെ ആത്മീയ കരുത്ത്

രാത്രിനമസ്‌കാരം വിശ്വാസിക്ക് നൽകുന്ന ഗുണങ്ങളും ശ്രേഷ്ഠതകളും എണ്ണമറ്റതാണ്.ജനങ്ങൾ എല്ലാം ഉറങ്ങുന്ന സമയത്ത് എഴുന്നേറ്റിരുന്ന് അല്ലാഹുവിൻറെ മുമ്പിൽ മുനാജാത്തിന് നിൽക്കുന്ന ഒരു വ്യക്തി ശാരീരികമായും മാനസികമായും അനുഭവിക്കുന്ന ആത്മീയമായ ഉന്നതി വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിനപ്പുറത്താണ്.അതിനാൽ തന്നെ വിശുദ്ധ ഇസ്ലാമിൽ ഈ അമലിന് വലിയ പ്രാധാന്യമുണ്ട്.ആത്മീയമായ കരുത്ത് ഏറെ ആവശ്യമുണ്ടായിരുന്ന ഇസ്‌ലാമിന്റെ പ്രാരംഭഘട്ടത്തിൽ ഇത് സഹാബാക്കൾക്ക് നിർബന്ധമായിരുന്നു എന്നതുതന്നെ ഇതിന്റെ പ്രാധാന്യത്തിന്റെ തെളിവാണ്. മക്കയിൽ ഇസ്‌ലാമിക നിയമങ്ങൾ പൂർണ്ണമാകുന്നതിനും മുമ്പ് തന്നെ നബി ﷺ യോട് രാത്രിയിൽ എഴുന്നേറ്റ് നമസ്‌കരിക്കാൻ അല്ലാഹു കൽപ്പിച്ചു.
ഖുർആനിൽ ആദ്യമായി ഇറങ്ങിയ സൂറത്തുകളിൽ ഒന്നായ സൂറത്തുൽ മുസ്സമ്മിലിലൂടെയാണ് ഈ കൽപ്പന വന്നത്:
﴿ يَا أَيُّهَا المُزَّمِّلُ * قُمِ اللَّيْلَ إِلَّا قَلِيلًا * نِصْفَهُ أَوِ انْقُصْ مِنْهُ قَلِيلًا * أَوْ زِدْ عَلَيْهِ وَرَتِّلِ القُرْآَنَ تَرْتِيلًا ﴾ [المزمل:1-4]
(സാരം: ഓ, വസ്ത്രം പുതച്ചു മൂടിയവനേ, രാത്രിയിൽ അല്പസമയം ഒഴികെ എഴുന്നേറ്റ് നമസ്‌കരിക്കുക. അതിന്റെ പകുതി, അല്ലെങ്കിൽ അതിൽ നിന്ന് കുറച്ചു കുറയ്ക്കുക. അല്ലെങ്കിൽ അതിനേക്കാൾ വർദ്ധിപ്പിക്കുക. ഖുർആൻ സാവധാനത്തിൽ പാരായണം ചെയ്യുകയും ചെയ്യുക.)
ആയിഷ (റ) നിവേദനം ചെയ്യുന്നു: ഈ സൂറത്തിന്റെ തുടക്കത്തിൽ അല്ലാഹു രാത്രിനമസ്‌കാരം നിർബന്ധമാക്കി. നബി ﷺ യും അനുചരന്മാരും ഒരു വർഷത്തോളം (പാദങ്ങൾ വീങ്ങുന്നതുവരെ) രാത്രി എഴുന്നേറ്റ് നമസ്‌കരിച്ചു. പന്ത്രണ്ട് മാസങ്ങൾക്ക് ശേഷമാണ് ഇതിൽ ഇളവ് നൽകിക്കൊണ്ടുള്ള വചനങ്ങൾ അവതരിച്ചത്. അങ്ങനെ തഹജ്ജുദ് നിർബന്ധമെന്നതിൽ നിന്ന് മാറി സുന്നത്ത് കർമ്മമായി മാറി. (സ്വഹീഹ് മുസ്‌ലിം, അബൂദാവൂദ്).
സാധാരണ മുസ്ലീങ്ങൾക്ക് ഇത് സുന്നത്താണെങ്കിലും, നബി ﷺ യുടെ പദവികൾ ഉയർത്തുന്നതിനും ആത്മീയമായ കരുത്തിനും വേണ്ടി അല്ലാഹു ഇത് നബി തങ്ങൾക്ക് നിർബന്ധമാക്കിത്തന്നെ നിലനിർത്തി. ഖുർആൻ പറയുന്നു:
﴿ وَمِنَ اللَّيْلِ فَتَهَجَّدْ بِهِ نَافِلَةً لَكَ ﴾ [الإسراء:79]
(സാരം: രാത്രിയുടെ ഒരു ഭാഗത്ത് താങ്കൾക്ക് മാത്രമായ നിലയിൽ അങ്ങ് തഹജ്ജുദ് നമസ്‌കരിക്കുക.)
ഇതിന്റെ ഫലമായി അല്ലാഹു വാഗ്ദാനം ചെയ്തത് ‘മഖാമുൻ മഹ്മൂദ്’ എന്ന ഏറ്റവും അസൂയാവഹവും പ്രാധാന്യവും ഉള്ള പദവിആണ്. പരലോകത്ത് നബി ﷺ ക്ക് മാത്രം ലഭിക്കുന്ന ശുപാർശയ്ക്കുള്ള (ശഫാഅത്ത്) മഹത്തായ പദവിയാണത്.ഒരു ഹദീസിൽ ഇപ്രകാരം കാണാം:
إِنَّ الشَّمْسَ لَتَدْنُو حَتَّى يَبْلُغَ العَرَقُ نِصْفَ الأُذُنِ، فَبَيْنَمَا هُمْ كَذَلِكَ اسْتَغَاثُوا بِآدَمَ، ثُمَّ بِمُوسَى، ثُمَّ بِمُحَمَّدٍ ﷺ، فَيَشْفَعُ لِيُقْضَى بَيْنَ الخَلْقِ، فَيَمْشِي حَتَّى يَأْخُذَ بِحَلْقَةِ البَابِ، فَيَوْمَئِذٍ يَبْعَثُهُ اللَّهُ مَقَامًا مَحْمُودًا، يَحْمَدُهُ أَهْلُ الجَمْعِ كُلُّهُمْ.»
(صحيح البخاري)
“സൂര്യൻ ജനങ്ങളോട് അടുത്തു നിൽക്കുകയും വിയർപ്പ് ചെവി പകുതി വരെ എത്തുകയും ചെയ്യുന്ന ഘട്ടത്തിൽ ജനങ്ങൾ ആദം നബിയോടും മൂസാ നബിയോടും സഹായം തേടും. അവരെല്ലാം കൈയൊഴിയുമ്പോൾ മുഹമ്മദ് നബി(സ)യുടെ അടുത്തെത്തും. അദ്ദേഹം സൃഷ്ടികൾക്കിടയിൽ വിധി തീർപ്പിനായി ശുപാർശ ചെയ്യും. അദ്ദേഹം നടന്നുപോയി സ്വർഗ്ഗകവാടത്തിന്റെ വളയത്തിൽ പിടിക്കും. അന്നാണ് അല്ലാഹു അദ്ദേഹത്തെ സ്തുത്യർഹമായ സ്ഥാനത്ത് നിയോഗിക്കുന്നത്.”
ചുരുക്കത്തിൽ, രാത്രിനമസ്‌കാരം കാരണമാണ് പ്രവാചകൻ (സ) ഇത്രയും ഉന്നതമായ പദവിയിൽ എത്തുന്നത് എന്നാണ് ഖുർആൻ മനസ്സിലാക്കി തരുന്നത്. അതിനാൽ, രാത്രിനമസ്‌കാരം പതിവാക്കുന്ന ഏതൊരു വിശ്വാസിക്കും അല്ലാഹു ഉന്നതമായ പദവികൾ നൽകി അനുഗ്രഹിക്കും എന്നും ഈ ആയത്ത് നമ്മളെ പഠിപ്പിക്കുന്നു.
രാത്രിനമസ്‌കാരം നിർവ്വഹിക്കുന്നവരെ അല്ലാഹു പലയിടങ്ങളിൽ പുകഴ്ത്തി പറയുന്നുണ്ട്
وَاذْكُرِ اسْمَ رَبِّكَ بُكْرَةً وَأَصِيلًا * وَمِنَ اللَّيْلِ فَاسْجُدْ لَهُ وَسَبِّحْهُ لَيْلًا طَوِيلًا﴾ [الإنسان: 25 – 26]
(നീ പ്രഭാതത്തിലും പ്രദോഷത്തിലും നിന്റെ നാഥന്റെ നാമം സ്മരിക്കുക. രാത്രിയുടെ ഒരു ഭാഗത്ത് റബ്ബിന് മുന്നിൽസുജൂദ് ചെയ്യുകയും ദീർഘനേരം അവനെ പുകഴ്ത്തുകയും ചെയ്യുകയും ചെയ്യുക).
സമാനമായ അർത്ഥത്തിൽ സൂറത്തുൽ ഖാഫിലും ഈ ആയത്ത് കാണാം
* ﴿ وَمِنَ اللَّيْلِ فَسَبِّحْهُ وَأَدْبَارَ السُّجُودِ ﴾
* [ق:40]
* മറ്റൊരു ആയത്തിൽ രാത്രി നിസ്കരിക്കുന്നവൻ അല്ലാഹുവിൻറെ അനുഗ്രഹത്തെ പ്രതീക്ഷിക്കുന്നവനായും അതല്ലാത്തവരെക്കാൾ മഹത്വമുള്ളവനായും മനസ്സിലാക്കിത്തരുന്നു: അല്ലാഹു പറയുന്നു﴿ أَمْ مَنْ هُوَ قَانِتٌ آَنَاءَ اللَّيْلِ سَاجِدًا وَقَائِمًا يَحْذَرُ الآَخِرَةَ وَيَرْجُو رَحْمَةَ رَبِّهِ ﴾ [الزمر:9] (സാരം: പരലോകത്തെ ഭയപ്പെട്ടുകൊണ്ടും തന്റെ രക്ഷിതാവിന്റെ കാരുണ്യം പ്രതീക്ഷിച്ചുകൊണ്ടും രാത്രിസമയങ്ങളിൽ സാഷ്ടാംഗത്തിലായും നിന്നു നമസ്‌കരിച്ചും കഴിഞ്ഞുകൂടുന്നവനാണോ അതല്ല സത്യനിഷേധിയാണോ ഉത്തമൻ?)
ഖുർആനിൽ മറ്റൊരു ആയത്തിൽ അല്ലാഹുവിന്റെ ഉത്തമരായ ദാസന്മാരുടെ (ഇബാദുറഹ്മാൻ) ഗുണമായി അല്ലാഹു പറയുന്നത്: ﴿ وَالَّذِينَ എന്നാണ് يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَامًا ﴾ [الفرقان:64] (സാരം: തങ്ങളുടെ രക്ഷിതാവിനുവേണ്ടി സാഷ്ടാംഗം പ്രണമിക്കുന്നവരായും നിന്നു നമസ്‌കരിക്കുന്നവരായും രാത്രി ചെലവഴിക്കുന്നവർ.)
അതുകൊണ്ടുതന്നെ പ്രവാചകൻ സ്വല്ലല്ലാഹു അലൈഹിവസല്ലം തൻറെ അനുയായികളെ രാത്രി നിസ്കാരത്തിനായി ശക്തമായി പ്രേരിപ്പിക്കുമായിരുന്നു.
മദീനയിൽ എത്തിയപ്പോൾ നബി ﷺ ആദ്യമായി നൽകിയ ആദ്യ ഉപദേശങ്ങളിലൊന്ന് ഇതായിരുന്നു:
«يَا أَيُّهَا النَّاسُ، أَفْشُوا السَّلَامَ، وَأَطْعِمُوا الطَّعَامَ، وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ، تَدْخُلُوا الْجَنَّةَ بِسَلَامٍ» (رواه الترمذي)
(ജനങ്ങളേ, നിങ്ങൾ സലാം വ്യാപിപ്പിക്കുക, ഭക്ഷണം നൽകുക, ജനങ്ങൾ ഉറങ്ങുമ്പോൾ രാത്രിയിൽ നമസ്‌കരിക്കുക; എങ്കിൽ നിങ്ങൾക്ക് സമാധാനത്തോടെ സ്വർഗ്ഗത്തിൽ പ്രവേശിക്കാം.)
മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം:
«أَفْضَلُ الصَّلَاةِ بَعْدَ الْفَرِيضَةِ صَلَاةُ اللَّيْلِ» (رواه مسلم)
(സാരം: നിർബന്ധ നമസ്‌കാരങ്ങൾക്ക് ശേഷം ഏറ്റവും ശ്രേഷ്ഠമായ നമസ്‌കാരം രാത്രി നമസ്‌കാരമാണ്.)
രാത്രി സമയത്ത് വിരിപ്പുകളിൽ നിന്ന് എഴുന്നേൽക്കുന്നതും ഉറക്കം ഒഴിവാക്കുന്നതും സാധാരണ നിലയിൽ ഭാരം ആയതുകൊണ്ടുതന്നെ വിരിപ്പുകളിൽ നിന്ന് ശരീരത്തെ വേർപെടുത്തുന്നവർ അല്ലാഹുവിൻറെ നല്ലവരായ ദാസന്മാരാണ് എന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തുന്നു:
﴿إِنَّمَا يُؤْمِنُ بِآيَاتِنَا الَّذِينَ إِذَا ذُكِّرُوا بِهَا خَرُّوا سُجَّدًا وَسَبَّحُوا بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ * تَتَجَافَى جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنْفِقُونَ﴾
സുഖകരമായ ഉറക്കത്തിൽ നിന്ന് തൻറെ കുടുംബത്തിന്റെയും ആലസ്യത്തിന്റെയും ഇടയിൽനിന്ന് എഴുന്നേറ്റ് റബ്ബിന്റെ മുമ്പിൽ നിസ്കരിക്കുന്ന വ്യക്തിയെക്കുറിച്ച്
അല്ലാഹു അത്ഭുതപ്പെടും എന്ന് പ്രവാചകൻ പഠിപ്പിക്കുന്നു
«عَجِبَ رَبُّنَا مِنْ رَجُلَيْنِ: رَجُلٌ ثَارَ عَنْ وِطَائِهِ وَلِحَافِهِ مِنْ بَيْنِ حِبِّهِ وَأَهْلِهِ إِلَى صَلَاتِهِ، فَيَقُولُ اللهُ جَلَّ وَعَلَا لِمَلَائِكَتِهِ: يَا مَلَائِكَتِي، انْظُرُوا إِلَى عَبْدِي، ثَارَ عَنْ فِرَاشِهِ وَوِطَائِهِ مِنْ بَيْنِ حِبِّهِ وَأَهْلِهِ إِلَى صَلَاتِهِ؛ رَغْبَةً فِيمَا عِنْدِي، وَشَفَقَةً مِمَّا عِنْدِي.» (رواه أحمد وابن حبان)
തന്റെ സഹചാരികളിൽ പ്രധാനിയും ചെറുപ്പക്കാരനും ആയിരുന്ന
മുആദ് (റ) വിനോട് പ്രവാചകൻ സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ നൽകിയ ഉപദേശം പ്രസക്തമാണ്:
«…أَلَا أَدُلُّكَ عَلَى أَبْوَابِ الْخَيْرِ؟ الصَّوْمُ جُنَّةٌ، وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ، وَصَلَاةُ الرَّجُلِ فِي جَوْفِ اللَّيْلِ، ثُمَّ قَرَأَ: ﴿تَتَجَافَى جُنُوبُهُمْ عَنِ الْمَضَاجِعِ﴾ حَتَّى بَلَغَ ﴿يَعْمَلُونَ﴾.» (رواه الترمذي وقال: حديث حسن صحيح
ഒരു വ്യക്തിയും അവൻറെ കുടുംബവും കുടുംബവും ഈ പുണ്യകർമ്മത്തിൽ പങ്കാളികളാകണമെന്നും രാത്രി നിസ്കാരത്തിനായി കുടുംബത്തെ വിളിച്ചുണർത്തുന്നത് വലിയ പുണ്യ പ്രവർത്തനമാണെന്നും നബി ﷺ പഠിപ്പിച്ചു.
«رَحِمَ اللَّهُ رَجُلًا قَامَ مِنَ اللَّيْلِ فَصَلَّى وَأَيْقَظَ امْرَأَتَهُ… رَحِمَ اللَّهُ امْرَأَةً قَامَتْ مِنَ اللَّيْلِ فَصَلَّتْ وَأَيْقَظَتْ زَوْجَهَا…» (رواه أبو داود)
(സാരം: രാത്രിയിൽ എഴുന്നേറ്റ് നമസ്‌കരിക്കുകയും തന്റെ ഭാര്യയെ വിളിച്ചുണർത്തുകയും ചെയ്യുന്ന പുരുഷനെ അല്ലാഹു അനുഗ്രഹിക്കട്ടെ… അതുപോലെ തന്റെ ഭർത്താവിനെ വിളിച്ചുണർത്തുന്ന സ്ത്രീയെയും അല്ലാഹു അനുഗ്രഹിക്കട്ടെ.)
കൂടാതെ, റമദാനിലെ രാത്രി നമസ്‌കാരത്തിന് പ്രത്യേക പ്രതിഫലമുണ്ട്:
തഹജ്ജുദ് ആത്മീയ വിശുദ്ധിക്ക് മാത്രമല്ല, ശാരീരിക ആരോഗ്യത്തിനും ഗുണകരമാണെന്ന് ഹദീസ് വ്യക്തമാക്കുന്നു:
عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأْبُ الصَّالِحِينَ قَبْلَكُمْ، وَهُوَ قُرْبَةٌ إِلَى رَبِّكُمْ، وَمَطْرَدَةٌ لِلدَّاءِ عَنِ الْجَسَدِ
“നിങ്ങൾ രാത്രി നമസ്കാരം പതിവാക്കുക. അത് നിങ്ങൾക്ക് മുമ്പുള്ള സജ്ജനങ്ങളുടെ ചര്യയാണ്. അത് നിങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുകയും ശരീരത്തിൽ നിന്ന് രോഗങ്ങളെ അകറ്റുകയും ചെയ്യും.”
(സുനനുത്തുർമുദി: 3549)
ലോകത്ത് ചരിത്രം സൃഷ്ടിച്ചിട്ടുള്ള പലരും നേരത്തെ എഴുന്നേൽക്കുന്നവരും ആ സമയത്തെ ഉപയോഗപ്പെടുത്തുന്നവരുമായിരുന്നു.ഇന്നും അത്ഭുതകരമായ കണ്ടെത്തലുകൾ നടത്തുന്ന പല പ്രതിഭകളും അവരുടെ പ്രഭാത സമയത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നവരാണ് എന്ന് അവരുടെ ജീവിത ചരിത്രങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാൻ കഴിയും.മനശാസ്ത്രപരമായി നേരത്തെ കിടക്കുക (early to bed) എന്ന ഒരു കൺസെപ്റ്റ് തന്നെ പല ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത് നമുക്ക് കാണാം.ലോകമെങ്ങും അംഗീകരിക്കപ്പെട്ട “Early to bed and early to rise…” എന്ന സങ്കൽപ്പം ഇസ്‌ലാമിക ജീവിതരീതിയുമായും ആധുനിക ആരോഗ്യശാസ്ത്രവുമായും തികച്ചും ഒത്തുപോകുന്ന ഒന്നാണ്. ബെഞ്ചമിൻ ഫ്രാങ്ക്ലിന്റെ പ്രശസ്തമായ വരികൾ ഇങ്ങനെയാണല്ലോ:
”Early to bed and early to rise, makes a man healthy, wealthy, and wise.”
(നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുന്നത് ഒരു മനുഷ്യനെ ആരോഗ്യവാനും സമ്പന്നനും ബുദ്ധിമാനുമാക്കുന്നു.)
ഗ്രീക്ക് തത്വചിന്തകനായ അരിസ്റ്റോട്ടിൽ ഒരിക്കൽ പറഞ്ഞു:”It is well to be up before daybreak, for such habits contribute to health, wealth, and wisdom.” (സൂര്യോദയത്തിന് മുമ്പ് ഉണരുന്നത് നല്ലതാണ്, കാരണം അത്തരം ശീലങ്ങൾ ആരോഗ്യത്തിനും സമ്പത്തിനും ജ്ഞാനത്തിനും കാരണമാകുന്നു.) ലോക ജനതയെ സ്വാധീനിക്കുകയും ഇന്ത്യയുടെ യശസ്നെ ലോകത്ത് ഉയർത്തുകയും ചെയ്ത നമ്മുടെ രാജ്യത്തിൻറെ മുൻ പ്രസിഡൻറ്
Dr.എ.പി.ജെ. അബ്ദുൾ കലാം പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കുന്ന ശീലക്കാരനായിരുന്നു. കുളികഴിഞ്ഞ് അല്പനേരം പഠനത്തിനും പ്രാർത്ഥനയ്ക്കും മാറ്റിവെക്കും. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളും തീരുമാനങ്ങളും ഇത്തരം പ്രഭാതവേളകളിലാണ് ഉണ്ടായതെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ആപ്പിൾ കമ്പനിയുടെ സിഇഒ ആയ ടിം കുക്കിന്റെ സമയക്രമം ലോകത്ത് പ്രസിദ്ധമാണ്.അദ്ദേഹത്തിൻറെ സമയക്രമത്തെക്കുറിച്ച് മാത്രം പുസ്തകങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്.അദ്ദേഹം എല്ലാ ദിവസവും പുലർച്ചെ 3:45-ന് ഉണരുന്നു. ഉണർന്ന ഉടൻ തന്നെ അദ്ദേഹം ചെയ്യുന്നത് ആപ്പിൾ ഉപഭോക്താക്കളിൽ നിന്ന് വരുന്ന ഇമെയിലുകൾ വായിക്കുക എന്നതാണ്. ഏകദേശം 700-800 ഇമെയിലുകൾ വരെ അദ്ദേഹം ദിവസവും കൈകാര്യം ചെയ്യാറുണ്ട്. ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ നേരിട്ട് അറിയാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.ഇത്തരത്തിൽ നിരവധി വ്യക്തിത്വങ്ങൾ രാവിലെ നേരത്തെ എഴുന്നേൽക്കുന്നവരായിരുന്നു.വിശ്വാസികളായ നമ്മളെ സംബന്ധിച്ചിടത്തോളം രാവിലത്തെ ആ സമയം ഇബാദത്തിനു വേണ്ടി മാറ്റിവയ്ക്കുകയും റബ്ബിന്റെ മുമ്പിൽ മുനാജാത്തിൽ ഏർപ്പെടുകയും ചെയ്യുമ്പോൾ ഒരു ദിവസത്തെ മുഴുവൻ വിഷയങ്ങളും പരിഹരിക്കുവാനും ആത്മീയവും ശാരീരികവുമായ കരുത്ത് നേടുവാനും നമുക്ക് സാധിക്കും.
തഹജ്ജുദ് ഒരാളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റത്തെക്കുറിച്ച് ഒരിക്കൽ ഇബ്നുൽ ഖയ്യിം (റ) പറഞ്ഞു :-
صلاة الليل تجلب الرزق، وتحفظ الصحة، وتطرد الداء، وتورث نور القلب، وتبيض الوجه
“രാത്രി നമസ്കാരം ഉപജീവനത്തെ (റിസ്ഖ്) ആകർഷിക്കുന്നു, ആരോഗ്യം സംരക്ഷിക്കുന്നു, രോഗങ്ങളെ അകറ്റുന്നു, ഹൃദയത്തിന് പ്രകാശം നൽകുന്നു, മുഖത്തിന് ശോഭ നൽകുന്നു.”
(സാദുൽ മആദ്)
സുഫ്യാൻ അസ്സൗരി (റ)ഈ വിഷയത്തിൽ പറഞ്ഞ സുപ്രസിദ്ധമായ ഒരു വാചകം പല ഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഇമാം ഗസ്സാലിയുടെ ‘ഇഹ്യാ ഉലൂമിദ്ദീൻ’ (إحياء علوم الدين) എന്ന ഗ്രന്ഥത്തിൽ രാത്രി നമസ്കാരത്തിൻ്റെ ശ്രേഷ്ഠത പറയുന്ന ഭാഗത്ത് ഇത് കാണാം:
”لَيْسَ شَيْءٌ أَقَرَّ لِعَيْنِي، وَلَا أَذَلَّ لِنَفْسِي، مِنْ قِيَامِ اللَّيْلِ فِي شِدَّةِ بَرْدِهِ.”
അർത്ഥം: “കഠിനമായ തണുപ്പുള്ള രാത്രിയിലെ നമസ്കാരത്തേക്കാൾ എൻ്റെ കണ്ണിന് കുളിർമ നൽകുന്നതും, എൻ്റെ മനസ്സിനെ (അല്ലാഹുവിന് മുന്നിൽ) വിനയപ്പെടുത്തുന്നതുമായ മറ്റൊന്നുമില്ല.”
(അവലംബം: إحياء علوم الدين – ഇമാം ഗസാലി)
രാത്രി നിസ്കാരം ശീലിക്കാനുള്ള ഏറ്റവും എളുപ്പമായ സമയമാണ് റമളാൻ.സഹറിനു ശേഷമുള്ള സമയം നിസ്കാരത്തിനായി മാറ്റിവച്ചാൽ റമദാൻ സാർത്ഥകമാകുവാനും ജീവിതത്തിൽ അത് തുടർത്തുവാനും നമുക്ക് സാധിക്കും.റബ്ബ് ഭാഗ്യം നൽകട്ടെ -ആമീൻ
.
