റമദാൻ: ക്ഷമയുടെ വസന്തകാലം

സൽസ്വഭാവങ്ങളുടെയെല്ലാം ആധാരശിലയാണ് ക്ഷമ അഥവാ ‘സ്വബർ’. ദുസ്വഭാവങ്ങളിൽ നിന്നുള്ള മോചനവും മനോനിയന്ത്രണവുമാണത്. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും കാംക്ഷിച്ചുകൊണ്ട്, അനിഷ്ടകരമായ കാര്യങ്ങളിൽ നിന്ന് മനസ്സിനെയും നഫ്സിനെയും തളച്ചിടുകയും തന്നിഷ്ടങ്ങളിൽ നിന്ന് അതിനെ തടയുകയും ചെയ്യുന്നതിനെയാണ് ക്ഷമ എന്ന് വിളിക്കുന്നത്. ഇത് പ്രധാനമായും മൂന്ന് കാര്യങ്ങളെ ഉൾക്കൊള്ളുന്നു: അല്ലാഹുവെ അനുസരിക്കുന്നതിലെ ക്ഷമ, പാപങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കുന്നതിലെ ക്ഷമ, അല്ലാഹു നിശ്ചയിച്ച വേദനാജനകമായ തീരുമാനങ്ങളിൽ പതറാത്ത ക്ഷമ. ഈ മൂന്ന് കാര്യങ്ങളിലൂടെയല്ലാതെ ഒരു വ്യക്തിയുടെ ദീനീബോധം പൂർണ്ണമാകില്ല:

  • ആരാധനകളിലെ ക്ഷമ: അല്ലാഹുവിന്റെ മാർഗത്തിലുള്ള പോരാട്ടം (ജിഹാദ്), വിജ്ഞാന സമ്പാദനം പോലുള്ള പ്രയാസകരമായതും നിരന്തരമായതുമായ ആരാധനകൾക്ക് ക്ഷമ അനിവാര്യമാണ്. മനസ്സിനെ അതിനായി പാകപ്പെടുത്തിയെടുത്തില്ലെങ്കിൽ ഈ പുണ്യകർമ്മങ്ങൾ പാതിവഴിയിൽ മുറിഞ്ഞുപോകും.
  • തിന്മകളിൽ നിന്നുള്ള പിന്മാറ്റം: മനസ്സ് കൊതിക്കുന്ന പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഇച്ഛാശക്തിയോടുള്ള പോരാട്ടം (മുസാബറ) ആവശ്യമാണ്. അതിന്റെ കയ്പ്പ് സഹിച്ചാലേ വിജയിക്കാനാകൂ. സാധാരണ നിലയിൽ നമ്മുടെ നഫ്സ് ഇത്തരം കാര്യങ്ങളോട് കൂടുതൽ താല്പര്യമുള്ളതായിരിക്കും. തിന്മകൾ ചെയ്യുവാൻ പലപ്പോഴും എളുപ്പമാണ്. അതിൽ നിന്ന് വിട്ടു നിൽക്കലാണ് പ്രയാസം. ആ പ്രയാസത്തെ മറികടക്കുന്ന മനസ്സിന്റെ ദൃഢതയാണ് യഥാർത്ഥ ക്ഷമ.
  • പരീക്ഷണങ്ങളിലെ ക്ഷമ: ദുരന്തങ്ങൾ വരുമ്പോൾ പതറാതെ, അല്ലാഹുവെ സ്തുതിച്ചും പ്രതിഫലം കാംക്ഷിച്ചും നിൽക്കാൻ ക്ഷമ വേണം. ആര് ക്ഷമയോടെ പ്രയത്നിക്കുന്നുവോ അവൻ വിജയതീരമണയും.

റമദാൻ: ക്ഷമയുടെ വിദ്യാലയം

മനുഷ്യനെ ക്ഷമിക്കുവാൻ പാകപ്പെടുത്തുന്ന ഉന്നതമായ ഒരു പാഠശാലയാണ് റമദാൻ. നബി (സ) പലയിടങ്ങളിലും റമദാനെ “ക്ഷമയുടെ മാസം” എന്നാണ് വിശേഷിപ്പിച്ചത്. അബൂ ഖതാദ (റ) നിവേദനം ചെയ്ത ഹദീസിൽ നബി (സ) പറഞ്ഞു:

“ക്ഷമയുടെ മാസത്തിലെ (റമദാൻ) നോമ്പും, ഓരോ മാസത്തെയും മൂന്ന് നോമ്പുകളും കാലമെല്ലാം നോമ്പെടുത്തതിന് തുല്യമാണ്.”

മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം:

“ക്ഷമയുടെ മാസത്തിലെ നോമ്പും ഓരോ മാസത്തിലെ മൂന്ന് നോമ്പുകളും ഹൃദയത്തിലെ പകയും വിദ്വേഷവും നീക്കിക്കളയുന്നു.”

എന്തുകൊണ്ട് റമദാൻ ക്ഷമയുടെ മാസമാകുന്നു?

റമദാനിൽ നേരത്തെ വിശദീകരിച്ച ക്ഷമയുടെ മൂന്ന് വശങ്ങളും ഒരുമിച്ചു കൂടുന്നു എന്നുള്ളതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത.

  1. ആരാധനകളിലെ ക്ഷമ: നോമ്പ്, രാത്രി നമസ്കാരം (ഖിയാമുല്ലൈൽ), ഖുർആൻ പാരായണം, ദാനധർമ്മങ്ങൾ എന്നിവയെല്ലാം വലിയ ക്ഷമ ആവശ്യപ്പെടുന്ന കാര്യങ്ങളാണ്.
  2. പാപങ്ങളിൽ നിന്നുള്ള ക്ഷമ: കള്ളം പറയുക, വഞ്ചിക്കുക, തർക്കിക്കുക, പരദൂഷണം പറയുക എന്നിവയിൽ നിന്ന് നാവിനെയും മറ്റ് അവയവങ്ങളെയും തടഞ്ഞു നിർത്താൻ വലിയ മനോധൈര്യം വേണം. അങ്ങനെ ചെയ്യുമ്പോൾ മാത്രമാണ് ഒരാളുടെ റമദാൻ സാർത്ഥകമാവുകയും നോമ്പ് പൂർണ്ണമാവുകയും ചെയ്യുക.
  3. പ്രയാസങ്ങളിലെ ക്ഷമ: വിശപ്പും ദാഹവും സഹിച്ചും, അനുവദനീയമായ ശാരീരിക ഇച്ഛകളെ പോലും അല്ലാഹുവിനായി ഉപേക്ഷിച്ചും വിശ്വാസി നടത്തുന്ന ത്യാഗം ക്ഷമയുടെ ഉത്തമ ഉദാഹരണമാണ്. നോമ്പ് എന്ന് പറഞ്ഞാൽ തന്നെ ‘ഇംസാക്’ (ശരീരത്തെ നിയന്ത്രിച്ചു നിർത്തൽ) എന്നാണല്ലോ. ക്ഷമയില്ലാതെ എങ്ങനെയാണ് ഇംസാക് എന്ന ആശയം പൂർത്തിയാവുക?

മഹാനായ ഇബ്നു ഖയ്യിം (റ) പറഞ്ഞു: “മനുഷ്യന് രണ്ട് ശക്തികളുണ്ട്; ഒന്ന് മുന്നോട്ട് കുതിക്കാനുള്ള ശക്തി (ഇഖ്ദാം), മറ്റൊന്ന് പിന്തിരിയാനുള്ള ശക്തി (ഇഹ്ജാം). ഉപകാരപ്രദമായതിലേക്ക് മനസ്സിനെ നയിക്കുന്നതും ഉപദ്രവകരമായതിൽ നിന്ന് അതിനെ തടഞ്ഞു നിർത്തുന്നതുമാണ് യഥാർത്ഥ ക്ഷമ.” അദ്ദേഹം തുടർന്നു: “മനുഷ്യന്റെ ക്ഷമ അവന്റെ ദേഹേച്ഛയേക്കാൾ മുന്നിട്ടു നിന്നാൽ അവൻ മലക്കുകളുടെ പദവിയിലേക്കുയരും. മറിച്ചാണെങ്കിൽ അവൻ മൃഗങ്ങളെപ്പോലെയോ പിശാചിനെപ്പോലെയോ അധഃപതിക്കും.”

അല്ലാഹു ക്ഷമാശീലർക്കൊപ്പമാണ്

അള്ളാഹു ക്ഷമിക്കുന്നവർക്കൊപ്പമാണെന്ന് ധാരാളം ആയത്തുകളിലൂടെ ഖുർആൻ നമ്മെ പഠിപ്പിക്കുന്നുണ്ട്:

  • അൽ-ബഖറ 153: “സത്യവിശ്വാസികളേ, നിങ്ങൾ ക്ഷമയിലൂടെയും നമസ്കാരത്തിലൂടെയും (അല്ലാഹുവിന്റെ) സഹായം തേടുവിൻ. തീർച്ചയായും അല്ലാഹു ക്ഷമാശീലരോടൊപ്പമാകുന്നു.”
  • അൽ-അൻഫാൽ 66: “ഇപ്പോൾ അല്ലാഹു നിങ്ങൾക്ക് ഭാരം ലഘൂകരിച്ചു തന്നിരിക്കുന്നു. നിങ്ങളിൽ ബലഹീനതയുണ്ടെന്ന് അവൻ അറിഞ്ഞിരിക്കുന്നു. അതിനാൽ നിങ്ങളിൽ ക്ഷമാശീലരായ നൂറുപേരുണ്ടെങ്കിൽ ഇരുന്നൂറു പേരെ അവർ ജയിക്കും. നിങ്ങളിൽ ആയിരം പേരുണ്ടെങ്കിൽ അല്ലാഹുവിന്റെ അനുമതിപ്രകാരം അവർ രണ്ടായിരം പേരെ ജയിക്കും. അല്ലാഹു ക്ഷമാശീലരോടൊപ്പമാകുന്നു.”
  • അൽ-അൻഫാൽ 46: “നിങ്ങൾ അല്ലാഹുവെയും അവന്റെ റസൂലിനെയും അനുസരിക്കുക. നിങ്ങൾ പരസ്പരം ഭിന്നിക്കരുത്. എങ്കിൽ നിങ്ങൾ ഭീരുക്കളായിപ്പോകുകയും നിങ്ങളുടെ പ്രതാപം നശിച്ചുപോകുകയും ചെയ്യും. നിങ്ങൾ ക്ഷമിക്കുക. തീർച്ചയായും അല്ലാഹു ക്ഷമാശീലരോടൊപ്പമാകുന്നു.”
  • അൽ-ബഖറ 249: “…അല്ലാഹുവുമായി കണ്ടുമുട്ടേണ്ടി വരുമെന്ന് ഉറപ്പുള്ളവർ പറഞ്ഞു: അല്ലാഹുവിന്റെ അനുമതിപ്രകാരം എത്രയെത്ര ചെറിയ സംഘങ്ങളാണ് വലിയ സംഘങ്ങളെ കീഴടക്കിയിട്ടുള്ളത്! അല്ലാഹു ക്ഷമാശീലരോടൊപ്പമാകുന്നു.”

തഫ്സീറുകളിൽ ‘അല്ലാഹു ക്ഷമാശീലരോടൊപ്പമാണ്’ എന്നതിനെ രണ്ട് രീതിയിൽ വിശദീകരിക്കുന്നു:

  1. പൊതുവായ സാമീപ്യം (മഇയ്യത്തുൽ ആമ്മ): അല്ലാഹു എല്ലാവരെയും കാണുന്നു, അറിയുന്നു.
  2. പ്രത്യേകമായ സാമീപ്യം (മഇയ്യത്തുൽ ഖാസ്സ): ക്ഷമാശീലർക്ക് അല്ലാഹുവിന്റെ സവിശേഷമായ സഹായം, സംരക്ഷണം, പിൻബലം എന്നിവ ലഭിക്കും എന്നാണ് ഇവിടെ ‘കൂടെയുണ്ട്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ക്ഷമയുടെ പ്രതിഫലം വിശദീകരിക്കുന്ന ഖുർആൻ വചനങ്ങൾ

  • സൂറത്തു ഹൂദ് (11): “ക്ഷമിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരൊഴികെ. അവർക്കുള്ളതാകുന്നു പാപമോചനവും വലിയ പ്രതിഫലവും.”
  • അർ-റഅ്ദ് (22): “തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് ക്ഷമ കൈക്കൊള്ളുകയും, നമസ്കാരം മുറപ്രകാരം നിർവഹിക്കുകയും, നാം നൽകിയിട്ടുള്ളതിൽ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, നന്മ കൊണ്ട് തിന്മയെ തടുക്കുകയും ചെയ്യുന്നവരാരോ, അവർക്കാണ് പരലോകത്തെ ശുഭപര്യവസാനം (സ്വർഗം).”
  • അർ-റഅ്ദ് (24): “നിങ്ങൾ ക്ഷമിച്ചതുകൊണ്ട് നിങ്ങൾക്ക് സമാധാനം ഉണ്ടായിരിക്കട്ടെ. ഈ ലോകത്തിന്റെ പരിണാമമായ ആ ഭവനം (സ്വർഗം) എത്ര നല്ലത്!”
  • അന്നഹ്ൽ (96): “നിങ്ങളുടെ പക്കലുള്ളത് തീർന്നുപോകും; അല്ലാഹുവിന്റെ പക്കലുള്ളതാകട്ടെ അവശേഷിക്കുന്നതുമാണ്. ക്ഷമ പാലിച്ചവർക്ക് അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിൽ വെച്ച് ഏറ്റവും നല്ലതിനനുസരിച്ചുള്ള പ്രതിഫലം നാം നൽകുക തന്നെ ചെയ്യും.”
  • അൽ-മുഅ്മിനൂൻ (111): “അവർ ക്ഷമിച്ചതിനാൽ ഇന്നേ ദിവസം ഞാൻ അവർക്ക് പ്രതിഫലം നൽകിയിരിക്കുന്നു. അവർ തന്നെയാണ് വിജയികൾ.”
  • അൽ-ഫുർഖാൻ (75): “അവർ ക്ഷമിച്ചതിന്റെ ഫലമായി അവർക്ക് സ്വർഗത്തിലെ ഉന്നത സൗധം പ്രതിഫലമായി നൽകപ്പെടും. അഭിവാദ്യത്തോടും സമാധാനത്തോടും കൂടി അവർ അവിടെ സ്വീകരിക്കപ്പെടുകയും ചെയ്യും.”
  • അൽ-ഖസസ് (80): “അറിവ് നൽകപ്പെട്ടവർ പറഞ്ഞു: നിങ്ങൾക്ക് നാശം! വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് അല്ലാഹു നൽകുന്ന പ്രതിഫലമാണ് ഉത്തമം. ക്ഷമിക്കുന്നവർക്കല്ലാതെ അത് നൽകപ്പെടുകയില്ല.”
  • അൽ-അഹ്സാബ് (35): “…ക്ഷമയുള്ളവരായ പുരുഷന്മാർ, ക്ഷമയുള്ളവരായ സ്ത്രീകൾ… ഇവർക്കെല്ലാം അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.”
  • അസ്സുമർ (10): “ക്ഷമാശീലർക്ക് തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റിക്കൊടുക്കപ്പെടുന്നത്.”
  • ഫുസ്സിലത്ത് (35): “ക്ഷമ കൈക്കൊണ്ടവർക്കല്ലാതെ ഈ ഗുണം ലഭിക്കുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ ഇത് ലഭിക്കുകയില്ല.”

ഈ പത്ത് ആയത്തുകളിലും അല്ലാഹു സുബ്ഹാനഹു വതആല ക്ഷമിക്കുന്നവർക്കുള്ള പ്രതിഫലത്തെ കുറിച്ചാണ് പറയുന്നത്. ഇത് കൂടാതെ പ്രവാചകൻ (സ) തങ്ങളുടെ ധാരാളം വചനങ്ങൾ ക്ഷമയുടെ പ്രതിഫലത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നുണ്ട്. പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ ക്ഷമ കൈക്കൊള്ളുന്നവർക്ക് സ്വർഗ്ഗമല്ലാതെ മറ്റൊരു പ്രതിഫലമില്ലെന്ന് അല്ലാഹു പ്രഖ്യാപിക്കുന്നതായി നബി (സ) പഠിപ്പിക്കുന്നു:

അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: അല്ലാഹു തആല ഇപ്രകാരം പറയുന്നു: “ദുനിയാവിലെ എന്റെ മുഅ്മിനായ അടിമയുടെ പ്രിയപ്പെട്ടവരുടെ ജീവൻ ഞാൻ തിരിച്ചെടുക്കുമ്പോൾ, അവൻ (അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ട്) ക്ഷമിക്കുകയാണെങ്കിൽ അവന് സ്വർഗ്ഗമല്ലാതെ മറ്റൊരു പ്രതിഫലവും എനിക്കടുക്കൽ ഇല്ല.” (സ്വഹീഹ് ബുഖാരി)

പരലോകത്ത് വെച്ച് പരീക്ഷണങ്ങൾ നേരിട്ടവർക്ക് ലഭിക്കുന്ന വലിയ പ്രതിഫലം കണ്ട്, ദുനിയാവിൽ സുഖമായി ജീവിച്ചവർ പോലും തങ്ങൾക്കും പരീക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുമെന്ന് നബി (സ) പഠിപ്പിക്കുന്നു:

ജാബിർ (റ) നിവേദനം ചെയ്യുന്നു: നബി (സ) പറഞ്ഞു: “പരലോകത്ത് വെച്ച് പരീക്ഷണങ്ങൾ നേരിട്ടവർക്ക് (ക്ഷമിച്ചതിന്റെ പേരിൽ) അല്ലാഹു പ്രതിഫലം നൽകുന്നത് കാണുമ്പോൾ, ദുനിയാവിൽ വെച്ച് സുഖസൗകര്യങ്ങളിൽ ജീവിച്ചവർ ഇപ്രകാരം ആഗ്രഹിച്ചുപോകും: തങ്ങളുടെ തൊലി കത്രിക കൊണ്ട് മുറിക്കപ്പെട്ടിരുന്നെങ്കിൽ (എങ്കിൽ ഇത്രയും വലിയ പ്രതിഫലം തങ്ങൾക്കും ലഭിക്കുമായിരുന്നല്ലോ) എന്ന്.” (സുനനുത്തിർമിദി)

പരീക്ഷണങ്ങളിലെ ക്ഷമ

മനുഷ്യന്റെ ജീവിതത്തിൽ പരീക്ഷണങ്ങൾ സാധാരണമാണ്. ഇഹലോകജീവിതം പരീക്ഷണത്തിന്റെ വിളനിലം ആയിരിക്കുമെന്ന് പ്രവാചകൻ (സ) നമ്മെ പഠിപ്പിക്കുന്നുണ്ട്. ഒരു യഥാർത്ഥ വിശ്വാസി പരീക്ഷണങ്ങളിൽ ക്ഷമ പാലിക്കേണ്ടവനാണ്. പരീക്ഷണങ്ങളെ ക്ഷമ കൊണ്ട് നേരിടുമ്പോൾ അതിന് അല്ലാഹുവിന്റെ അടുക്കലുള്ള പ്രതിഫലം കണക്കറ്റതാകുന്നു. അല്ലാഹു പറയുന്നു:

“പേടി, പട്ടിണി, ധനനഷ്ടം, ജീവഹാനി, വിഭവനഷ്ടം എന്നിവയിൽ ഏതെങ്കിലും മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക.”

പ്രബോധന വേളയിൽ മറ്റുള്ളവരിൽ നിന്നും ഉണ്ടാകുന്ന വേദനകളും കുത്തുവാക്കുകളും ആക്ഷേപങ്ങളും അങ്ങയെ വേദനിപ്പിക്കരുത് എന്നും അത്തരം ഘട്ടങ്ങളിൽ അല്ലാഹുവിലേക്ക് ക്ഷമയോടെ മടങ്ങുകയാണ് വേണ്ടത് എന്നും നബി തങ്ങളെ അല്ലാഹു ഉപദേശിക്കുന്നുണ്ട്:

“നീ ക്ഷമിക്കുക. നിന്റെ ക്ഷമ അല്ലാഹുവിന്റെ സഹായത്താൽ മാത്രമാകുന്നു. അവരെപ്പറ്റി നീ ദുഃഖിക്കേണ്ടതില്ല. അവർ തന്ത്രങ്ങൾ മെനയുന്നതിനെപ്പറ്റി നീ മനോവിഷമത്തിലാവുകയും വേണ്ട.”

മഹാനായ ലുഖ്മാൻ (അ) മകന് നൽകുന്ന ഉപദേശങ്ങൾ ചരിത്രപ്രസിദ്ധമാണ്. പ്രധാനമായും അദ്ദേഹം നൽകുന്ന ഉപദേശം ഇപ്രകാരമാണ്:

“എന്റെ കുഞ്ഞുമകനേ, നീ നമസ്കാരം മുറപോലെ നിർവഹിക്കുക, നന്മ കൽപിക്കുക, തിന്മ തടയുക, നിനക്ക് ബാധിച്ച വിഷമങ്ങളിൽ ക്ഷമ കൈക്കൊള്ളുക. തീർച്ചയായും അതൊക്കെ ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളിൽ പെട്ടതാകുന്നു.”

തഖ്‌വയോടെ ജീവിക്കുന്ന ആളുകളുടെ അടയാളങ്ങൾ ധാരാളം ഖുർആൻ പറയുന്നുണ്ട്. അതിൽ പ്രധാനമായും പറയുന്ന ഒന്ന് പരീക്ഷണങ്ങളിലെ ക്ഷമയാണ്. ഖുർആൻ പറയുന്നു:

“…ദാരിദ്ര്യത്തിലും രോഗത്തിലും യുദ്ധരംഗത്തും ക്ഷമ പാലിക്കുന്നവർ (ആകുന്നു പുണ്യവാന്മാർ). അവരാകുന്നു സത്യം പാലിച്ചവർ. അവർ തന്നെയാണ് ഭയഭക്തിയുള്ളവർ.”

പരീക്ഷണങ്ങളിൽ ക്ഷമിക്കുന്നവർക്കുള്ള പ്രതിഫലത്തെ നബി (സ) ധാരാളം ഹദീസുകളിൽ വിശദീകരിക്കുന്നുണ്ട്:

  • നബി (സ) പറഞ്ഞു: “ഒരു മുസ്ലിമിന് ബാധിക്കുന്ന ക്ഷീണം, രോഗം, ദുഃഖം, അസ്വാസ്ഥ്യം, മനോവിഷമം, ഒരു മുള്ളു തറയ്ക്കുന്നത് പോലും; അവ മുഖേന അല്ലാഹു അവന്റെ പാപങ്ങൾ പൊറുത്തുകൊടുക്കാതിരിക്കില്ല.” (ബുഖാരി, മുസ്ലിം)
  • നബി (സ) പറഞ്ഞു: “ക്ഷമയേക്കാൾ ഉത്തമവും വിശാലവുമായ മറ്റൊരു ദാനവും ഒരാൾക്കും നൽകപ്പെട്ടിട്ടില്ല.” (ബുഖാരി, മുസ്ലിം)

പ്രവാചകന്മാരുടെ ക്ഷമ

വിശുദ്ധ ഖുർആനിലെ പ്രവാചകന്മാരുടെ ക്ഷമയുമായി ബന്ധപ്പെട്ട ധാരാളം ആയത്തുകളും സംഭവങ്ങളും അല്ലാഹു കൊണ്ടുവരുന്നുണ്ട്. അനുയായികളായ നാം പരീക്ഷണങ്ങളിൽ പതറരുത് എന്നും പ്രവാചകന്മാർ ക്ഷമിച്ചത് പോലെ നാമും ക്ഷമയുള്ളവരാകണമെന്നുമാണ് അവ നമ്മെ പഠിപ്പിക്കുന്നത്:

  1. യഅ്ഖൂബ് നബി (അ): തന്റെ മകനായ യൂസഫ് നബി (അ)യെ ബാക്കിയുള്ള മക്കൾ ചതിയിൽ പെടുത്തി കിണറ്റിൽ എറിയുകയും പുത്രവിയോഗം താങ്ങാനാവാതെ പ്രയാസപ്പെടുന്ന യഅ്ഖൂബ് നബിയുടെ ചരിത്രത്തെ സൂറത്ത് യൂസുഫിൽ അല്ലാഹു പറയുന്നുണ്ട്. അദ്ദേഹം പറയുന്നത് കാണുക:
    “അതിനാൽ നല്ല നിലയിലുള്ള ഒരു ക്ഷമ തന്നെ (ഞാൻ കൈക്കൊള്ളുന്നു). നിങ്ങൾ ഈ പറഞ്ഞുണ്ടാക്കുന്ന കാര്യത്തിൽ അല്ലാഹുവിനോടാണ് സഹായം തേടേണ്ടത്.” (സൂറത്തു യൂസുഫ്: 18).
  2. ഇസ്മാഈൽ നബി (അ): തന്റെ മകനെ അല്ലാഹുവിന്റെ മുമ്പിൽ ബലി നൽകണമെന്ന് ഇബ്രാഹീം നബിയോടുള്ള കൽപ്പനയെ മകനായ ഇസ്മാഈൽ നബിയോട് പറയുമ്പോൾ അദ്ദേഹം നൽകുന്ന മറുപടി:
    “എന്റെ പിതാവേ, താങ്കളോട് കൽപിക്കപ്പെടുന്നത് എന്തോ അത് ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം എന്നെ ക്ഷമാശീലരുടെ കൂട്ടത്തിൽ താങ്കൾക്ക് കാണാം.” (സൂറത്തുസ്സ്വാഫ്ഫാത്ത്: 102).
  3. അയ്യൂബ് നബി (അ): കഠിനമായ അസുഖത്താൽ പരീക്ഷിതനായ പ്രവാചകനാണ് അയ്യൂബ് നബി. അദ്ദേഹത്തിന്റെ പ്രാർത്ഥന ഖുർആൻ പറയുന്നു:
    “അയ്യൂബിനെയും (ഓർക്കുക). തനിക്ക് കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു എന്നും നീ കരുണാനിധികളിൽ വെച്ച് ഏറ്റവും കരുണയുള്ളവനാണെന്നും അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിച്ച സന്ദർഭം.” മറ്റൊരായത്തിൽ: “തീർച്ചയായും അദ്ദേഹത്തെ (അയ്യൂബ് നബി) ക്ഷമാശീലനായി നാം കണ്ടു. എത്ര നല്ല ദാസൻ! തീർച്ചയായും അദ്ദേഹം അല്ലാഹുവിലേക്ക് ധാരാളമായി മടങ്ങുന്നവനാകുന്നു.” (സൂറത്തു സ്വാദ്: 44).

മുഴുവൻ പ്രവാചകന്മാരെയും കുറിച്ച് ഖുർആൻ പറയുന്നു:

“താങ്കൾക്ക് മുമ്പും ദൂതന്മാർ കളവാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ തങ്ങൾ വ്യാജമാക്കപ്പെട്ടതിലും മർദ്ദിക്കപ്പെട്ടതിലും അവർ ക്ഷമ കൈക്കൊണ്ടു. നമ്മുടെ സഹായം അവർക്ക് വന്നെത്തുന്നത് വരെ (അത് തുടർന്നു).” (സൂറത്തുൽ അൻആം: 34).

ഇസ്മാഈൽ (അ), ഇദ്‌രീസ് (അ), ദുൽ കിഫ്‌ൽ (അ) എന്നിവരെപ്പറ്റി:

“ഇസ്മാഈലിനെയും ഇദ്‌രീസിനെയും ദുൽ കിഫ്‌ലിനെയും (ഓർക്കുക). അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലായിരുന്നു.” (സൂറത്തുൽ അൻബിയാഅ്: 85).

നൂഹ് നബിക്കും ഇബ്രാഹീം നബിക്കും മൂസാ നബിക്കും ഈസാ നബിക്കും അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങളെ ഖുർആൻ വിശദീകരിക്കുന്നുണ്ടല്ലോ. അവർ ക്ഷമിച്ചതുപോലെ ക്ഷമിക്കണമെന്നാണ് പ്രവാചകനോട് (സ) അല്ലാഹു കൽപ്പിക്കുന്നത്:

“അതുകൊണ്ട് ദൃഢമനസ്കരായ പ്രവാചകന്മാർ ക്ഷമിച്ചതുപോലെ നീയും ക്ഷമിക്കുക.” (സൂറത്തുൽ അഹ്ഖാഫ്: 35). “നീ ക്ഷമിക്കുക; തീർച്ചയായും സൽകർമ്മകാരികളുടെ (നന്മ ചെയ്യുന്നവരുടെ) പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല.”

സംഗ്രഹം: ക്ഷമയെക്കുറിച്ച് ഖുർആനിൽ വന്നിട്ടുള്ള സൂചനകളാണ് ഈ കുറിപ്പിൽ ഉള്ളത്. റമദാൻ ക്ഷമ ശീലമാക്കേണ്ട മാസമാണ്. പ്രതിസന്ധികളിൽ പതറാതെ ക്ഷമയോടെ നിലകൊള്ളാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകുമാറാകട്ടെ – ആമീൻ.

Similar Posts

  • റമദാനും അല്ലാഹുവിൻ്റെ അപാരമായ കാരുണ്യവും

    അല്ലാഹുവിന്റെ ഏറ്റവും ഉയർന്ന ഗുണവിശേഷണമാണ് കാരുണ്യം (رحمة). ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പ് തന്നെ അല്ലാഹുവിന്റെ റഹ്‌മത്തിന്മേലാണ്.നാം അനുഭവിക്കുന്ന ജീവിതത്തിലെ ഓരോ സെക്കൻഡുകളിലും അല്ലാഹുവിൻറെ റഹ്മത്ത് നമ്മെ വലയം ചെയ്യുന്നുണ്ട്.അവന്റെ കാരുണ്യം അനുഭവിക്കാതെ ഒരു നിമിഷം പോലും നമുക്ക് പ്രപഞ്ചത്തിൽ ജീവിക്കാനാവില്ല. *റബ്ബിന്റെ കാരുണ്യത്തിന്റെ വിശാലത* ഖുർആൻ പറയുന്നു: ​وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ (സൂറത്തുൽ അഅ്റാഫ്: 156) ​”എന്റെ കാരുണ്യം എല്ലാ വസ്തുക്കളെയും…

  • തഹജ്ജുദ് : വിശ്വാസിയുടെ ആത്മീയ കരുത്ത്

    രാത്രിനമസ്‌കാരം വിശ്വാസിക്ക് നൽകുന്ന ഗുണങ്ങളും ശ്രേഷ്ഠതകളും എണ്ണമറ്റതാണ്.ജനങ്ങൾ എല്ലാം ഉറങ്ങുന്ന സമയത്ത് എഴുന്നേറ്റിരുന്ന് അല്ലാഹുവിൻറെ മുമ്പിൽ മുനാജാത്തിന് നിൽക്കുന്ന ഒരു വ്യക്തി ശാരീരികമായും മാനസികമായും അനുഭവിക്കുന്ന ആത്മീയമായ ഉന്നതി വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിനപ്പുറത്താണ്.അതിനാൽ തന്നെ വിശുദ്ധ ഇസ്ലാമിൽ ഈ അമലിന് വലിയ പ്രാധാന്യമുണ്ട്.ആത്മീയമായ കരുത്ത് ഏറെ ആവശ്യമുണ്ടായിരുന്ന ഇസ്‌ലാമിന്റെ പ്രാരംഭഘട്ടത്തിൽ ഇത് സഹാബാക്കൾക്ക് നിർബന്ധമായിരുന്നു എന്നതുതന്നെ ഇതിന്റെ പ്രാധാന്യത്തിന്റെ തെളിവാണ്. മക്കയിൽ ഇസ്‌ലാമിക നിയമങ്ങൾ പൂർണ്ണമാകുന്നതിനും മുമ്പ് തന്നെ നബി ﷺ യോട് രാത്രിയിൽ എഴുന്നേറ്റ് നമസ്‌കരിക്കാൻ…

  • സക്കാത്ത് നൽകാതിരിക്കുന്നതിൻ്റെ അപകടങ്ങൾ

    1. മാനവികതയ്ക്ക് വിരുദ്ധം സമ്പത്ത് നൽകുന്നത് മനുഷ്യരെ പരീക്ഷിക്കാനാണെന്ന് ഖുർആൻ ഉണർത്തുന്നു. സക്കാത്ത് നൽകാതിരിക്കുന്നത് ലോകത്ത് സാമ്പത്തിക അസ്ഥിരതയും അസമത്വവും സൃഷ്ടിക്കും.+2 2. മുനാഫിക്കുകളുടെ (കപടവിശ്വാസി) അടയാളം സക്കാത്ത് നൽകാൻ മടി കാണിക്കുന്നത് കപടവിശ്വാസികളുടെ ലക്ഷണമായി ഖുർആൻ വിശേഷിപ്പിക്കുന്നു.+1 3. ലുബ്ദ്ധിൻ്റെ (പിശുക്ക്) വിപത്തുകൾ പിശുക്ക് കാണിക്കുന്ന സമ്പത്ത് അന്ത്യനാളിൽ കഴുത്തിൽ മാലയായി അണിയിക്കപ്പെടും.+1 4. കഠിനശിക്ഷകൾ സക്കാത്ത് നൽകാത്തവർക്ക് പരലോകത്ത് കഠിനമായ ശിക്ഷകളുണ്ടെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. 5. അബൂബക്കർ സിദ്ദീഖ് (റ) വിൻ്റെ നിലപാട് നബി…

  • പിണക്കങ്ങൾ പരിഹരിക്കേണ്ട മാസം

    പരസ്‌പരമുള്ള പിണക്കങ്ങൾ നമ്മുടെ പല അമലുകളുടെയും പ്രതിഫലങ്ങളെ നശിപ്പിച്ചു കളയും. സഹാനുഭൂതിയുടെയും സാഹോദര്യത്തിൻ്റെയും മാസമായ വിശുദ്ധമായ റമദാനിൽ മുഅ്മിനീങ്ങൾ തമ്മിൽ പരസ്‌പരം സ്നേഹവും ഐക്യവും നിലനിർത്തേണ്ടതിന് പകരം പരസ്‌പരം പിണക്കങ്ങൾ ആയി കഴിയുന്നത് ഈ മഹനീയ മാസത്തിലെ നമ്മുടെ അമലുകളുടെ പ്രതിഫലങ്ങളെ പ്രതികൂലമായി ബാധിക്കും.അല്ലാഹു പറയുന്നു: . (إنما المؤمنون إخوة فأصلحوا بين أخويكم} [الحجرات (10) അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികൾ പരസ്‌പരം സഹോദരങ്ങളാണ്.അതിനാൽ നിങ്ങളുടെ രണ്ട് സഹോദരങ്ങൾക്കിടയിൽ നിങ്ങൾ സന്ധിയുണ്ടാക്കുക.” [അൽ-ഹുജുറാത്ത്: 10].പരസ്‌പരം വിട്ടുനിൽക്കുന്നതും…

  • ചിന്തോദ്ദീപകമായ ഖുർആൻ പാരായണം

    റമദാൻ വിശുദ്ധ ഖുർആന്റെ മാസമാണ്. ഖുർആൻ ജനങ്ങൾക്ക് നേർവഴി കാട്ടുന്ന വ്യക്തമായ തെളിവുകളായും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതായും അല്ലാഹു പരിചയപ്പെടുത്തുന്നു (സൂറത്തുൽ ബഖറ: 185). ഖുർആൻ എപ്പോഴാണ് മാർഗ്ഗദർശനമാകുന്നത്? ഖുർആൻ കേൾക്കുമ്പോൾ വിശ്വാസിക്കുണ്ടാകേണ്ട മാറ്റങ്ങൾ വിശുദ്ധ ഖുർആൻ തന്നെ വിശ്വാസികളുടെ അവസ്ഥയെക്കുറിച്ച് പലയിടങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്: ഖുർആൻ സ്വാധീനിച്ച പ്രമുഖ വ്യക്തിത്വങ്ങൾ മുൻഗാമികളുടെ മാതൃക ഉപസംഹാരം ഈ റമദാൻ ഖുർആന്റെ ആശയങ്ങൾ മനസ്സിലാക്കാനുള്ള അവസരമായി കാണണം. ദിവസവും ഖുർആൻ ഓതുന്നതിനോടൊപ്പം ഒരു പേജ് എങ്കിലും അർത്ഥമറിഞ്ഞ് വായിക്കാൻ…

  • ഇഅ്തികാഫ്

    ശരീഅത്തിന്റെ ഭാഷയിൽ അല്ലാഹുവെ മാത്രം ലക്ഷ്യം വെച്ച് പള്ളിയിൽ കഴിഞ്ഞുകൂടുന്നതിനെയാണ് ഇഅ്തികാഫ് എന്ന് പറയുന്നത്. ഇഷ്ടമുള്ള ഏതൊരു ആരാധനയിലും മുഴുകി അവിടെത്തന്നെ ഇരിക്കുക എന്നതാണ് ഇതിന്റെ സാരം. മറ്റൊന്നിനും വിട്ടുകൊടുക്കാതെ സ്വയം സമർപ്പിക്കുക, ഒരിടത്ത് ഉറച്ചുനിൽക്കുക, വിട്ടുപിരിയാതെ കൂടെയുണ്ടാവുക എന്നൊക്കെയാണ് ഈ പദത്തിന്റെ ഭാഷാർത്ഥം. ദുന്യവിയായ (ഭൗതികമായ) സാഹചര്യങ്ങളിൽ നിന്നും വിട്ട് അല്ലാഹുവിലേക്ക് ചേർന്ന് നിൽക്കുക എന്നതാണ് ഈ ഇബാദത്തിന്റെ പൊരുൾ. ദുനിയാവിന്റെ ബഹളങ്ങളിൽ നിന്നും തടസ്സങ്ങളിൽ നിന്നും തന്റെ മനസ്സിനെ മോചിപ്പിച്ച്, അല്ലാഹുവിലേക്ക് മാത്രം ചേർത്തുനിർത്താനായി…

Leave a Reply

Your email address will not be published. Required fields are marked *