ഷഹ്റുൽ മുവാസാത്

വിശുദ്ധമായ റമദാൻ സഹാനുഭൂതിയുടെ മാസമാണ്.നബി തങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലം റമദാനിനെ ഷഹ്റുൽ മുവാസാത് എന്ന് വിശേഷിപ്പിക്കുന്നുണ്ട്.പരസ്പരമുള്ള കാരുണ്യവും കരുണാർദ്രമായ പെരുമാറ്റവും കൂടുതൽ വെളിവാകേണ്ട മാസമാണ് റമളാൻ.പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ റമദാനിലെ ആരാധനകളെ വിശേഷിപ്പിക്കുന്ന കൂട്ടത്തിൽ മഹാനായ ഇബ്നു അബ്ബാസ് (റ)പറയുന്നു:
«كان رسول الله صلى الله عليه وسلم أجود الناس، وكان أجود ما يكون في رمضان حين يلقاه جبريل، وكان يلقاه في كل ليلة من رمضان فيدارسه القرآن، فلرسول الله صلى الله عليه وسلم أجود بالخير من الريح المرسلة»
‘അല്ലാഹുവിന്റെ റസൂൽ (സ) മനുഷ്യരിൽ വെച്ച് ഏറ്റവും വലിയ ഉദാരനായിരുന്നു. ജിബ്‌രീൽ (അ) നബിയെ സന്ദർശിക്കുന്ന റമദാൻ മാസത്തിലായിരുന്നു അദ്ദേഹം ഏറ്റവും കൂടുതൽ ഉദാരനാകാറുള്ളത്. റമദാനിലെ എല്ലാ രാത്രികളിലും ജിബ്‌രീൽ (അ) അദ്ദേഹത്തെ വന്ന് കാണുകയും ഖുർആൻ പഠിപ്പിക്കുകയും (മുന്നോട്ട് വെച്ച് പഠിക്കുകയും) ചെയ്യുമായിരുന്നു. തീർച്ചയായും അല്ലാഹുവിന്റെ റസൂൽ (സ) നന്മ ചെയ്യുന്ന കാര്യത്തിൽ തടസ്സങ്ങളില്ലാതെ വീശിയടിക്കുന്ന കാറ്റിനേക്കാൾ വേഗതയുള്ളവനും ഉദാരനുമായിരുന്നു.’ തന്റെ ഉമ്മത്തിന് സഹാനുഭൂതി എപ്രകാരമായിരിക്കണമെന്ന് പഠിപ്പിക്കാനാണ് പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം റമദാനിൽ പ്രത്യേകിച്ച് പരസ്പര കാരുണ്യത്തിന്റെ നേർക്കാഴ്ചയായി മാറുന്നത്.
ജനങ്ങളോട് കരുണയോടെ പെരുമാറൽ
കാരുണ്യം എന്നത് അല്ലാഹുവിന്റെ ഗുണവിശേഷങ്ങളിൽ ഒന്നാണ്. അവൻ الرحمن الرحيم (പരമകാരുണികനും കരുണാനിധിയും) ആണ്.
അല്ലാഹു കാരുണ്യത്തെ സദ്‌വൃത്തരായ വിശ്വാസികളുടെ വിശേഷണമാക്കി മാറ്റിയിരിക്കുന്നു. ആരെങ്കിലും ഈ ഗുണം സ്വീകരിച്ചാൽ, പരലോകദിനത്തിൽ അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നവരുടെ കൂട്ടത്തിൽ അവൻ ഉൾപ്പെടും. അബ്ദുല്ലാഹിബ്നു അമ്ര് ഇബ്നുൽ ആസ് (റ) വിൽ നിന്ന് നിവേദനം, റസൂൽ (സ) പറഞ്ഞു:
”الراحمون يرحمهم الرحمن، ارحموا مَن في الأرض يرحمكم من في السماء”
(കരുണ കാണിക്കുന്നവരോട് പരമകാരുണികനായ അല്ലാഹു കരുണ കാണിക്കും. ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക, എങ്കിൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും).
— رواه أبو داود والترمذي (حديث حسن صحيح).
സ്വഹീഹായ ഹദീസിൽ ജരീർ ബിൻ അബ്ദില്ല (റ) പറയുന്നു: റസൂൽ (സ) പറഞ്ഞു:
”من لا يرحَم الناس لا يرحمه الله”
(മനുഷ്യരോട് കരുണ കാണിക്കാത്തവനോട് അല്ലാഹുവും കരുണ കാണിക്കില്ല).
— رواه البخاري ومسلم.
മറ്റൊരു ഹദീസിൽ അബൂഹുറൈറ (റ) പറയുന്നു:
”لا تُنزع الرحمة إلا مِن شقي”
(നിർഭാഗ്യവാനിൽ നിന്നല്ലാതെ കാരുണ്യം എടുത്തുമാറ്റപ്പെടുകയില്ല).
— رواه أبو داود
കാരുണ്യം എന്നത് പ്രവാചകന്മാരുടെയും സദ്‌വൃത്തരുടെയും മഹത്തായ ഗുണമാണ്. പ്രവാചകനെ കുറിച്ച് അല്ലാഹു ഖുർആനിൽ ഇപ്രകാരം പറയുന്നു:
فَبِمَا رَحْمَةٍ مِّنَ اللّهِ لِنتَ لَهُمْ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لاَنفَضُّواْ مِنْ حَوْلِكَ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الأَمْرِ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللّهِ إِنَّ اللّهَ يُحِبُّ الْمُتَوَكِّلِينَ
“അല്ലാഹുവിങ്കൽ നിന്നുള്ള കാരുണ്യം കൊണ്ടാണ് താങ്കൾ അവരോട് സൗമ്യമായി പെരുമാറിയത്. താങ്കൾ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കിൽ താങ്കളുടെ ചുറ്റിൽ നിന്നും അവർ പിരിഞ്ഞുപോകുമായിരുന്നു. ആകയാൽ താങ്കൾ അവർക്ക് മാപ്പ് നൽകുകയും അവർക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളിൽ താങ്കൾ അവരോട് കൂടിയാലോചന നടത്തുക. അങ്ങനെ താങ്കൾ ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ അല്ലാഹുവിൽ ഭരമേൽപ്പിക്കുക. നിശ്ചയമായും അല്ലാഹു തന്നിൽ ഭരമേൽപ്പിക്കുന്നവരെ ഇഷ്ടപ്പെടുന്നു.”
മറ്റൊരായത്തിൽ പ്രവാചകൻറെ കാരുണ്യത്തെ കുറിച്ച് അല്ലാഹു പറയുന്നു:
لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَءُوفٌ رَحِيمٌ * فَإِنْ تَوَلَّوْا فَقُلْ حَسْبِيَ اللَّهُ لَا إِلَهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ
മലയാള പരിഭാഷ: “തീർച്ചയായും നിങ്ങൾക്ക് നിങ്ങളിൽ നിന്ന് തന്നെയുള്ള ഒരു ദൂതൻ വന്നിരിക്കുന്നു. നിങ്ങൾ കഷ്ടപ്പെടുന്നത് അദ്ദേഹത്തിന് പ്രയാസകരമാണ്. നിങ്ങളുടെ കാര്യത്തിൽ അങ്ങേയറ്റം താല്പര്യമുള്ളവനും, സത്യവിശ്വാസികളോട് ദയയുള്ളവനും കരുണയുള്ളവനുമാണ് അദ്ദേഹം. ഇനി അവർ പിന്തിരിഞ്ഞു കളയുകയാണെങ്കിൽ നീ പറയുക: എനിക്ക് അല്ലാഹു മതി. അവനല്ലാതെ ആരാധനക്കർഹനില്ല. അവനിൽ ഞാൻ ഭരമേൽപ്പിക്കുന്നു. അവൻ മഹത്തായ സിംഹാസനത്തിന്റെ നാഥനാകുന്നു.”
തന്നെ ഒരുപാട് ഉപദ്രവിച്ച മുശ്രിക്കങ്ങൾക്കെതിരെ ദുആ ചെയ്യുവാൻ പ്രവാചകരോട് ആവശ്യപ്പെട്ടപ്പോൾ നബി തങ്ങൾ പറഞ്ഞു:
قيل: يا رسول الله ادع على المشركين؟ قال: “إنّي لم أبعث لعّانا، وإنّما بعثت رحمة
അവലംബം: അബൂഹുറൈറ (റ) നിവേദനം ചെയ്തത്.
പരിഭാഷ: പ്രവാചകനോട് ചോദിക്കപ്പെട്ടു: “അല്ലാഹുവിന്റെ ദൂതരേ, താങ്കൾ ബഹുദൈവ വിശ്വാസികൾക്കെതിരെ പ്രാർത്ഥിച്ചാലും (അവരെ ശപിച്ചാലും)?” പ്രവാചകൻ മറുപടി നൽകി: “ഞാൻ ശപിക്കുന്നവനായിട്ടല്ല നിയോഗിക്കപ്പെട്ടത്, മറിച്ച് കാരുണ്യമായിട്ടാണ് ഞാൻ നിയോഗിക്കപ്പെട്ടത്.”
ഒരു വിശ്വാസിയുടെ ജീവിതത്തിന്റെ മുഴുവൻ മേഖലയിലും അവൻ സഹാനുഭൂതിയുള്ളവനാവണം.ഏറ്റവും കൂടുതൽ പരിശീലിക്കാവുന്ന മാസമാണ് വിശുദ്ധമായ റമദാൻ.റമദാനിലെ നോമ്പിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നായി മുൻഗാമികൾ രേഖപ്പെടുത്തിയിരിക്കുന്നത് വിശപ്പും കഷ്ടപ്പാടും അനുഭവിക്കുന്നവരുടെ പ്രയാസങ്ങളെ അനുഭവിച്ചറിയുക എന്നുള്ളതാണ്.
നോമ്പ് എന്തിനാണ് നിർബന്ധമാക്കിയത് എന്ന് സലഫുകളിൽ പെട്ട ഒരാളോട് ചോദിക്കപ്പെട്ടപ്പോൾ ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരമാണ്:
لِيَذُوقَ الغَنِيُّ طَعْمَ الجُوعِ فَلَا يَنْسَى الجَائِعَ
“സമ്പന്നൻ വിശപ്പിന്റെ രുചി അറിയുന്നതിനും, അങ്ങനെ അവൻ വിശക്കുന്നവനെ മറക്കാതിരിക്കുന്നതിനും വേണ്ടിയാണത്.” (ലത്താഇഫുൽ മആരിഫ്)
ഭൂമിയിലെ ഖജനാവുകളുടെ അധികാരം കൈവശമുണ്ടായിട്ടും താങ്കൾ എന്തിനാണ് വിശന്നിരിക്കുന്നത് എന്ന് യൂസുഫ് നബി (അ) യോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു:
أَخَافُ أَنْ أَشْبَعَ فَأَنْسَى الجَائِعَ
“ഞാൻ വയറുനിറയെ ഉണ്ണുകയാണെങ്കിൽ വിശക്കുന്നവനെ മറന്നുപോകുമെന്ന് ഞാൻ ഭയപ്പെടുന്നു.
ഒരു പ്രയാസം അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ ആഴം മനസ്സിലാക്കാൻ സാധിക്കൂ. വേദന സഹിച്ചവനേ അതിന്റെ മൂല്യം അറിയൂ.
ജനങ്ങൾക്ക് ഉപകാരം ചെയ്യൽ
ഇസ്ലാം മുന്നോട്ട് വയ്ക്കുന്ന മഹത്തായ ഗുണങ്ങളിൽ ഒന്നാണ് നമ്മുടെ ജീവിതം മറ്റുള്ളവർക്ക് പ്രയോജനപ്രദമാകണം എന്നുള്ളത്.
أَحَبُّ النَّاسِ إِلَى اللَّهِ أَنْفَعُهُمْ لِلنَّاسِ، وَأَحَبُّ الأَعْمَالِ إِلَى اللَّهِ سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ، أَوْ تَكْشِفُ عَنْهُ كُرْبَةً، أَوْ تَقْضِي عَنْهُ دَيْنًا، أَوْ تَطْرِدُ عَنْهُ جُوعًا، وَلأَنْ أَمْشِيَ مَعَ أَخِي فِي حَاجَةٍ أَحَبُّ إِلَيَّ مِنْ أَنْ أَعْتَكِفَ فِي هَذَا الْمَسْجِدِ – يَعْنِي مَسْجِدَ الْمَدِينَةِ – شَهْرًا”
(رواه الطبراني في المعجم الأوسط، وحسنه الألباني)
അല്ലാഹുവിനോട് ഏറ്റവും പ്രിയപ്പെട്ടവർ ആരാണെന്നും ഏറ്റവും പ്രിയപ്പെട്ട പ്രവർത്തി ഏതാണെന്നും ചോദിച്ചപ്പോൾ നബി (സ) നൽകിയ മറുപടി ഇപ്രകാരമാണ്:
അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട ജനങ്ങൾ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപകാരം ചെയ്യുന്നവരാണ്. അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട പ്രവൃത്തികൾ ഒരു മുസ്ലിമിന്റെ ഹൃദയത്തിലേക്ക് നീ എത്തിക്കുന്ന സന്തോഷമോ അല്ലെങ്കിൽ അവന്റെ ഒരു പ്രയാസം (വിഷമം) നീക്കിക്കൊടുക്കലോ അല്ലെങ്കിൽ അവന്റെ ഒരു കടം വീട്ടിക്കൊടുക്കലോ അല്ലെങ്കിൽ അവന്റെ വിശപ്പകറ്റലോ ആണ്.
തുടർന്ന് പ്രവാചകൻ (സ) പറഞ്ഞു: ”എന്റെ ഒരു സഹോദരന്റെ ഒരാവശ്യം നിറവേറ്റിക്കൊടുക്കാൻ വേണ്ടി ഞാൻ കൂടെ നടക്കുന്നത്, ഈ പള്ളിയിൽ (മദീനയിലെ മസ്ജിദുന്നബവിയിൽ) ഒരു മാസം ഇഅ്തികാഫ് (ഭജന) ഇരിക്കുന്നതിനേക്കാൾ എനിക്ക് പ്രിയപ്പെട്ടതാണ്.”
അല്ലാഹുവിന്റെ സഹായം ലഭിക്കാനുള്ള വഴിയും ഇതുതന്നെയാണ്:
مَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ، وَمَنْ فَرَّجَ عَنْ مُسْلِمٍ كُرْبَةً فَرَّجَ اللَّهُ عَنْهُ بِهَا كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ سَتَرَ مُسْلِمًا سَتَرَهُ اللَّهُ يَوْمَ الْقِيَامَةِ
“ആരെങ്കിലും തന്റെ സഹോദരന്റെ ആവശ്യത്തിലാണെങ്കിൽ (അത് നിറവേറ്റാൻ ശ്രമിച്ചാൽ) അല്ലാഹു അവന്റെ ആവശ്യത്തിലും ഉണ്ടാകും. ആരെങ്കിലും ഒരു മുസ്ലിമിന്റെ കഷ്ടപ്പാട് നീക്കിയാൽ അന്ത്യനാളിലെ കഷ്ടപ്പാടുകളിൽ നിന്ന് ഒരു കഷ്ടപ്പാട് അല്ലാഹു അവനിൽ നിന്ന് നീക്കം ചെയ്യും. ഒരാൾ ഒരു മുസ്ലിമിന്റെ കുറവുകൾ മറച്ചു വെച്ചാൽ അന്ത്യനാളിൽ അല്ലാഹു അവന്റെ കുറവുകളും മറച്ചു വെക്കും.” (സ്വഹീഹ് മുസ്ലിം)
അടിച്ചമർത്തപ്പെട്ടവനെ സഹായിക്കുന്നതിനെക്കുറിച്ച് ഇബ്നു അബിദ്ദുൻയാ (റ) ഇപ്രകാരം ഉദ്ധരിക്കുന്നു:
وَمَنْ مَشَى مَعَ مَظْلُومٍ حَتَّى يُثْبِتَ لَهُ حَقَّهُ ثَبَّتَ اللَّهُ قَدَمَيْهِ عَلَى الصِّرَاطِ يَوْمَ تَزِلُّ الْأَقْدَامُ
“ഒരാൾ മർദ്ദിതന്റെ കൂടെ അവന്റെ അവകാശം വാങ്ങിക്കൊടുക്കുന്നത് വരെ നടന്നാൽ, പാദങ്ങൾ ഇടറുന്ന ദിവസം അല്ലാഹു അവന്റെ പാദങ്ങളെ സിറാത്ത് പാലത്തിൽ ഉറപ്പിച്ചു നിർത്തും.”നന്മ ചെയ്യുന്നവർക്ക് അല്ലാഹു നൽകുന്ന പദവി വളരെ വലുതാണ്. അല്ലാഹു തന്റെ പ്രവാചകന്മാരെക്കുറിച്ച് പറഞ്ഞു:
وَجَعَلْنَاهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا وَأَوْحَيْنَا إِلَيْهِمْ فِعْلَ الْخَيْرَاتِ وَإِقَامَ الصَّلَاةِ وَإِيتَاءَ الزَّكَاةِ ۖ وَكَانُوا لَنَا عَابِدِينَ
”നമ്മുടെ കൽപ്പനപ്രകാരം സന്മാർഗദർശനം നൽകുന്ന നേതാക്കളാക്കി നാം അവരെ (പ്രവാചകന്മാരെ) നിശ്ചയിച്ചു. നന്മകൾ പ്രവർത്തിക്കണമെന്നും, നമസ്കാരം മുറപോലെ നിർവഹിക്കണമെന്നും, സകാത്ത് നൽകണമെന്നും നാം അവർക്ക് ബോധനം (വഹ്യ്) നൽകുകയും ചെയ്തു. അവർ നമ്മെ മാത്രം ആരാധിക്കുന്നവരായിരുന്നു.”
അല്ലാഹു ഈ ഗുണം കൊണ്ട് വിശ്വാസികളോട് കൽപ്പിക്കുകയും ചെയ്യുന്നുണ്ട്:
يَا أَيُّهَا الَّذِينَ آمَنُوا ارْكَعُوا وَاسْجُدُوا وَاعْبُدُوا رَبَّكُمْ وَافْعَلُوا الْخَيْرَ لَعَلَّكُمْ تُفْلِحُونَ
“സത്യവിശ്വാസികളേ, നിങ്ങൾ റുകൂഉം സുജൂദും നിർവഹിക്കുകയും നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും നന്മ പ്രവർത്തിക്കുകയും ചെയ്യുക. നിങ്ങൾ വിജയികളായേക്കാം.” (സൂറത്തുൽ ഹജ്ജ്: 77)
ഒരു മുസ്ലിമിന് സന്തോഷം പകർന്നു നൽകൽ
ഒരു മുസ്ലിമായ മനുഷ്യൻറെ ഹൃദയത്തിന് സന്തോഷം പകർന്ന് നൽകൽ ഒരാൾ ചെയ്യുന്ന ഏറ്റവും വലിയ സൽപ്രവർത്തിയാണ് എന്ന് നബി തങ്ങൾ പറയുന്നു:
إنَّ أحبَّ الأعمالِ إلى اللهِ تعالى بعد الفرائضِ إدخالُ السرورِ على المسلمِ»
(رواه الطبراني في الأوسط وابن حبان)
“നിർബന്ധ കർമ്മങ്ങൾ (ഫർളുകൾ) കഴിഞ്ഞാൽ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട കാര്യം ഒരു മുസ്ലിമിൻ്റെ മനസ്സിൽ സന്തോഷം എത്തിക്കുക എന്നതാകുന്നു.”
(അവലംബം: ത്വബ്റാനി, ഇബ്നു ഹിബ്ബാൻ)
«إنَّ من موجباتِ المغفرةِ إدخالُ السرورِ على أخيكَ»
“നിൻ്റെ സഹോദരൻ്റെ മനസ്സിൽ സന്തോഷം പകരുക എന്നത് പാപമോചനം അനിവാര്യമാക്കുന്ന കാര്യങ്ങളിൽ പെട്ടതാണ്.”
«من أدخلَ على أهلِ بيتٍ من المسلمين سرورًا، لم يرضَ اللهُ له ثوابًا دون الجنةِ»
(رواه الطبراني عن عائشة رضي الله عنها)
“ഒരു മുസ്ലിം കുടുംബത്തിലേക്ക് സന്തോഷം പ്രവേശിപ്പിക്കുന്നവന് സ്വർഗ്ഗമല്ലാതെ മറ്റൊരു പ്രതിഫലം നൽകുന്നതിൽ അല്ലാഹു തൃപ്തനാവുകയില്ല (അതായത് അവന് സ്വർഗ്ഗം ഉറപ്പാണ്).”
(അവലംബം: ത്വബ്റാനി – ആയിഷ (റ) വിൽ നിന്ന് നിവേദനം)
«من لقيَ أخاه المسلمَ بما يحبُّ اللهُ ليسرَّه بذلك سرَّه اللهُ عز وجل يوم القيامة»
(رواه الطبراني في الصغير بإسناد حسن)
“തൻ്റെ മുസ്ലിം സഹോദരനെ സന്തോഷിപ്പിക്കാനായി അല്ലാഹുവിന് ഇഷ്ടപ്പെട്ട കാര്യവുമായി ആരെങ്കിലും അവനെ കണ്ടുമുട്ടിയാൽ, അന്ത്യദിനത്തിൽ അല്ലാഹു അവനെയും സന്തോഷിപ്പിക്കുന്നതാണ്.”
(ത്വബ്റാനി -)
«سُئل رسول الله صلى الله عليه وسلم: أيُّ الأعمال أفضل؟ قال: إدخالك السرور على مؤمنٍ أشبعتَ جوعته، أو سترتَ عورته، أو قضيتَ له حاجةً»
(رواه الطبراني في الأوسط عن عمر بن الخطاب رضي الله عنه)
“ഏത് പ്രവൃത്തിയാണ് ഏറ്റവും ഉത്തമം എന്ന് നബി (സ) യോട് ചോദിക്കപ്പെട്ടു. അവിടുന്ന് മറുപടി നൽകി: ഒരു സത്യവിശ്വാസിക്ക് നീ നൽകുന്ന സന്തോഷമാണത്; ഒന്നുകിൽ അവൻ്റെ വിശപ്പകറ്റുക, അല്ലെങ്കിൽ അവൻ്റെ നഗ്നത മറയ്ക്കുക (വസ്ത്രം നൽകുക), അതുമല്ലെങ്കിൽ അവൻ്റെ വല്ല ആവശ്യവും നിറവേറ്റിക്കൊടുക്കുക.”
(അവലംബം)
ഇമാം മാലിക്കിനോട് ഏറ്റവും പ്രിയപ്പെട്ട അമലിനെക്കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി:
«أَحَبُّ الأَعْمَالِ إِلَيَّ إِدْخَالُ السُّرُورِ عَلَى الْمُسْلِمِينَ، وَأَنَا نَذَرْتُ نَفْسِي أَنْ أُفَرِّجَ كُرُبَاتِ الْمُسْلِمِينَ»
അർത്ഥം: “എനിക്ക് ഏറ്റവും പ്രിയപ്പെട്ട പ്രവൃത്തി മുസ്ലിംകൾക്ക് സന്തോഷം നൽകുക എന്നതാണ്. മുസ്ലിംകളുടെ പ്രയാസങ്ങൾ ദൂരീകരിക്കാനായി ഞാൻ എൻ്റെ ജീവിതം നേർച്ചയാക്കിയിരിക്കുന്നു (ഉഴിഞ്ഞുവെച്ചിരിക്കുന്നു).”
ഒരു പുഞ്ചിരിയിലൂടെ നമുക്ക് ഒരുപാട് നന്മകൾ നേടാൻ കഴിയും.മറ്റൊരാളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാൻ നമ്മുടെ ഏതെങ്കിലും പ്രവർത്തനം കാരണമാകുമെങ്കിൽ അതാണ് ജീവിതത്തിൽ നാം നേടുന്ന ഏറ്റവും വലിയ സമ്പാദ്യം.നമ്മുടെ പ്രവാചകൻ (സ) പഠിപ്പിച്ചത് മറ്റുള്ളവർക്ക് നൽകുന്ന ചെറിയ നന്മകൾ പോലും പുണ്യമാണെന്നാണ്. കാഴ്ചയിൽ ലളിതമെന്ന് തോന്നുമെങ്കിലും മനുഷ്യഹൃദയങ്ങളെ സ്വാധീനിക്കുന്ന ഒന്നാണ് പുഞ്ചിരി. നബി (സ) പറഞ്ഞു:
تَبَسُّمُكَ فِي وَجْهِ أَخِيكَ لَكَ صَدَقَةٌ
“നിന്റെ സഹോദരന്റെ മുഖത്തു നോക്കിയുള്ള നിന്റെ പുഞ്ചിരി നിനക്ക് ഒരു ദാനമാണ് (സദഖ).” (തിർമിദി)
അബൂദർറ് (റ) നിവേദനം ചെയ്ത മറ്റൊരു ഹദീസിൽ:
لَا تَحْقِرَنَّ مِنْ الْمَعْرُوفِ شَيْئًا، وَلَوْ أَنْ تَلْقَى أَخَاكَ بِوَجْهٍ طَلْقٍ
“നന്മയിൽ നിന്നുള്ള യാതൊന്നിനെയും നീ നിസ്സാരമായി കാണരുത്, നിന്റെ സഹോദരനെ പ്രസന്നമായ മുഖത്തോടെ കാണുന്നതാണെങ്കിൽ പോലും.” (സ്വഹീഹ് മുസ്ലിം)
നിസ്സാരമെന്ന് നാം കരുതുന്ന കരുതുന്ന പുഞ്ചിരി നന്മ ശീലിക്കാത്ത ഒരു മനസ്സിന് ഏറ്റവും പ്രയാസകരമായ കാര്യമാണ്. മുഖം കടുപ്പിച്ചു വെക്കുന്ന, ഹൃദയം അടച്ചിട്ട മനുഷ്യർ നമുക്കിടയിലുണ്ട്. എന്നാൽ ഈ പുഞ്ചിരിക്ക് ഒരു മാന്ത്രിക ശക്തിയുണ്ട്. അത് ഹൃദയത്തിന്റെ വാതിലുകൾ തുറക്കുന്നു.”Be the light in someone else’s storm.”
ജീവിതത്തിൽ വലിയ പ്രതിസന്ധികളും പ്രയാസങ്ങളും അനുഭവിക്കുന്ന ഒരാൾക്ക്, ആശ്വാസത്തിന്റെയോ പ്രതീക്ഷയുടെയോ ഒരു ചെറിയ കിരണമായി (വെളിച്ചം) മാറാൻ നമുക്ക് കഴിയണം എന്നാണ് ഇതിന്റെ അർത്ഥം.
മറ്റൊരു സമാനമായ പ്രശസ്തമായ ഉദ്ധരണി കൂടി ഇതിനോട് ചേർക്കാം:
”Be the reason someone smiles today.”
ഒരാൾ ഇന്ന് പുഞ്ചിരിക്കാൻ കാരണം നിങ്ങളാവുക.ഇത് നബി (സ) പഠിപ്പിച്ച ‘മറ്റൊരാളുടെ ഹൃദയത്തിൽ സന്തോഷം എത്തിക്കുക’ എന്ന ആശയത്തിന് തുല്യമാണ്
മഹാകവി അക്കിത്തം പറയുകയുണ്ടായി:
”ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ
പൊഴിക്കവേ, ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം.
ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായി
ചെലവാക്കവേ, കത്തുന്നുണ്ടെന്നാത്മാവി-
ലായിരം സൂര്യഗോളങ്ങൾ.”
മാതാപിതാക്കളോടും മക്കളോടും മുതിർന്നവരോടും പ്രായത്തിൽ താഴ്ന്നവരോടും അയൽവാസികളോടും നമ്മുടെ കീഴിലുള്ളവരോടുമെല്ലാം സഹാനുഭൂതിയോടെ പെരുമാറുവാൻ നാം സ്വീകരിക്കേണ്ട മാസമാണ് റമദാൻ.റമദാനിനെ അങ്ങനെ സ്വീകരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ -ആമീൻ
