നോമ്പിന്റെ സമ്മാനങ്ങൾ

ആരാധനകളിൽ വെച്ച് ഏറ്റവും ഉൽകൃഷ്ടവും അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന മഹത്തായ പുണ്യകർമ്മവുമാണ് നോമ്പ്. യഥാർത്ഥ വിശ്വാസികളുടെയും ഭയഭക്തിയുള്ളവരുടെയും അടയാളവുമാണത്. ഇത് ആത്മാവിനെ ശുദ്ധീകരിക്കുകയും സ്വഭാവത്തെ സംസ്കരിക്കുകയും ചെയ്യുന്നു. നോമ്പ് എന്നത് തഖ്‌വയുടെ (ഭയഭക്തി) പാഠശാലയും സന്മാർഗത്തിന്റെ കേന്ദ്രവുമാണ്. സത്യസന്ധമായ ഉദ്ദേശ്യത്തോടും ശരിയായ രീതിയിലും   നോമ്പ് അനുഷ്ഠിച്ചാൽ ദുനിയാവിലും ആഖിറത്തിലും വിജയിച്ചവരിൽ അവൻ ഉൾപ്പെടുന്നു. അതിനാൽ തന്നെ, നോമ്പിന്റെ ഗുണഫലങ്ങളും വലിയ പ്രതിഫലവും വ്യക്തമാക്കുന്ന ധാരാളം പ്രമാണങ്ങൾ വിശുദ്ധ ഖുർആനിലും ഹദീസുകളിലും നമുക്ക് കാണാൻ കഴിയും. നോമ്പ് അനുഷ്ഠിക്കുമ്പോൾ അനുഭവപ്പെടുന്ന പ്രയാസങ്ങളെ ലഘൂകരിക്കാനും കൂടുതൽ പുണ്യങ്ങൾ ചെയ്യാൻ വിശ്വാസിയെ പ്രേരിപ്പിക്കാനും ഈ വചനങ്ങൾ  നമ്മെ സഹായിക്കുന്നു.

​1. നോമ്പ് ഒരു പരിചയാണ്

​നോമ്പിന്റെ മഹത്വത്തെക്കുറിച്ച് വന്ന പരാമർശങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അത് ഒരു പരിച ആണെന്നത്. അതായത്, അടിമയെ നരകാഗ്നിയിൽ നിന്ന് സംരക്ഷിക്കുന്ന ഒരു മറയാണത്. ജാബിർ (റ) നിവേദനം ചെയ്യുന്നു: പ്രവാചകൻ (സ) പറഞ്ഞു:

​”الصَّوْمُ جُنَّةٌ يَسْتَجِنُّ بِهَا الْعَبْدُ مِنَ النَّارِ” (رواه أحمد)

അർത്ഥം: “നോമ്പ് ഒരു പരിചയാണ്, അത് മുഖേന ‘ഒരു മനുഷ്യൻ നരകത്തിൽ നിന്ന് സംരക്ഷണം തേടുന്നു.” (മുസ്നദ് അഹ്മദ്)

മനുഷ്യൻറെ ജന്മവാസനകളിൽ പെട്ട തിന്മകളിൽ നിന്ന് രക്ഷപ്പെടുവാൻ നോമ്പ് അവനെ സഹായിക്കും.കാരണം നോമ്പിലൂടെ അവൻറെ വികാരങ്ങൾക്കും ശാരീരിക ഇഛകൾക്കും എന്ന് നിയന്ത്രണം ഏർപ്പെടുത്തപ്പെടും.ഹദീസ് പണ്ഡിതന്മാരിൽ അഗ്രഗണ്യനായ ഇമാം ഇബ്നു ഹജർ (റ) തന്റെ ‘ഫത്ഹുൽ ബാരി’യിൽ ഇതിനെ ഇപ്രകാരം വിശദീകരിക്കുന്നു:

​”مَعْنَى كَوْنِهِ جُنَّةً أَيْ سِتْرًا يَسْتُرُ الصَّائِمَ مِنَ الْمَعَاصِي فِي الدُّنْيَا، وَيَسْتُرُهُ مِنَ النَّارِ فِي الْآخِرَةِ.”

(فتح الباري لابن حجر)

 “നോമ്പ് ഒരു പരിചയാണ് എന്നതിന്റെ അർത്ഥം, അത് നോമ്പുകാരനെ ദുനിയാവിൽ വെച്ച് പാപങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും സംരക്ഷിക്കുന്ന ഒരു മറയാണ് എന്നും, പരലോകത്ത് അവനെ നരകാഗ്നിയിൽ നിന്ന് സംരക്ഷിക്കുന്ന മറയാണ് എന്നുമാണ്.”

​2.ശാരീരിക വികാരങ്ങളെ നിയന്ത്രിക്കാനുള്ള മാർഗ്ഗം.

​തിന്മകളിലേക്ക് നമ്മളെ നയിക്കുന്ന നമ്മുടെ മാനുഷികമായ വികാരങ്ങളുടെ തള്ളിച്ചയെ തടയാനും സ്വഭാവത്തെ നന്നാക്കാനും നോമ്പ് സഹായിക്കുന്നു. അതിനാൽ തന്നെയാണ് വിവാഹം കഴിക്കാൻ കഴിവില്ലാത്ത യുവാക്കളോട് അവരുടെ വികാരങ്ങളെ നിയന്ത്രിക്കാനായി നോമ്പ് അനുഷ്ഠിക്കാൻ പ്രവാചകൻ (സ) നിർദ്ദേശിച്ചത്. കാരണം നോമ്പ് അതിനുള്ള ഏറ്റവും നല്ല പരിശീലനശാലയാണ്.

​ബ്രിട്ടീഷ് എഴുത്തുകാരനും വിശുദ്ധ ഖുർആനിന്റെ ആദ്യ ഇംഗ്ലീഷ് വിവർത്തകനായും അറിയപ്പെടുന്ന മർമ്മഡ്യൂക്ക് പിക്തൽ (Marmaduke Pickthall) നോമ്പിനെ കുറിച്ച് ഒരിക്കൽ പറഞ്ഞത് ശാരീരിക ഇച്ഛകൾക്ക് മേൽ ഒരു മനുഷ്യൻ നേടുന്ന ‘വിജയമാണ് എന്നാണ്. The cultural side of Islam എന്ന തൻറെ വിശ്വപ്രസിദ്ധമായ കൃതിയിൽ അദ്ദേഹം പറയുന്നു.

 “The fast is a miracle of self-discipline. It is the victory of the spirit over the body, and of the will over the appetite.

മഹാനായ ഇബ്നു മസ്ഊദ് (റ) നിവേദനം ചെയ്യുന്നു: പ്രവാചകൻ (സ) പറഞ്ഞു:

​”يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَوَّجْ فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ وِجَاءٌ” (متفق عليه)

അർത്ഥം: “യുവാക്കളേ, നിങ്ങളിൽ ആർക്കെങ്കിലും വിവാഹത്തിന് കഴിവുണ്ടെങ്കിൽ അവൻ വിവാഹം കഴിക്കട്ടെ. അത് കണ്ണുകളെ താഴ്ത്താനും ഗുഹ്യാവയവത്തെ സംരക്ഷിക്കാനും സഹായിക്കും. ആർക്കെങ്കിലും അതിന് സാധിച്ചില്ലെങ്കിൽ അവൻ നോമ്പ് അനുഷ്ഠിക്കട്ടെ, തീർച്ചയായും അത് അവനൊരു കവചമാണ്.” (ബുഖാരി, മുസ്ലിം)

​3. സ്വർഗത്തിലേക്കുള്ള കവാടം (അർറയ്യാൻ)

​സ്വർഗത്തിലേക്കുള്ള വഴികളിൽ ഒന്നായും അതിലെ ഒരു കവാടമായും നോമ്പ് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. അബൂ ഉമാമ (റ) നിവേദനം: അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ, എനിക്ക് ഉപകാരപ്രദമായ ഒരു കാര്യം കൽപിച്ചു തന്നാലും.” പ്രവാചകൻ (സ) പറഞ്ഞു: “നീ നോമ്പ് അനുഷ്ഠിക്കുക, അതിന് തുല്യമായി മറ്റൊന്നുമില്ല.” അല്ലാഹുവിലേക്ക് അടുക്കാൻ നോമ്പിനോളം തുല്യമായ മറ്റൊന്നുമില്ലെന്ന് പ്രവാചകൻ (സ) ഇതിലൂടെ വ്യക്തമാക്കി. നോമ്പുകാർക്ക് മാത്രമായി സ്വർഗത്തിൽ ഒരു പ്രത്യേക കവാടമുണ്ടെന്നും  അറിയിച്ചു. സഹ്ല് ബിൻ സഅദ് (റ) നിവേദനം ചെയ്യുന്നു: പ്രവാചകൻ (സ) പറഞ്ഞു:

​”إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ يُقَالُ أَيْنَ الصَّائِمُونَ فَيَقُومُونَ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ فَإِذَا دَخَلُوا أُغْلِقَ فَلَمْ يَدْخُلْ مِنْهُ أَحَدٌ” (متفق عليه)

അർത്ഥം: “സ്വർഗത്തിൽ ‘റയ്യാൻ’ എന്ന് വിളിക്കപ്പെടുന്ന ഒരു വാതിലുണ്ട്. അന്ത്യദിനത്തിൽ നോമ്പുകാർ അതിലൂടെ പ്രവേശിക്കും. അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. നോമ്പുകാർ എവിടെ എന്ന് വിളിച്ചു ചോദിക്കപ്പെടും. അപ്പോൾ അവർ എഴുന്നേറ്റ് വരും. അവർ പ്രവേശിച്ചു കഴിഞ്ഞാൽ ആ വാതിൽ അടക്കപ്പെടും. പിന്നീട് ആരും അതിലൂടെ പ്രവേശിക്കില്ല.” (ബുഖാരി, മുസ്ലിം)

ഈ വാതിലിന് എന്തുകൊണ്ടാണ് ‘റയ്യാൻ’ എന്ന് പേര് വന്നതെന്ന് ഇമാം ഇബ്നു ഹജർ (റ) വിശദീകരിക്കുന്നു:

​”إِنَّمَا سُمِيَ بِالرَّيَّانِ لِمُنَاسَبَتِهِ لِحَالِ الصَّائِمِينَ، فَإِنَّهُمْ عَطِشُوا فِي الدُّنْيَا لِلَّهِ، فَجُوزُوا بِالدُّخُولِ مِنْ بَابٍ اسْمُهُ الرَّيَّانُ الَّذِي هُوَ مُشْتَقٌ مِنَ الرِّيِّ، وَهُوَ ضِدُّ الْعَطَشِ.”

(فتح الباري لابن حجر)

​മലയാള പരിഭാഷ: “നോമ്പുകാരുടെ അവസ്ഥയ്ക്ക് അനുയോജ്യമായതിനാലാണ് അതിന് ‘റയ്യാൻ’ എന്ന് പേര് നൽകപ്പെട്ടത്. കാരണം അവർ ദുനിയാവിൽ അല്ലാഹുവിനുവേണ്ടി ദാഹം സഹിച്ചവരാണ്. അതിനാൽ ‘രിയ്യി’ (ദാഹം തീരൽ) എന്ന വാക്കിൽ നിന്ന് ഉത്ഭവിച്ച ‘റയ്യാൻ’ എന്ന കവാടത്തിലൂടെ പ്രവേശനം നൽകി അവർക്ക് പ്രതിഫലം നൽകപ്പെടുന്നു. ‘രിയ്യി’ എന്നത് ദാഹത്തിന്റെ വിപരീത പദമാണ്.”

​4. അന്ത്യനാളിലെ ശുപാർശ (ശഫാഅത്ത്)

​പരലോകത്ത് നോമ്പ് അതിന്റെ ഉടമസ്ഥന് വേണ്ടി ശുപാർശ ചെയ്യും.നമുക്ക് ഏറ്റവും കൂടുതൽ ശുപാർശയാവശ്യമുള്ള സമയമാണ് പരലോകം.നമ്മുടെ നോമ്പ് നമുക്ക് വേണ്ടി ശുപാർശ ചെയ്യുമെന്ന് നബിതങ്ങൾ പഠിപ്പിക്കുന്നുണ്ട്. അബ്ദുല്ലാഹി ബിൻ അംറ് ബിൻ ആസ് (റ) നിവേദനം ചെയ്യുന്നു: പ്രവാചകൻ (സ) പറഞ്ഞു:

​”الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَوْمَ الْقِيَامَةِ يَقُولُ الصِّيَامُ أَيْ رَبِّ مَنَعْتُهُ الطَّعَامَ وَالشَّهَوَاتِ بِالنَّهَارِ فَشَفِّعْنِي فِيهِ وَيَقُولُ الْقُرْآنُ مَنَعْتُهُ النَّوْمَ بِاللَّيْلِ فَشَفِّعْنِي فِيهِ قَالَ فَيُشَفَّعَانِ” (رواه أحمد)

അർത്ഥം: “നോമ്പും ഖുർആനും അന്ത്യദിനത്തിൽ അടിമക്ക് വേണ്ടി ശുപാർശ ചെയ്യും. നോമ്പ് പറയും: ‘എന്റെ രക്ഷിതാവേ, പകൽ സമയത്ത് ഭക്ഷണത്തിൽ നിന്നും വികാരങ്ങളിൽ നിന്നും ഞാൻ അവനെ തടഞ്ഞു. അതിനാൽ അവനിൽ എന്റെ ശുപാർശ സ്വീകരിക്കേണമേ.’ ഖുർആൻ പറയും: ‘രാത്രിയിൽ ഉറക്കത്തിൽ നിന്ന് ഞാൻ അവനെ തടഞ്ഞു, അതിനാൽ എന്നെയും ശുപാർശ ചെയ്യാൻ അനുവദിക്കേണമേ.’ അപ്പോൾ അവരുടെ ശുപാർശ സ്വീകരിക്കപ്പെടും.” (മുസ്നദ് അഹ്മദ്)

​അന്ത്യദിനത്തിൽ അല്ലാഹുവിന്റെ അനുവാദപ്രകാരം ചിലർക്ക് ശുപാർശ ചെയ്യാൻ അധികാരമുണ്ടെന്ന് ഖുർആൻ പറയുന്നു. നന്മകൾക്ക് രൂപം നൽകാൻ അല്ലാഹുവിന് കഴിയുമെന്നതിനാൽ, നോമ്പിന് ശുപാർശ ചെയ്യാൻ അനുവാദം ലഭിക്കുമെന്ന് പണ്ഡിതന്മാർ ഇതിനോട് ചേർത്ത് വിശദീകരിക്കുന്നു.

​”يَوْمَئِذٍ لَّا تَنفَعُ الشَّفَاعَةُ إِلَّا مَنْ أَذِنَ لَهُ الرَّحْمَنُ وَرَضِيَ لَهُ قَوْلًا”

(സൂറത്ത് ത്വാഹാ: 109)

അർത്ഥം: “പരമകാരുണികനായ അല്ലാഹു ആർക്ക് അനുവാദം നൽകുകയും ആരുടെ വാക്ക് അവൻ തൃപ്തിപ്പെടുകയും ചെയ്തിട്ടുണ്ടോ അവന്നല്ലാതെ അന്നേ ദിവസം ശുപാർശ ഉപകരിക്കുകയില്ല.”

​ഹദീസിൽ പറഞ്ഞതുപോലെ നോമ്പിന്റെ വാക്ക് (“എന്റെ രക്ഷിതാവേ, ഞാനവനെ തടഞ്ഞു…”) അല്ലാഹു തൃപ്തിപ്പെടുകയും അതിന് അനുവാദം നൽകുകയും ചെയ്യുന്ന ഒന്നാണ്.

​6. പാപമോചനത്തിനുള്ള മാർഗം

​പാപങ്ങൾ പൊറുക്കപ്പെടാനും തിന്മകൾ മായ്ക്കപ്പെടാനുമുള്ള ഏറ്റവും വലിയ കാരണങ്ങളിൽ ഒന്നാണ് നോമ്പ്. അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: പ്രവാചകൻ (സ) പറഞ്ഞു:

​”مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسِبًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ” (متفق عليه)

അർത്ഥം: “ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനിൽ നോമ്പ് അനുഷ്ഠിക്കുന്നുവോ, അവന്റെ മുൻകാല പാപങ്ങൾ പൊറുക്കപ്പെടും.” (ബുഖാരി, മുസ്ലിം)

(ഇവിടെ ഈമാൻ എന്നാൽ അല്ലാഹു ഇത് നിർബന്ധമാക്കി എന്ന് വിശ്വസിക്കലും, ഇഹ്തിസാബ് എന്നാൽ അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ആഗ്രഹിക്കലുമാണ്).

ഖുർആൻ പറയുന്നു:

​…وَالصَّائِمِينَ وَالصَّائِمَاتِ… أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا”

(സൂറത്തുൽ അഹ്സാബ്: 35)

അർത്ഥം: “…നോമ്പെടുക്കുന്ന പുരുഷന്മാരും സ്ത്രീകളും… അല്ലാഹു അവർക്ക് പാപമോചനവും (മഗ്ഫിറത്ത്) മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.”

الصَّلَوَاتُ الْخَمْسُ، وَالْجُمُعَةُ إِلَى الْجُمُعَةِ، وَرَمَضَانُ إِلَى رَمَضَانَ، مُكَفِّرَاتٌ مَا بَيْنَهُنَّ إِذَا اجْتُنِبَتِ الْكَبَائِرُ

അഞ്ചു നേരത്തെ നമസ്കാരങ്ങൾ, ഒരു വെള്ളിയാഴ്ച മുതൽ അടുത്ത വെള്ളിയാഴ്ച വരെ, ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെ; ഇവയ്ക്കിടയിലുള്ള പാപങ്ങൾക്ക് ഇവ പരിഹാരമാണ് (വൻപാപങ്ങൾ വർജ്ജിക്കുകയാണെങ്കിൽ).

​6. കണക്കില്ലാത്ത പ്രതിഫലം

​നോമ്പിന്റെ പ്രതിഫലം പരിമിതമല്ല; അത് കണക്കില്ലാതെയാണ് നൽകപ്പെടുന്നത്.മറ്റ് അമലുകൾക്ക് നിർണിതമായ പ്രതിഫലങ്ങൾ വിശദീകരിക്കപ്പെടുമ്പോൾ നോമ്പിന്റെ പ്രതിഫലം ഹദീസിൽ വന്നിരിക്കുന്നത് ആശ്ചര്യകരമായ രീതിയിലാണ് ‘  അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: പ്രവാചകൻ (സ) പറഞ്ഞു: അല്ലാഹു അരുൾ ചെയ്യുന്നു:

​”كُلُّ عَمَلِ ابْنِ آدَمَ لَهُ إِلَّا الصِّيَامَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ” (متفق عليه)

അർത്ഥം: “ആദം സന്തതിയുടെ എല്ലാ കർമ്മങ്ങളും അവനുള്ളതാണ്, നോമ്പ് ഒഴികെ. അത് എനിക്കുള്ളതാണ്, അതിന് ഞാൻ തന്നെയാണ് പ്രതിഫലം നൽകുന്നത്.” (ബുഖാരി, മുസ്ലിം)

മുസ്ലിം റിപ്പോർട്ട് ചെയ്ത മറ്റൊരു വചനത്തിൽ ഇങ്ങനെ കാണാം:

 أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ، الْحَسَنَةُ عَشْرُ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ، قَالَ اللهُ عَزَّ وَجَلَّ: إِلَّا الصَّوْمَ، فَإِنَّهُ لِي وَأَنَا أَجْزِي بِهِ، يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِي»

(صحيح مسلم: 1151)

 “മനുഷ്യന്റെ ഓരോ നന്മക്കും പത്ത് മുതൽ എഴുനൂറ് ഇരട്ടി വരെ പ്രതിഫലം നൽകപ്പെടും. അല്ലാഹു പറയുന്നു: നോമ്പ് ഒഴികെ; അത് എനിക്കുള്ളതാണ്, അതിന് ഞാൻ പ്രതിഫലം നൽകും. അവൻ എനിക്ക് വേണ്ടി തന്റെ വികാരങ്ങളും ഭക്ഷണവും ഉപേക്ഷിക്കുന്നു.” ആരാധനകളിൽ നോമ്പിനെ അല്ലാഹു തന്റേതായി പ്രത്യേകം ചേർത്തത് അതിന്റെ മഹത്വം കാരണവും, അത് അടിമയും റബ്ബും തമ്മിലുള്ള ആരും കാണാത്ത രഹസ്യമായതിനാലുമാണ്.

​7. ഇരുലോകത്തെയും സന്തോഷം

​ഇഹലോകത്തും പരലോകത്തും സന്തോഷത്തിന് നോമ്പ് കാരണമാകുന്നു. അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: പ്രവാചകൻ (സ) പറഞ്ഞു:

​”لِلصَّائِمِ فَرْحَتَانِ: فَرْحَةٌ عِنْدَ فِطْرِهِ، وَفَرْحَةٌ عِنْدَ لِقَاءِ رَبِّهِ” (متفق عليه)

അർത്ഥം: “നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്; ഒന്ന് നോമ്പ് തുറക്കുമ്പോഴുള്ള സന്തോഷം, മറ്റൊന്ന് തന്റെ രക്ഷിതാവിനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷം.” (ബുഖാരി, മുസ്ലിം)

​നോമ്പ് തുറക്കുമ്പോൾ, ഒരു വലിയ ആരാധന പൂർത്തിയാക്കാൻ അല്ലാഹു നൽകിയ അനുഗ്രഹത്തിലും, നോമ്പ് സമയത്ത് നിഷിദ്ധമായിരുന്ന ഭക്ഷണപാനീയങ്ങൾ അനുവദനീയമായതിലും അവൻ സന്തോഷിക്കുന്നു. പരലോകത്ത് അല്ലാഹുവെ കണ്ടുമുട്ടുമ്പോൾ, തനിക്ക് ഏറ്റവും കൂടുതൽ പുണ്യം ആവശ്യമുള്ള ആ സമയത്ത് നോമ്പിന്റെ പൂർണ്ണമായ പ്രതിഫലം ലഭിക്കുന്നത് കണ്ട് അവൻ ആനന്ദഭരിതനാകുന്നു.പ്രവാചകൻ (സ) തന്റെ പ്രാർത്ഥനകളിൽ അല്ലാഹുവിനെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുമായിരുന്നു. നോമ്പ് ഈ പദവിയിലേക്ക് നയിക്കുന്ന ഒരു പ്രധാന കർമ്മമാണ്.

​”أَسْأَلُكَ لَذَّةَ النَّظَرِ إِلَى وَجْهِكَ، وَالشَّوْقَ إِلَى لِقَائِكَ”

(رواه النسائي)

അർത്ഥം: “(എന്റെ അല്ലാഹുവേ), നിന്റെ മുഖത്തേക്ക് നോക്കുന്നതിന്റെ ആസ്വാദനവും നിന്നെ കണ്ടുമുട്ടാനുള്ള തീവ്രമായ ആഗ്രഹവും ഞാൻ നിന്നോട് ചോദിക്കുന്നു.”അല്ലാഹുവിനെ കാണുന്ന വിശ്വാസികളുടെ അവസ്ഥയെ ഖുർആൻ ഇപ്രകാരം വർണ്ണിക്കുന്നു:

​”وُجُوهٌ يَوْمَئِذٍ نَّاضِرَةٌ إِلَىٰ رَبِّهَا نَاظِرَةٌ”

(സൂറത്തുൽ ഖിയാമ: 22-23)

അർത്ഥം: “അന്ന് ചില മുഖങ്ങൾ പ്രസന്നമായിരിക്കും; അവ തങ്ങളുടെ രക്ഷിതാവിനെ നോക്കിക്കൊണ്ടിരിക്കുന്നവയുമായിരിക്കും.”

​ചുരുക്കത്തിൽ, നോമ്പുകാരന്റെ അല്ലാഹുവുമായുള്ള ലിഖാഅ് നേരിട്ട് കാണുന്നതിലൂടെയും അവന്റെ തൃപ്തി ലഭിക്കുന്നതിലൂടെയും ഉണ്ടാകുന്ന പരമമായ ആനന്ദമാണ്.

Similar Posts

  • സാഹോദര്യത്തിന്റെ മാസം

    മുഅ്മിനീങ്ങൾക്കിടയിലെ ഏറ്റവും ശക്തമായ ബന്ധം ആദർശ പരമായ സാഹോദര്യമാണ്. മുസ്ലിമീങ്ങൾ വിവിധ രാജ്യക്കാരാണെങ്കിലും വ്യത്യസ്‌ത വംശങ്ങളിലും ഗോത്രങ്ങളിലും പെട്ടവരുമാണെങ്കിലും ഈ ബന്ധം അവരെ പരസ്പ്‌പരം ഒന്നിപ്പിക്കുന്നു. പരസ്‌പരബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുകയും ഊഷ്‌മളമാക്കുകയും ചെയ്യേണ്ട വിശുദ്ധമായ മാസമാണ് റമദാൻ. നോമ്പിലൂടെയും ദാനധർമ്മങ്ങളിലൂടെയും ഇഫ്‌താറിലൂടെയും എല്ലാം സാഹോദര്യം നിലനിർത്താനുള്ള വിവിധ സാഹചര്യങ്ങളെ അല്ലാഹു റമളാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. സാഹോദര്യത്തിന്റെ പ്രാധാന്യം [إِنَّمَا الْمُؤْمِنُونَ إِخْوَةٌ} [الحجرات: :10 (സഹോദരങ്ങളാണ്.) സാഹോദര്യത്തിന് അതിർവരമ്പുകൾ ഇല്ല എന്നും വംശ വർണ്ണ വൈവിധ്യങ്ങളോ കുടുംബ പരിഗണനകളോ…

  • സകാത്ത് 

    വിശുദ്ധ ഇസ്ലാമിൻ്റെ ഫർളുകളിൽ പ്രധാനപ്പെട്ടതാണ് സക്കാത്ത്.അല്ലാഹു നമുക്ക് നൽകിയ സാമ്പത്തികമായ അനുഗ്രഹങ്ങളിൽ അല്ലാഹു നിർബന്ധമാക്കിയിരിക്കുന്ന ഇബാദത്താണ് സക്കാത്ത് എന്നത്. നിസ്‌കാരം ഏത് പ്രകാരം നിർബന്ധമാണോ അതേപോലെതന്നെ ഫർളായ ഗണത്തിൽ വരുന്ന ഇബാദത്താണ് സക്കാത്ത്. പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം തൻറെ പ്രസിദ്ധമായ ഹദീസിൽ പഠിപ്പിക്കുന്നു. … بني الإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهَ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ കാര്യങ്ങളിന്മേലാണ് ഇസ്‌ലാം പടുത്തുയർത്തപ്പെട്ടിരിക്കുന്നത്: അല്ലാഹു അല്ലാതെ…

  • തഹജ്ജുദ് : വിശ്വാസിയുടെ ആത്മീയ കരുത്ത്

    രാത്രിനമസ്‌കാരം വിശ്വാസിക്ക് നൽകുന്ന ഗുണങ്ങളും ശ്രേഷ്ഠതകളും എണ്ണമറ്റതാണ്.ജനങ്ങൾ എല്ലാം ഉറങ്ങുന്ന സമയത്ത് എഴുന്നേറ്റിരുന്ന് അല്ലാഹുവിൻറെ മുമ്പിൽ മുനാജാത്തിന് നിൽക്കുന്ന ഒരു വ്യക്തി ശാരീരികമായും മാനസികമായും അനുഭവിക്കുന്ന ആത്മീയമായ ഉന്നതി വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിനപ്പുറത്താണ്.അതിനാൽ തന്നെ വിശുദ്ധ ഇസ്ലാമിൽ ഈ അമലിന് വലിയ പ്രാധാന്യമുണ്ട്.ആത്മീയമായ കരുത്ത് ഏറെ ആവശ്യമുണ്ടായിരുന്ന ഇസ്‌ലാമിന്റെ പ്രാരംഭഘട്ടത്തിൽ ഇത് സഹാബാക്കൾക്ക് നിർബന്ധമായിരുന്നു എന്നതുതന്നെ ഇതിന്റെ പ്രാധാന്യത്തിന്റെ തെളിവാണ്. മക്കയിൽ ഇസ്‌ലാമിക നിയമങ്ങൾ പൂർണ്ണമാകുന്നതിനും മുമ്പ് തന്നെ നബി ﷺ യോട് രാത്രിയിൽ എഴുന്നേറ്റ് നമസ്‌കരിക്കാൻ…

  • പാപമോചനത്തിൻ്റെ വഴികൾ

    റമദാൻ പാപമോചനത്തിൻ്റെ മാസമാണ്. ഭയഭക്തിയുള്ള വിശ്വാസികളുടെ പാപങ്ങൾ അല്ലാഹുതആല റമദാനിലൂടെ പൊറുത്തു കൊടുക്കുന്നു. അതിലൂടെ അവരുടെ ശരീരങ്ങളെ നരകത്തിൽ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു.. ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനിൽ വ്രതമനുഷ്‌ഠിക്കുകയും രാത്രി നമസ്‌കരിക്കുകയും ചെയ്‌താൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും എന്നത് വളരെ പ്രസിദ്ധമായ പ്രവാചക വചനമാണല്ലോ. റമദാനിലെ പാപമോചനത്തിൻ്റെ കാരണങ്ങളിൽ നിന്ന് വിമുഖത കാണിക്കുകയും, റമദാൻ ലഭിച്ചിട്ടും പാപമോചനം നേടാതെ പോകുന്നവന് പിന്നെ എപ്പോഴാണ് അല്ലാഹുവിൻ്റെ മാപ്പും മഗ്‌ഫിറത്തും ലഭിക്കുക?! بَعْدَ عن الله…

  • പാപമോചനത്തിൻ്റെ വഴികൾ 2

    റസൂലിനെ പിന്തുടരൽ അല്ലാഹു പറയുന്നു: 31 : ) {قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبُكُمْ وَاللَّهُ غَفُورٌ رَّحِيمٌ “(നബിയേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യും.” പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പഠിപ്പിച്ച വിവിധ ജീവിതചര്യകളിലൂടെ പാപമോചനം അല്ലാഹു വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് ബാങ്ക് വിളിക്കുന്നതിലും നന്നായി വുളൂ ചെയ്യുന്നതിലും നബി…

  • നോമ്പും നാവിനെ സൂക്ഷിക്കലും

    ഇസ്ലാമിൻറെ കാഴ്ചപ്പാടിൽ നോമ്പ് എന്നത് ശാരീരികമായി മാത്രം അനുഭവിക്കേണ്ട ഒന്നല്ല.രാവിലെ മുതൽ വൈകുന്നേരം വരെ പാനീയങ്ങളും ഭോഗപരതയും എല്ലാം ഒഴിവാക്കി നോമ്പ് അനുഷ്ഠിക്കുന്ന ഒരു വ്യക്തി അവന്റെ നിർബന്ധ കടമ പൂർത്തിയാക്കുമെങ്കിലും അവൻ്റെ നാവിനെ ഹറാമുകളിൽ  നിന്നും അവൻ സംരക്ഷിക്കുന്നില്ലെങ്കിൽ നോമ്പിൻറെ പൂർണ്ണതയിലേക്ക് അവന് എത്താൻ കഴിയുകയില്ല. ആമാശയം ഭക്ഷണത്തിൽ നിന്ന് നോമ്പ് നോൽക്കുമ്പോൾ, നാവ് അനാവശ്യവും നിഷിദ്ധവുമായ സംസാരങ്ങളിൽ നിന്നും നോമ്പ് നോൽക്കേണ്ടതുണ്ട്. വിശ്വാസിയുടെ നോമ്പ് ഒരു പൂർണ്ണമായ ആരാധനയാകുന്നത് അവന്റെ നാവ് നിയന്ത്രിക്കപ്പെടുമ്പോൾ മാത്രമാണ്….

Leave a Reply

Your email address will not be published. Required fields are marked *